റോഡിലെ കുഴിയടയ്ക്കാനിട്ട കരിങ്കല്‍ തെറിച്ച് ഒരാള്‍ക്ക് പരുക്ക്
കൂത്താട്ടുകുളം: നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് എം.സി റോഡ് വഴി വരുന്ന തീര്‍ഥാടകരുടെ ശബരിമലയിലേക്കുള്ള പ്രധാന പാതയായ കൂത്താട്ടുകുളം-പാലാ റോഡില്‍ കുഴി അടയ്ക്കാന്‍ ഉപയോഗിച്ച പാറമക്കില്‍ നിന്നും കല്ല് തെറിച്ച് കൊണ്ട് ഒരാള്‍ക്ക് പരുക്ക്. ഇന്നലെ ടൗണില്‍ മീഡിയ കവലക്ക് സമീപം ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ആള്‍ക്കാണ് റോഡില്‍ നിന്നും വാഹനം കടന്നുപോയപ്പോള്‍ കല്ല് തെറിച്ച് കൊണ്ട് കൈയില്‍ സാരമായി പരുക്കേറ്റത്.
റോഡ് കുണ്ടും കുഴികളുമായി നാമാവശേഷമായതിനെ തുടര്‍ന്നുണ്ടായ പരാതികള്‍ക്ക് പരിഹാരമായി റോഡിലെ കുഴികളില്‍ നിക്ഷേപിച്ചിരിക്കുന്ന വലിയ പാറക്കല്ലുകള്‍ അടങ്ങുന്ന മിശ്രിതം വാഹന യാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും വിനയായിരിക്കുകയാണ്.
റോഡില്‍ ഇട്ടിരിക്കുന്ന മിശ്രിതത്തിന്റെ മുകളില്‍ കയറുന്ന ഇരുചക്ര വാഹനങ്ങള്‍ നിയന്ത്രണം വിടുന്നതായും വലിയ വാഹനങ്ങള്‍ പോകുമ്പോള്‍ കല്ലുകള്‍ വശങ്ങളിലേക്ക് തെറിക്കുന്നതായും പരാതി ഉണ്ട്. മാസങ്ങളായി തകര്‍ന്ന് കിടന്ന റോഡിലെ കുഴികളില്‍ ബുധനാഴ്ച ആണ് പാറക്കല്ലുകള്‍ അടങ്ങിയ മിശ്രിതം നിക്ഷേപിച്ചത്. ഏതാനും വര്‍ഷം മുമ്പ് ദേശീയപാത നിലവാരത്തില്‍ ഈ റോഡ് നവീകരിച്ചത്. എന്നാല്‍ കൂത്താട്ടുകുളം മീഡിയകവല മുതല്‍ മംഗലത്തു താഴം വരെയുള്ള രണ്ട് കിലോമീറ്റര്‍ ദൂരം കാല്‍നടയാത്ര പോലും ദുഷ്‌കരമാകുന്ന തരത്തില്‍ തകര്‍ന്നിട്ടുണ്ട്.
മീഡിയ കവല, മാരുതി കവല, മംഗലത്തുതാഴം ബി.ടി.സി കോളേജ് ഭാഗം എന്നിവിടങ്ങളില്‍ കുഴികള്‍ കിടങ്ങുകളായി മാറിയിട്ടുണ്ട്. പൂവക്കുളം, വെളിയന്നൂര്‍, രാമപുരം, കാരമല ഭാഗങ്ങളിലെ ക്വാറികളിലേക്ക് വരികയും പോകുകയും ചെയ്യുന്ന ടോറസ് ലോറികളാണ് റോഡിന്റെ തകര്‍ച്ചക്ക് പ്രധാന കാരണം. ഓടകള്‍ ഇല്ലാത്ത ഭാഗങ്ങളിലും, മണ്ണ് വന്ന് മൂടിപ്പോയ ഭാഗങ്ങളിലുമാണ് വന്‍ കുഴികള്‍ രൂപപ്പെടുന്നത്.
നാട്ടുകാരും വിവിധ സംഘടനകളും നിരന്തരം ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ താല്‍ക്കാലിക പരിഹാരങ്ങള്‍ മാത്രമാണ് ചെയ്യുന്നത്. ചില ക്വാറിക്കാരുടെ സഹായത്താല്‍ രണ്ട് ലോഡ് പാറ മാലിന്യം കൊണ്ടുവന്ന് വലിയ കിടങ്ങുകള്‍ മുടി ജനങ്ങളുടെ കണ്ണില്‍ പൊടി ഇടുന്ന പ്രവണത തുടരുകയാണ്. റോഡിലെ കുഴികളില്‍ നിക്ഷേപിച്ചിരിക്കുന്ന മിശ്രിതം കോരിമാറ്റി ശാശ്വത പരിഹാരം കാണണം എന്ന് ജനങ്ങള്‍ ആവശ്യപ്പെടുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."