കലിയടങ്ങാതെ കടല്‍; രണ്ട് വീടുകള്‍ കൂടി തകര്‍ന്നു
അമ്പലപ്പുഴ: കടല്‍ക്ഷോഭത്തെ തുടര്‍ന്ന് രണ്ട് വീടുകള്‍ കൂടി തകര്‍ന്നു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനഞ്ചാം വാര്‍ഡ് വളഞ്ഞ വഴി പുതുവലില്‍ ശിവദാസന്‍, ലൈല ഹക്കീം എന്നിവരുടെ വീടുകളാണ് തകര്‍ന്നത്.
സമീപത്തെ ചന്ദ്രബാബു, ഉമ്മര്‍കുട്ടി, സന്തോഷ് എന്നിവരുടെ വീടുകള്‍ ഉള്‍പ്പെടെ പത്തോളം വീടുകളാണ് തകര്‍ച്ചാഭീഷണി നേരിടുന്നത്. ചന്ദ്രബാബുവിന്റെയും ഉമ്മര്‍ കുട്ടിയുടേയും വീടുകളുടെ മുകളിലേക്ക് തെങ്ങുകള്‍ കടപുഴുകി വീണു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കടല്‍ക്ഷോഭം ഉണ്ടായിരുന്നങ്കിലും കഴിഞ്ഞ ദിവസം രാത്രിയോടെയാണ് കടല്‍ ശക്തി പ്രാപിച്ചത്. പ്രദേശവാസികള്‍ ഒത്തുചേര്‍ന്ന് മണല്‍ചാക്ക് നിറച്ച് വീടുകള്‍ സംരക്ഷിക്കാനുള്ള ജോലികള്‍ നടത്തി വരവെയാണ് ശിവദാസിന്റെയും ലൈലയുടേയും വീടുകള്‍ തെങ്ങുകള്‍ വീണ് തകര്‍ന്നത്.
വീടുകള്‍ നഷ്ടപ്പെട്ട കുടുബങ്ങളും തകര്‍ച്ചാഭീഷണി നേരിടുന്ന കുടുബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറി. ശക്തമായ കടല്‍ക്ഷോഭത്തില്‍ ഒന്നാം വാര്‍ഡ് മാധവന്‍ മുക്കിന് സമീപത്തെ ഒരു വീട് കഴിഞ്ഞ ദിവസം തകര്‍ന്നിരുന്നു. കടല്‍ക്ഷോഭം ശക്തമായതോടെ പ്രദേശത്തെ വീടുകളിലെ ജനങ്ങള്‍ രാത്രിയില്‍ ഉറങ്ങാന്‍പോലും കഴിയാതെ പകച്ചു നില്‍ക്കുകയാണ്. അധികൃതരെത്തി ഇവരെ ദുരിതാശ്വസ ക്യാമ്പുകളിലേക്ക് മാറ്റണമെന്ന ആവശ്യം ശക്തമായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."