പറപ്പൂരിലെ കൊലപാതകം; അഞ്ചുപേരെ പൊലിസ് അറസ്റ്റ് ചെയ്തു
വേങ്ങര: പറപ്പൂര്‍ പൊട്ടിപ്പാറയില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ തുടര്‍ന്നുണ്ടായ തര്‍ക്കത്തില്‍ മര്‍ദനമേറ്റ് പൂവളപ്പില്‍ കോയ കൊല്ലപ്പെട്ട കേസിലെ പ്രതികളായ സഹോദരങ്ങളുള്‍പ്പെടെ അഞ്ചു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. പൊട്ടിപ്പാറ സ്വദേശികളായ ചുള്ളിക്കാട്ടില്‍ നൗഫല്‍ (28), പയ്യാതൊടി അസ്‌കര്‍ (38), മൂരിക്കുന്നന്‍ അബ്ദുല്‍ ജബ്ബാര്‍ (34), സഹോദരന്‍ ഹക്കീം (30), വടക്കന്‍ മൊയ്തീന്‍ ഷാ എന്ന കുഞ്ഞ (42) എന്നിവരാണ്് അറസ്റ്റിലായത്. ജബ്ബാര്‍ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറിയും ജില്ലാ കമ്മിറ്റിയംഗവുമാണ്.
ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ നിന്നും വൈദ്യപരിശോധനക്കു ശേഷം മജിസ്‌ട്രേറ്റ് മുന്‍പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രതികള്‍ക്കെതിരെ കൊലപാതകം, സംഘംചേര്‍ന്ന് ആക്രമിക്കല്‍ എന്നീവകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്.
വ്യാഴാഴ്ച രാവിലെ പൊട്ടിപ്പാറയിലെ കാലിത്തീറ്റ ഗോഡൗണിനു മുന്‍പില്‍ ചരക്കു ലോറി നിര്‍ത്തി ലോഡ് ഇറക്കുന്നതിനതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ചുള്ളിക്കാട്ടില്‍ നൗഫലും കാലിത്തീറ്റ ഗോഡൗണിലെ ചരക്കിറക്ക് തൊഴിലാളിയായ പൂവളപ്പില്‍ കോയയും തമ്മില്‍ വാക്കേറ്റമുണ്ടായി. പ്രശ്‌നം നാട്ടുകാര്‍ ഇടപെട്ട് പരിഹരിച്ചിരുന്നു. തുടര്‍ന്ന് വെള്ളിയാഴ്ച ഉച്ചയോടെ പ്രതികള്‍ സംഘം ചേര്‍ന്നെത്തി കോയയെ ആക്രമിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ കോയയെ കോട്ടക്കല്‍ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി പത്തോടെ മരണപ്പെട്ടു. ഡി.വൈ.എസ്.പി ജലീല്‍ തോട്ടത്തില്‍, മലപ്പുറം സി.ഐ പ്രേംജിത്ത്, വേങ്ങര എസ്.ഐ സംഗീത് പുനത്തില്‍ എന്നിവര്‍ കേസ് അന്വേഷണത്തിനു നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."