ബൈക്കില്‍ ലോറിയിടിച്ച് ഗൃഹനാഥന്‍ ദാരുണമായി മരിച്ചു
കുണിയ(കാസര്‍കോട്): പള്ളിയില്‍ നിന്നും തറാവീഹ് നിസ്‌കാരം കഴിഞ്ഞ് മടങ്ങുന്നതിനിടെ ബൈക്കില്‍ ലോറിയിടിച്ച് ഗൃഹനാഥന്‍ മരിച്ചു. കുണിയ കൂണ്ടൂരിലെ പരേതരായ അന്തുഞ്ഞി -ആമിന ദമ്പതികളുടെ മകന്‍ എ.കെ മഹ്മൂദാണ്(67) ദാരുണമായി മരിച്ചത്. കഴിഞ്ഞ ദിവസം രാത്രി 9.45 ഓടെയാണ് നാടിനെ നടുക്കിയ അപകടം.
കുണിയ ജുമാമസ്ജിദില്‍ നിന്നും തറാവീഹ് നിസ്‌കാരം കഴിഞ്ഞ് വീട്ടിലേക്ക് പോവുകയായിരുന്ന മഹ്മൂദ് സഞ്ചരിച്ച ബൈക്കിന് പിറകില്‍ മംഗളൂരു ഭാഗത്ത് നിന്നും ഇരുമ്പു കയറ്റി വന്ന കെ.എ 22 ബി 9427 എന്ന നമ്പറിലുള്ള ടോറസ് ലോറി ഇടിക്കുകയായിരുന്നു.
ദേശീയപാതയില്‍ കുണിയ ഗവ. ഹയര്‍ സെക്കന്ററി സ്‌കൂളിന് മുന്നില്‍ വച്ചാണ് അപകടം നടന്നത്. ഇടിയുടെ ആഘാതത്തില്‍ മഹ്മൂദ് സഞ്ചരിച്ച ബൈക്ക് ദൂരേക്ക് തെറിക്കുകയും മഹ്മൂദ് പാതയില്‍ വീഴുകയുമായിരുന്നു. പാതയില്‍ വീണ മഹ്മൂദ് ലോറിക്കടിയില്‍ കുടുങ്ങുകയും ഇയാളെ ലോറി പത്തു മീറ്ററിലധികം ദൂരേക്ക് വലിച്ചു കൊണ്ടുപോകുകയും ചെയ്തു. ലോറി ഡ്രൈവറുടെ അശ്രദ്ധയും വേഗതയുമാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.
നെഞ്ചിനും വയറിനും മാരകമായി പരുക്കേറ്റ മഹ്മൂദ് സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നതിനാല്‍ തലക്കും മുഖത്തും ക്ഷതമേറ്റിരുന്നില്ല. അപകട സ്ഥലത്തിന് ഇരുന്നൂറു മീറ്ററോളം അകലെ പാതയോരത്ത് ലോറി ഉപേക്ഷിച്ച് ഡ്രൈവറും ക്ലീനറും ഓടി രക്ഷപ്പെട്ടു. ബേക്കല്‍ പൊലിസ് സ്ഥലത്തെത്തി ലോറി കസ്റ്റഡിയിലെടുത്തു. പൊലിസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി.
മൃതദേഹം ഇന്ന് ഉച്ചക്ക് 3.30 ഓടെ വന്‍ ജനാവലിയുടെ സാന്നിധ്യത്തില്‍ കുണിയ ജുമാമസ്ജിദ് പരിസരത്ത് ഖബറടക്കി. ഭാര്യ: കുഞ്ഞിബി. മക്കള്‍: നാസര്‍, ജുവൈരിയ, സൗദ, സകരിയ്യ, ആരിഫ. മരുമക്കള്‍ മുത്തലിബ്, ശരീഫ്,അഷ്‌റഫ്, ശാമില, സമീന. സഹോദരങ്ങള്‍: എ.കെ അബ്ദുര്‍ റഹ്മാന്‍, സൈനബ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."