ജില്ലയെ ജലസമൃദ്ധമാക്കാന്‍ സംയുക്ത പദ്ധതി
മലപ്പുറം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ഭരണകൂടത്തിന്റെയും സംയുക്തപദ്ധതി നടപ്പാക്കുന്നു. ഈ വര്‍ഷം കടുത്ത വരള്‍ച്ച നേരിട്ട ജില്ലയെ ജലസമൃദ്ധമാക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. ഇതിനായി കോഴിക്കോട് സി.ഡബ്ല്യു.ആര്‍.ഡി.എമ്മിന്റെ സഹായത്തോടെ ജലസംരക്ഷണത്തിനായി സമഗ്ര മാസ്റ്റര്‍പ്ലാന്‍ തയാറാക്കും. പദ്ധതിക്കായി പത്തു ലക്ഷം രൂപ ജില്ലാ പഞ്ചായത്ത് നീക്കിവച്ചിട്ടുണ്ട്. ആറുമാസത്തിനകം മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി സമര്‍പ്പിക്കുവാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്.
ജില്ലാ പഞ്ചായത്തും ബ്ലോക്ക് പഞ്ചായത്തുകളും ഗ്രാമ പഞ്ചായത്തുകളും ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ വര്‍ഷം മികച്ച പരിഗണനയാണ് നല്‍കിയിരിക്കുന്നത്. ഇതു കൂടാതെ തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി പരമാവധി ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കും. ഭാരതപ്പുഴയുടെ വീണ്ടെടുപ്പിനായി 'നിള പുനര്‍ജനി' എന്ന പ്രത്യേക പദ്ധതിയും ഒലിപ്പുഴയുടെയും തിരൂര്‍ പുഴയുടെയും സംരക്ഷണത്തിനുമുള്ള പദ്ധതികളും നടപ്പാക്കും. ജലസംരക്ഷണ പ്രവര്‍ത്തനങ്ങളില്‍ പൊതുജന പങ്കാളിത്തം ഉറപ്പു വരുത്തുന്നതിനും ലക്ഷ്യമിടുന്നു. പൂക്കോട്ടൂര്‍ വില്ലേജിലെ മൈലാടി ക്വാറിയില്‍ തൊഴിലുറപ്പു പദ്ധതിയില്‍ പത്തു ലക്ഷത്തിലേറെ രൂപ ചെലവില്‍ തടയണ നിര്‍മിക്കും. ക്വാറി ജലം ശുദ്ധീകരിക്കുന്നതിനായി പ്രഷര്‍ ഫില്‍ട്ടറിന് നാലര ലക്ഷം രൂപ പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ പ്രദേശിക വികസന നിധിയില്‍ നിന്നും അനുവദിച്ചിട്ടുണ്ട്.
പദ്ധതി നടത്തിപ്പിന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയര്‍മാനും ജില്ലാ കലക്ടര്‍, ജില്ലാ പൊലിസ് മേധാവി എന്നിവര്‍ കോ-ചെയര്‍മാന്‍മാരും പെരിന്തല്‍മണ്ണ സബ്കലക്ടര്‍ വര്‍ക്കിങ് ചെയര്‍മാനുമായി ജില്ലാതല കമ്മിറ്റി രൂപീകരിച്ചു. എല്ലാ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരും ജില്ലാതല ഉദ്യോഗസ്ഥരും സി.ഡബ്ല്യു.ആര്‍.ഡി.എം, കാര്‍ഷിക കോളജ്, ജലനിധി എന്നീ സ്ഥാപനങ്ങളിലെ പ്രതിനിധികളും കമ്മിറ്റിയില്‍ അംഗങ്ങളാണ്. ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ ഡോ. അരുണ്‍ ജെ.ഒയാണ് പദ്ധതിയുടെ കോര്‍ഡിനേറ്റിങ് ഓഫിസര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."