മുഹമ്മദ്ക്കയുടെ മനമുരുകിയ തേങ്ങല്‍ കേട്ട് വിദ്യാര്‍ഥികള്‍; താമസിക്കാന്‍ വീടൊരുക്കുമെന്ന് പറയാന്‍ അവര്‍ നേരിട്ടെത്തി
മേപ്പാടി: പ്രളയം ഏറെ നാശം വിതച്ച ജില്ലകളിലൊന്നായ വയനാട്ടില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് തങ്ങളുടെ ഭാവിജീവിതം എന്താകുമെന്ന് ഇനിയും ബോധ്യമില്ല. ദുതിതാശ്വാസ ക്യാംപുകളില്‍ നിന്ന് തിരിച്ചുപോയാല്‍ കയറിച്ചെല്ലാന്‍ ഒരു കൂരപോലുമില്ലാത്ത നിരവധി പേരാണ് ഇവിടെയുള്ളത്. ഈ ചിന്തകളെല്ലാം ഉലച്ചുകൊണ്ട് ഉള്ളുപൊട്ടിയ ഒരു തേങ്ങല്‍ മേപ്പാടി ഹൈസ്‌കൂളിലെ ദുരിതാശ്വാസ ക്യാംപില്‍ നിന്നും ദൃശ്യമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു. ഉരുള്‍പൊട്ടലില്‍ ആകെയുണ്ടായിരുന്ന 20സെന്റ് സ്ഥലവും വീടും നഷ്ടപ്പെട്ട കിളിയന്‍ കുന്നത്ത് മുഹമ്മദിന്റെ(55) കരച്ചില്‍.
എന്നാല്‍ നന്‍മവറ്റാത്ത ഒരുകൂട്ടം വിദ്യാര്‍ഥികള്‍ ഇന്ന് മുഹമ്മദിന്റെയും കുടുംബത്തിന്റെയും അടുത്തെത്തി ചേര്‍ത്തുപിടിച്ച് പറഞ്ഞു: ''നിങ്ങള്‍ക്ക് ഒന്നും നഷ്ടമായിട്ടില്ല, താമസിക്കാനുള്ള വീട് ഞങ്ങള്‍ നിര്‍മിച്ചു നല്‍കാം''. കണ്ണുനീരോടെ കേട്ടുനില്‍ക്കാനല്ലാതെ മുഹമ്മദിനും ഭാര്യക്കും മകള്‍ക്കും മറുപടി പറയാന്‍ വാക്കുകളുണ്ടായിരുന്നില്ല. കോഴിക്കോട്ട് ഹൈലൈറ്റ് സിറ്റിയിലെ അല്‍ഹംറ കോളജിലെ ഒരുകൂട്ടം വിദ്യാര്‍ഥികളും അധ്യാപകരുമാണ് മുഹമ്മദ് ഉള്‍പ്പെടെ പത്ത് പേര്‍ക്ക് വീട് നിര്‍മിച്ച് നല്‍കാന്‍ സന്നദ്ധരായി മുന്നോട്ടുവന്നിരിക്കുന്നത്.
കോളജിലെ വിദ്യാര്‍ഥിനികളായ റാണ റസ്ലാനയും ഹിബയും റഹീനയും ഹുദയും ഉള്‍പ്പെട്ട 11 അംഗ സംഘമാണ് ഇന്ന് മുഹമ്മദിനെയും കുടുംബത്തിനെയും കാണാന്‍ ദുരിതാശ്വാസ ക്യാംപിലെത്തിയത്. കോളജിന്റെ നേതൃത്വത്തില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഇതുവരേ നടന്നിട്ടുണ്ട്. ദുരിതബാധിതരായ പതിനായിരങ്ങള്‍ക്ക് ഇവര്‍ ഭക്ഷണം വിതരണവും നടത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."