കേരളത്തില്‍ രണ്ടാം വിദ്യാഭ്യാസ വിപ്ലവം: സ്പീക്കര്‍
കണ്ണൂര്‍: സംസ്ഥാനത്ത് ആരംഭിച്ച പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം രണ്ടാം വിദ്യാഭ്യാസ വിപ്ലവത്തിനു തുടക്കം കുറിച്ചിരിക്കുകയാണെന്നു സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍. ആറളം ഫാം ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ജില്ലാ പഞ്ചായത്തിന്റെയും ശ്രീ ശങ്കരാചാര്യ കംപ്യൂട്ടര്‍ സെന്ററിന്റെയും ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന സൗജന്യ കംപ്യൂട്ടര്‍ വിദ്യാഭ്യാസ പദ്ധതി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഐക്യ കേരളപ്പിറവിക്കുശേഷം നാളിതുവരെ കണ്ടിട്ടില്ലാത്ത വിദ്യാഭ്യാസ പ്രചോദിതമായ പ്രവര്‍ത്തനങ്ങളാണു കേരളത്തില്‍ നടക്കുന്നത്. ഒട്ടേറെ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ ഏഴും പത്തും വിദ്യാര്‍ഥികള്‍ മാത്രമായി അടച്ചുപൂട്ടലിന്റെ വക്കിലായിരുന്നു. എന്നാല്‍ ഈവര്‍ഷം പുതുതായി വിദ്യാര്‍ഥികള്‍ ഈ സ്‌കൂളിലേക്ക് പോലും ഒഴുകിയെത്തുന്നതായാണു റിപ്പോര്‍ട്ടുകള്‍. പുതിയ കാലഘട്ടത്തിന്റെ ആവശ്യങ്ങള്‍ക്കും സാഹചര്യങ്ങള്‍ക്കും അനുസരിച്ച് വിദ്യാഭ്യാസ രീതിയില്‍ മാറ്റം വരേണ്ടതുണ്ട്. കാലഹരണപ്പെട്ട വിദ്യാഭ്യാസ സമ്പ്രദായത്തെ ഉയര്‍ന്ന നിലവാരമുള്ളതാക്കി മാറ്റുകയെന്ന വലിയ പ്രക്രിയയാണു സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. വിവര വിജ്ഞാന വ്യാപനത്തിന്റെ പുതിയ സാഹചര്യത്തില്‍ പഴയ രീതിയിലുള്ള പഠനം പ്രസക്തമല്ലാതായി. പരീക്ഷകള്‍ പോലും അപ്രസക്തമാകുകയാണ്. അറിവ് ലഭിക്കാന്‍ ഇന്ന് അധ്യാപകന്റെ സഹായം ആവശ്യമില്ലെന്നും സ്പീക്കര്‍ പറഞ്ഞു. ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് അധ്യക്ഷനായി. കലക്ടര്‍ മീര്‍ മുഹമ്മദലി മുഖ്യാതിഥിയായി. കെ. മഹേഷ് കുമാര്‍ പദ്ധതി വിശദീകരിച്ചു. പി.കെ ശ്രീമതി എം.പി, കെ. അബ്ദുല്‍ റസാഖ്, സുര്‍ജിത് ജയിംസ് സംസാരിച്ചു. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.പി ദിവ്യ, സ്റ്റാന്റിങ് കമ്മിറ്റി അധ്യക്ഷരായ കെ. ശോഭ, ടി.ടി റംല, വി.കെ സുരേഷ് ബാബു, അംഗങ്ങളായ അന്‍സാരി തില്ലങ്കേരി, അജിത് മാട്ടൂല്‍, സെക്രട്ടറി രാജന്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."