മെഡിക്കല്‍ കോളജില്‍ വികസന സമിതി യോഗം ചേര്‍ന്നിട്ട് മൂന്നാണ്ട്
വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് മെഡിക്കല്‍ കോളജില്‍ ഭരണകൂടം പ്രഖ്യാപിച്ച കോടികളുടെ വികസന പ്രവര്‍ത്തനങ്ങള്‍ കടലാസിലൊതുങ്ങുകയും മികച്ച സേവനം ലഭിയ്ക്കാതെ സാധാരണക്കാരായ ജനങ്ങള്‍ ദുരിതത്തില്‍ കഴിയുകയും ചെയ്യുമ്പോഴും ആശുപത്രി വികസന സമിതി യോഗം പോലും വിളിച്ചു കൂട്ടാതെ ഒളിച്ചു കളിച്ചു സര്‍ക്കാരും മെഡിക്കല്‍ കോളജ് അധികൃതരും.
കഴിഞ്ഞ മൂന്നു വര്‍ഷമായി സമിതി യോഗം നടന്നിട്ടില്ല. ഇടതു സര്‍ക്കാര്‍ അധികാരമേറ്റ ശേഷം സമിതി പുനസംഘടിപ്പിക്കാന്‍ ഉണ്ടായ കാലതാമസമാണ് വന്‍ പ്രതിസന്ധിയായത്. ആറു മാസം മുമ്പു പുനഃസംഘടന നടന്നെങ്കിലും ഇതുവരെ ഒരു യോഗം പോലും വിളിച്ചു ചേര്‍ത്തിട്ടില്ലെന്നു ആശുപത്രി വികസന സമിതി അംഗവും ഡി.സി.സി വൈസ് പ്രസിഡന്റുമായ രാജേന്ദ്രന്‍ അരങ്ങത്ത് പറയുന്നു.
ജീവനക്കാരുടെ കുറവ് മൂലം മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനം താളം തെറ്റുന്ന അവസ്ഥയാണ്. താല്‍ക്കാലിക ജീവനക്കാരെ നിയമിക്കുന്നതുള്‍പ്പെടെയുള്ള നിരവധി പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്തു പരിഹാരം കാണാനുള്ളപ്പോഴും അധികൃതര്‍ ഒളിച്ചു കളിക്കുകയാണ്.
കലക്ടര്‍ ചെയര്‍മാനായുള്ള എക്‌സിക്യൂട്ടീവ് കമ്മിറ്റി എടുക്കുന്ന തീരുമാനങ്ങള്‍ക്കു പോലും ആറു മാസത്തിനകം എച്ച്.ഡി.എസ് കമ്മിറ്റിയുടെ അംഗീകാരം വാങ്ങണമെന്നാണു ചട്ടം. ഇതും അട്ടിമറിക്കപ്പെടുകയാണെന്നും രാജേന്ദ്രന്‍ കുറ്റപ്പെടുത്തി. അടിയന്തരമായി യോഗം വിളിച്ചു ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് ജില്ലാ കലക്ടര്‍ ടി.വി അനുപമയ്ക്ക് കത്ത് നല്‍കി. നടപടി ഉണ്ടായില്ലെങ്കില്‍ പ്രക്ഷോഭം നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."