ജനപ്രതിനിധികളെ ക്ഷണിച്ചില്ല; മെട്രോ സൗരോര്‍ജ പദ്ധതി ഉദ്ഘാടനം അവസാന നിമിഷം ഒഴിവാക്കി
കൊച്ചി: ജില്ലയിലെ എം.എല്‍.എമാരെ ക്ഷണിക്കാത്തത് വിവാദമായതിനെ തുടര്‍ന്ന് കൊച്ചി മെട്രോ റെയിലിന്റെ ഭാഗമായുള്ള സൗരോര്‍ജ പദ്ധതി കണ്‍ട്രോള്‍ പാനല്‍ ഉദ്ഘാടനം മുഖ്യമന്ത്രി അവസാന നിമിഷം വേണ്ടെന്നുവച്ചു. ഇന്നലെ പാലാരിവട്ടത്തുനിന്ന് മെട്രോയില്‍ കന്നിയാത്ര നടത്തിയ മുഖ്യമന്ത്രി ആലുവ മെട്രോ സ്റ്റേഷനില്‍വച്ച് സൗരോര്‍ജ പദ്ധതി സ്വിച്ച് ഓണ്‍ ചെയ്യുമെന്നായിരുന്നു ധാരണ. എന്നാല്‍, ഈ ചടങ്ങിലേക്കും മുഖ്യമന്ത്രിയോടൊപ്പമുള്ള മെട്രോ യാത്രയിലും സ്ഥലം എം.എല്‍.എയായ അന്‍വര്‍ സാദത്തിനെയോ ജില്ലയിലെ മറ്റു ജനപ്രതിനിധികളെയോ കെ.എം.ആര്‍.എല്‍ ക്ഷണിച്ചിരുന്നില്ല. ഇതേത്തുടര്‍ന്ന് ആലുവയില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ വന്‍ പ്രതിഷേധം നടന്നു.
മുഖ്യമന്ത്രി ആലുവ സ്റ്റേഷനിലെത്തുന്നതിന് മുന്‍പ് യു.ഡി.എഫ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ആലുവ ബൈപ്പാസ് ജങ്ഷനിലുള്ള മെട്രോ സ്റ്റേഷനിലേക്ക് പ്രകടനം നടത്തി. പ്രകടനമായെത്തിയ പ്രവര്‍ത്തകരെ പൊലിസ് തടഞ്ഞു. ഇത് സംഘര്‍ഷത്തിനിടയാക്കി. പ്രവര്‍ത്തകരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. അന്‍പതോളം പ്രവര്‍ത്തകരെ പൊലിസ് അറസ്റ്റ് ചെയ്തു നീക്കുകയും ചെയ്തു. ഇതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് റോഡ് ഉപരോധിക്കുകയും ചെയ്തു. റോഡ് ഉപരോധിച്ചവരെ പൊലിസ് വലിച്ചിഴച്ച് നീക്കിയെന്ന് ആരോപിച്ച് അന്‍വര്‍ സാദത്ത് എം.എല്‍.എയുടെ നേതൃത്വത്തില്‍ ആലുവ പൊലിസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. അറസ്റ്റ് ചെയ്ത പ്രവര്‍ത്തകരെ പൊലിസ് ജാമ്യത്തില്‍ വിട്ടയച്ചതോടെയാണ് സംഘാര്‍ഷാവസ്ഥയ്ക്ക് അയവുവന്നത്.
അതിനിടെ, എം.എല്‍.എയടക്കമുള്ളവര്‍ മുഖ്യമന്ത്രിയെ പ്രതിഷേധം അറിയിച്ചു. തുടര്‍ന്ന് സൗരോര്‍ജ പദ്ധതിയുടെ പാനല്‍ സ്വിച്ച് ഓണ്‍ കര്‍മം മുഖ്യമന്ത്രി വേണ്ടെന്ന് വയ്ക്കുകയായിരുന്നു. എം.എല്‍ എ മാരെ ക്ഷണിക്കാതെ ചടങ്ങ് വിവാദമാക്കിയതിലെ അതൃപ്തി മുഖ്യമന്ത്രി കെ.എം.ആര്‍.എല്‍ അധികൃതരെ അറിയിക്കുകയും ചെയ്തു. പാലാരിവട്ടത്തുനിന്ന് മെട്രോ ട്രെയിനില്‍ ആലുവ സ്റ്റേഷനിലെത്തിയ മുഖ്യമന്ത്രി പദ്ധതി ഉദ്ഘാടനം ചെയ്യാതെ മടങ്ങുകയായിരുന്നു. യു.ഡി.എഫുകാരായ ജനപ്രതിനിധികളെ ഒഴിവാക്കിയെങ്കിലും സി.പി.എം ജില്ലാ സെക്രട്ടറി പി.രാജീവും മറ്റ് സി.പി.എം ജനപ്രതിനിധികളും മെട്രോയില്‍ മുഖ്യമന്ത്രിക്കൊപ്പം യാത്ര ചെയ്തിരുന്നു.
അതേസമയം, സോളാര്‍ പാനല്‍ സ്വിച്ച് ഓണ്‍ ഉദ്ഘാടനചടങ്ങ് ഒഴിവാക്കിയത് അനൗചിത്യം കണക്കിലെടുത്തെന്ന് കെ.എം.ആര്‍.എല്‍. പ്രധാനമന്ത്രി എത്തുന്നതിന് മുന്‍പ് മറ്റൊരു പൊതുപരിപാടി ശരിയല്ലെന്നുള്ളത് കൊണ്ടാണ് സൗരോര്‍ജ പദ്ധതി ഉദ്ഘാടന ചടങ്ങ് നടത്താതിരുന്നതെന്നാണ് കെ.എം.ആര്‍.എല്‍ വിശദീകരണം.
കൊച്ചി മെട്രോ ഈ മാസം 17ന് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനിരിക്കെ ഒരുക്കങ്ങള്‍ നേരിട്ടുകണ്ട് വിലയിരുത്തുന്നതിനാണ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി യാത്ര നടത്തിയതെന്ന് എം.ഡി ഏലിയാസ് ജോര്‍ജ് പറഞ്ഞു. ഔപചാരികമായി ഉദ്ഘാടനം നടന്നില്ലെങ്കിലും സൗരോര്‍ജ പദ്ധതി ഇന്നലെ മുതല്‍ പ്രവര്‍ത്തന ക്ഷമമായതായും കെ.എം.ആര്‍.എല്‍ അറിയിച്ചു.
സ്‌റ്റേഷന്‍ കെട്ടിടങ്ങളില്‍ സ്ഥാപിച്ച സോളാര്‍ പാനലുകള്‍ വഴി 2.15 മെഗാ വാട്ട് വൈദ്യുതിയാണ് ഉല്‍പ്പാദിപ്പിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."