പുതിയ ആരോഗ്യനയം അടുത്തമാസം: മന്ത്രി ശൈലജ
ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ പുതിയ ആരോഗ്യനയം അടുത്ത മാസം പ്രഖ്യാപിക്കുമെന്ന് മന്ത്രി കെ.കെ ശൈലജ. ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അവര്‍. കേരളത്തിലെ 170 പ്രാഥമികാരോഗ്യകേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി ഉയര്‍ത്തും. ഇതിനായി 650 തസ്തികകള്‍ പുതുതായി സൃഷ്ടിക്കും. അനുയാത്ര പദ്ധതിയുടെ ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി ഡോ. ഹാമിദ് അന്‍സാരിയെ ക്ഷണിക്കുന്നതിനായാണ് മന്ത്രി ഡല്‍ഹിയിലെത്തിയത്. ആരോഗ്യമേഖലയില്‍ കാതലായ മാറ്റങ്ങള്‍ക്ക് കാരണമാവുന്ന നയം ഡോ. ബി. ഇക്ബാലിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് തയാറാക്കിയത്.
ആര്‍ദ്രം മിഷനിലൂടെ സര്‍ക്കാര്‍ ആശുപത്രികളെ രോഗീസൗഹൃദമാക്കുന്നതിനുള്ള നടപടികള്‍ തുടര്‍ന്നുവരികയാണ്. ജനങ്ങള്‍ക്ക് ചെലവുകുറഞ്ഞ ചികിത്സാസംവിധാനം ലഭ്യമാക്കുക, ആരോഗ്യമേഖലയിലെ വെല്ലുവിളികള്‍ നേരിടുക തുടങ്ങിയവയാണ് സര്‍ക്കാരിന്റെ പ്രധാന കടമകള്‍.
1970ന് ശേഷം പ്രാഥമികാരോഗ്യകേന്ദ്രങ്ങള്‍ അവഗണിക്കപ്പെട്ടു. ഈ മേഖല സ്‌പെഷാലിറ്റി ചികിത്സയിലേക്ക് വഴിമാറി. ജീവിതശൈലീ രോഗങ്ങള്‍ ഉള്‍പ്പെടെയുള്ളവ പ്രതിരോധിക്കാന്‍ പുതിയ പദ്ധതികള്‍ ആവിഷ്‌ക്കരിക്കുമെന്നും മന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."