കര്‍ഷക സമരം പിന്‍വലിച്ചു
മുംബൈ: സംസ്ഥാനത്ത് പ്രഖ്യാപിച്ചിരുന്ന രണ്ടുദിവസത്തെ കര്‍ഷക സമരം പിന്‍വലിച്ചു. മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമായി കര്‍ഷകനേതാക്കള്‍ നടത്തിയ ചര്‍ച്ചയില്‍ തൊഴിലാളികളുടെ 70 ശതമാനം ആവശ്യങ്ങളും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നു. ഇതേതുടര്‍ന്നാണ് തൊഴിലാളികള്‍ പണിമുടക്കില്‍നിന്നു പിന്മാറിയത്.
കര്‍ഷകര്‍ മുന്നോട്ടുവച്ച ആവശ്യങ്ങളെ കുറിച്ച് പഠിക്കാന്‍ പ്രത്യേക സമിതിയെ ചുമതലപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ചെറുകിട കര്‍ഷകരുടെ കടങ്ങള്‍ ഒക്ടോബര്‍ 31ഓടെ എഴുതിത്തള്ളുമെന്നും മുഖ്യമന്ത്രി തൊഴിലാളി നേതാക്കള്‍ക്ക് ഉറപ്പുനല്‍കി. പാല്‍വില വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ ഈമാസം 20ന് സര്‍ക്കാര്‍ തീരുമാനമെടുക്കും.
വിവിധ ആവശ്യങ്ങളുന്നയിച്ച് മഹാരാഷ്ട്രയില്‍ ലക്ഷക്കണക്കിന് കര്‍ഷകര്‍ ചേര്‍ന്നു നടത്തിയ സമരം അക്രമാസക്തമായിരുന്നു. പലയിടത്തും അനിഷ്ടസംഭവങ്ങളും അരങ്ങേറി. ഇതേതുടര്‍ന്ന് കര്‍ഷകര്‍ക്കെതിരേ പൊലിസ് കലാപശ്രമത്തിന് കേസെടുത്തിരുന്നു. ഈ കേസ് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍ കര്‍ഷകനേതാക്കളെ അറിയിച്ചു. കര്‍ഷകകടം എഴുതിത്തള്ളുക, സൗജന്യ വൈദ്യുതി അനുവദിക്കുക, ഉല്‍പന്നങ്ങള്‍ക്ക് മതിയായ വില നല്‍കുക, 60 വയസില്‍ കൂടുതല്‍ പ്രായമുള്ള കര്‍ഷകര്‍ക്ക് പെന്‍ഷന്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാര്‍ ഉന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."