ജീവന്‍ രക്ഷിക്കാന്‍ ഇനി ആലപ്പുഴയില്‍ എയര്‍ ആംബുലന്‍സും
അമ്പലപ്പുഴ: തെക്കന്‍ കേരളത്തിലെ ആദ്യത്തെ എയര്‍ ആംബുലന്‍സ് നിരത്തിലിറങ്ങി. അപകടത്തില്‍പെട്ട നയനയെ എറണാകുളത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചത് 40 മിനിറ്റുകള്‍ കൊണ്ട്. വണ്ടാനം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന 'ലൈഫ് എമര്‍ജന്‍സി സര്‍വീസ്' എന്ന് നാമകരണം ചെയ്തിട്ടുള്ള എയര്‍ ആംബുലന്‍സാണ് 40 മിനിറ്റുകള്‍ കൊണ്ട് അപകടത്തില്‍പെട്ടയാളെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍നിന്നും എറണാകുളത്തെ സ്വകാര്യാശുപത്രിയിലെത്തിച്ചത്.
ദേശീയപാതയില്‍ നവരാക്കല്‍ ഭാഗത്ത് വെച്ച് ഭര്‍ത്താവുമൊത്ത് ബൈക്കില്‍ സഞ്ചരിക്കവെ കെ.എസ്.ആര്‍.ടി.സി ബസിടിച്ച് ഗുരുതരമായി പരിക്കേറ്റ പുറക്കാട് കരൂര്‍ കൊട്ടവക്കാട്ടില്‍ ജിത്തിന്റെ ഭാര്യ നയന (25)യ്ക്കാണ് എയര്‍ ആംബുലന്‍സിന്റെ സേവനംമൂലം ജീവന്‍ രക്ഷിക്കാനായത്. ആധുനിക രീതിയില്‍ സൂപ്പര്‍ സ്‌പെഷ്യാലിറ്റി സൗകര്യങ്ങളോടുകൂടിയ ഈ ആബുലന്‍സില്‍ ജനിച്ചു വീഴുന്ന നവജാത ശിശുക്കളെ ചികത്സിക്കുവാന്‍ ആശുപത്രിയിലുള്ളതുപോലുള്ള സംവിധാനമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന വെന്റിലേറ്റര്‍, അത്യാസന്ന രോഗികള്‍ക്ക് കുത്തിവയ്പ്പ് നല്‍കുവാനുള്ള സൗകാര്യം തുടങ്ങി ആംബുലന്‍സില്‍ കയറ്റുന്ന രോഗിയെ ആശുപത്രിയില്‍ എത്തിക്കാനുള്ള എല്ലാ ജീവന്‍ രക്ഷാസംവിധാനങ്ങളും എയര്‍ ആംബുലന്‍സില്‍ സജീകരിച്ചിട്ടുണ്ട്.
വാഹന അപകടത്തില്‍ നട്ടല്ലിനും തലയ്ക്കും ഗുരുതരമായി പരിക്കേറ്റ നയനയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രില്‍നിന്നും സൂപ്പര്‍ സ്‌പെഷ്യാല്‍റ്റി ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് എയര്‍ ആംബുലന്‍സിന്റെ സഹായം തേടിയത്. ഗതാഗത കുരുക്കുകളും മറികടന്ന് 40 മിനിറ്റ് കൊണ്ട് എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചാണ് കന്നി ഓട്ടം വിജയകരമാക്കിയത്. കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള എയര്‍ ആംബുലന്‍സിന്റെ ആദ്യ യാത്രയായിരുന്നു ഇത്.
24 മണിക്കൂറും സേവനരംഗത്ത് ഉണ്ടാകുമെന്ന് ഡ്രൈവര്‍ മനീഷും എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ രാജേഷും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."