ഗതാഗത നിയന്ത്രണം അറിഞ്ഞില്ല ; 106 ട്രയിലറുകള്‍ ദേശീയപാതയില്‍ കുടുങ്ങി
ആലപ്പുഴ: നഗരത്തിന് സമീപം ദേശീയപാതയിലെ ഗതാഗത നിയന്ത്രണം അറിയാതെ എത്തിയ ട്രയിലറുകള്‍ വഴിയില്‍ കുടുങ്ങി.
ദേശീയ പാതയില്‍ ശവക്കോട്ട പാലം ജങ്ഷനില്‍ ഇന്റര്‍ ലോക്കിങ് ടൈല്‍സ് പതിക്കുന്നതിനെ തുടര്‍ന്നാണ് കഴിഞ്ഞ ഞായറാഴ്ച രാത്രി മുതല്‍ ദേശീയപാതയില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയത്. ഇതറിയാതെ ദേശീയപാതയിലൂടെ വന്ന ട്രയിലറുകള്‍ പെരുവഴിയിലായി. 106 ട്രയിലറുകളാണ് വഴിയില്‍ കുടങ്ങി കിടക്കുന്നത്.
ഞായറാഴ്ച രാത്രി മുതല്‍ ഒരാഴ്ച കാലത്തേക്കാണ് ആലപ്പുഴ നഗരത്തില്‍ ഗതാഗത ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളം ഭാഗത്തു നിന്നും വരുന്ന വാഹനങ്ങള്‍ ദേശീയപാതയില്‍ പാതിരാപ്പള്ളി ജങ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പോകണം. കൊല്ലം ഭാഗത്തു നിന്നും എത്തുന്ന വാഹനങ്ങള്‍ കോണ്‍വെന്റ് സ്‌ക്വയറില്‍ നിന്നും വലത്തോട്ടു തിരിഞ്ഞ് കൊമ്മാടി ജങ്ഷനിലെത്തിയാണ് യാത്ര തുടരേണ്ടത്. എന്നാല്‍ ഇതറിയാതെയാണ് രാത്രിയില്‍ ട്രയിലറുകള്‍ കൂട്ടമായെത്തിയത്. 106 ട്രയിലറുകളാണ് കൊമ്മാടി മുതല്‍ തുമ്പോളി വരെ നീണ്ടു കിടക്കുന്നത്.
ട്രയിലറുകള്‍ ട്രയിനായതോടെ റോഡിന്റെ ഒരുവശത്തെ ഗതാഗതം തടസപ്പെട്ട നിലയിലാണ്. ഹരിയാന മഹാരാഷ്ട്ര തുടങ്ങി വിവിധ വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങളാണ് കുടുങ്ങി കിടക്കുന്നത്. ട്രയിലറുകളില്‍ വിവിധ ഷോറുമകളിലേക്ക് വില്‍പ്പനയ്ക്കായി കൊണ്ടു വന്ന പുതിയ വാഹനങ്ങളാണ്.
ട്രയിലറുകള്‍ ഉള്‍പ്പടെ വലിയ ചരക്കു വാഹനങ്ങള്‍ ആലപ്പുഴയിലേയ്ക്ക് കടത്തി വിടരുതെന്ന നിര്‍ദേശം കൊച്ചിയിലേയ്ക്ക് ഞായറാഴ്ച അധികൃതര്‍ നല്‍കാതിരുന്നതാണ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയത്.
വന്‍തോതില്‍ ട്രയിലറുകള്‍ എത്തിയതോടെ പൊലിസും കുഴങ്ങി. ഇവ തിരിക്കാന്‍ വലിയ സ്ഥലം ആവശ്യമാണെന്നതിനാല്‍ എളുപ്പത്തില്‍ പ്രശ്‌നം പരിഹരിക്കാന്‍ കഴിയാത്ത അവസ്ഥിലാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."