പ്രളയത്തിനറിയുമോ ഈ ഉമ്മയുടെയും ഉപ്പയുടെയും നഷ്ടത്തിന്റെ വില?: ഉരുള്‍പൊട്ടല്‍ കവര്‍ന്നത് പതിമൂന്നു വര്‍ഷം കാത്തിരുന്നുകിട്ടിയ പൊന്നുമോനെ: നെഞ്ചുപൊട്ടി മുനീറയും ഭര്‍ത്താവും
കല്‍പ്പറ്റ: ആറ്റുനോറ്റിരുന്ന് കിട്ടിയ പൊന്നുമോനെ തൊട്ടിലില്‍ ഉറങ്ങാന്‍ കിടത്തുമ്പോള്‍ മുനീറ ഓര്‍ത്തില്ല, അവന്‍ മരണത്തിലേക്കുള്ള ഉറക്കത്തിന്റെ ആരംഭത്തിലായിരുന്നുവെന്ന്. ഇനിയൊരിക്കലും ആ കുഞ്ഞുമിഴികള്‍ തുറക്കില്ലെന്ന്. ഉമ്മാ എന്ന വിളിയൊച്ച കേള്‍ക്കില്ലെന്ന്.
കഴിഞ്ഞ ദിവസം മേപ്പാടി നെല്ലിമുണ്ടയിലുണ്ടായ ഉരുള്‍പൊട്ടലില്‍ മരിച്ച മൂന്നു വയസുകാരന്‍ മുഹമ്മദ് മെഹ്തസ്‌ന്റെ ഉമ്മയാണ് മുനീറ. മുനീറയേയും ഭര്‍ത്താവ് ഷൗക്കത്തിന്റെയും ജീവിതം പ്രളയം തിരിച്ചു നല്‍കിയത് ജീവന്റെ പാതിയായ കുഞ്ഞുമോന്റെ ജീവനെടുത്ത ശേഷമായിരുന്നു. പച്ചക്കാട്ടില്‍ നിന്ന് ആര്‍ത്തലച്ചെത്തിയ മലവെള്ളം പുത്തുമലയിലെ എസ്റ്റേറ്റ് കാന്റീനേയും നക്കിത്തുടച്ചു കടന്നുപോയപ്പോഴാണ് ഷൗക്കത്തും കുടുംബവും അതില്‍പെട്ടത്. അവരുടെ ഏക മകനും. ഷൗക്കത്തിനും മുനീറക്കും ജീവന്‍ തിരിച്ചുകിട്ടി. ഏക മകന്‍ മിസ്താഹിന്റെ ജീവന്ില്ലാത്ത ശരീരമാണ് തിരികെക്കിട്ടിയത്.
പതിമൂന്നു വര്‍ഷമാണവര്‍ ഒരു കുഞ്ഞിനുവേണ്ടി കാത്തിരുന്നത്. അതിനുശേഷം കിട്ടിയ കുഞ്ഞിനെയാണ് പെരുമഴ കവര്‍ന്നത്.
അന്ന് ജോലി അവധിയായിരുന്നു. എന്നാല്‍ എസ്‌റ്റേറ്റിലെ തൊഴിലാളിയായിരുന്ന ഷൗക്കത്ത് കാന്റീനിന്റെ നടത്തിപ്പുകൂടി ഏറ്റെടുത്തത് രണ്ടു മാസം മുന്‍പാണ്. ഇതോടെ താമസവും ഇവിടേക്കുമാറ്റി.
ബുധനാഴ്ച പ്രദേശത്ത് ചെറിയ ഉരുള്‍പൊട്ടലുണ്ടായിരുന്നു. അതോടെ കാന്റീനിലെ താമസം മതിയാക്കണമെന്നും തീരുമാനിച്ചിരുന്നതാണിവര്‍. എന്നാല്‍ വ്യാഴാഴ്ച രാവിലെ പതിവിലേറെപ്പേര്‍ കാന്റീനില്‍ ഭക്ഷണത്തിനായെത്തി. ദുരിതാശ്വാസ ക്യാംപില്‍ സേവനത്തിനായെത്തിയവരായിരുന്നു ഭക്ഷണം കഴിക്കാനെത്തിയിരുന്നത്. ഇതുകൊണ്ടാണ് മാറി താമസിക്കാന്‍ വൈകിപ്പോയത്. അതിനു കൊടുക്കേണ്ടിവന്ന വില ഇത്ര വലുതാകുമെന്നറിഞ്ഞിരുന്നില്ലല്ലോ. പറഞ്ഞു നിര്‍ത്താനാകാതെ മുനീറ വിതുമ്പുന്നു. ഷൗക്കത്തും തൊണ്ടയിടറി കണ്ണുകള്‍ തുടക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."