കശുവണ്ടി വ്യവസായത്തിന് വെല്ലുവിളിയായി വിയറ്റ്‌നാമില്‍നിന്നു ഇറക്കുമതി
കൊല്ലം: കശുവണ്ടി വ്യവസായത്തിന് പുതിയ വെല്ലുവിളിയായി കൊച്ചി തുറമുഖത്തേക്ക് വിയറ്റ്‌നാമില്‍ നിന്നുള്ള കശുവണ്ടിപരിപ്പ് ഇറക്കുമതി. ഗുണമേന്‍മയുള്ള പരിപ്പ് അമേരിക്കയിലേക്ക് അയക്കുകയും അമേരിക്കക്ക് വേണ്ടാത്ത പരിപ്പ് കാലിത്തീറ്റയെന്ന പേരില്‍ കൊച്ചിയില്‍ ഇറക്കുകയുമാണ് ചെയ്യുന്നത്.
കശുവണ്ടിയുടെ 'ക്യാപ്പിറ്റല്‍' എന്ന വിശേഷണത്തിനര്‍ഹത നേടിയ, ആദ്യമായി വ്യവസായ അടിസ്ഥാനത്തില്‍ തോട്ടണ്ടി സംസ്‌കരിച്ചു വിദേശത്തേയ്ക്ക് കയറ്റി അയച്ച കൊച്ചി തുറമുഖത്തു ഇന്നു വിയറ്റനാംകാരന്റെ കശുവണ്ടി പരിപ്പ് കയറ്റിയ കണ്ടയ്‌നറുകള്‍ വന്നടുക്കുകയാണ്. 2016 ഏപ്രില്‍ മുതല്‍ 2017 ജനുവരി വരെ 3018 എം.ടി കശുവണ്ടിപരിപ്പാണ് കൊച്ചി തുറമുഖത്ത് സ്‌പെഷ്യല്‍ ഇക്കണോമിക് സോണ്‍ വഴി വന്നിറങ്ങിയത്. 157.16 കോടി രൂപയുടെ പരിപ്പു എത്തിക്കഴിഞ്ഞു.
2016-ല്‍ 100 കോടി രൂപയുടെ 2307 ടണ്‍ പരിപ്പാണ് ഇറക്കിയത്. ഈ വര്‍ഷം കൊണ്ട് 1000 മെട്രിക് ടണ്ണിന്റെ വര്‍ധനവാണ് ഇറക്കുമതിയില്‍ കാണുന്നത്. ശരാശരി ഒരു മാസം ഇറക്കുന്ന 210 ടണ്‍ പരിപ്പിന് ഏകദേശം 15 കോടി രുപയുടെ വിലവരും. വിയറ്റ്‌നാമില്‍ പ്രൊഡക്ഷന്‍ ചാര്‍ജ് കുറവും വ്യവസായത്തിന് വന്‍ ഇളവും യന്ത്രവല്‍ക്കരണവും നിലനില്‍ക്കുന്നതിനാലാണ് പരിപ്പ് വിലകുറച്ച് വില്‍ക്കാന്‍ അവര്‍ക്കു സാധിക്കുന്നത്.
വിയറ്റ്‌നാമില്‍ വ്യവസായം തുടങ്ങിയ കേരളത്തിലെ കശുവണ്ടി വ്യവസായികള്‍ പരിപ്പ് ഇന്ത്യയിലേയ്ക്ക് കയറ്റി അയച്ച് കേരളത്തിലെ പരിപ്പുമായി ഇടകലര്‍ത്തി ഇന്ത്യന്‍ പരിപ്പായിട്ടാണ് വിദേശത്തേക്ക് കയറ്റി അയക്കുന്നത് . ഇങ്ങനെ ചെയ്യുമ്പോള്‍ അതിന് മാര്‍ക്കറ്റില്‍ കൂടുതല്‍ ലഭിക്കുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു. കശുവണ്ടി ഇറക്കുമതിയോട് വ്യവസായികള്‍ക്ക് താല്‍പരപര്യമുണ്ടാകാനുള്ള കാരണവും ഇതാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."