ഇതു ഖുര്‍ആന്റെ മാസം
പരിശുദ്ധ റമാദന്‍ വിശുദ്ധ ഖുര്‍ആന്റെ മാസമാണ്. ഈ മാസത്തെ അല്ലാഹു ഖുര്‍ആനിലൂടെ പരിചയപ്പെടുത്തിയതാണിത്. വിശുദ്ധ റമദാനിലെ ലൈലത്തുല്‍ ഖദ്‌റിന്റെ രാത്രിയാണു ഖുര്‍ആന്‍ അവതരിപ്പിച്ചത്. സൂറത്തുല്‍ അലഖിലെ ആദ്യത്തെ അഞ്ചു വചനങ്ങളാണ് ആദ്യമായി അവതരിച്ചത്. പ്രവാചകന്‍ മുഹമ്മദ് നബി (സ) മക്കയ്ക്കടുത്ത് ജബലുന്നൂര്‍ പര്‍വത ശിഖരത്തിലുള്ള ഹിറാ ഗുഹയില്‍ ധ്യാനത്തിലരുന്നപ്പോഴാണു ജിബ്‌രീല്‍ മാലാഖ പ്രത്യക്ഷപ്പെട്ട് ഖുര്‍ആന്‍ ഇറക്കിയത്. തുടര്‍ന്നു 23 വര്‍ഷം വിവിധഘട്ടങ്ങളില്‍ പ്രവാചകന്‍ മുഹമ്മദ് നബി (സ) ഖുര്‍ആന്റെ പിറവി പൂര്‍ത്തിയാക്കി.
അല്ലാഹു മനുഷ്യനു മാര്‍ഗ ദര്‍ശനം നല്‍കുവാനുള്ള പ്രധാന മാധ്യമമായാണു ഖുര്‍ആന്‍ അവതരിപ്പിച്ചത്. ഖുര്‍ആനു മുമ്പ് വിവിധ കാലഘട്ടങ്ങളില്‍ മൂന്നു ഗ്രന്ഥങ്ങള്‍ അവതരിപ്പിക്കപ്പെട്ടു. പ്രവാചകത്വം അവസാനിച്ചപ്പോള്‍ അവസാനം ഇറക്കപ്പെട്ട ഖുര്‍ആന്‍ മനുഷ്യ സമൂഹത്തിന്റെ എന്നന്നേക്കുമുള്ള മാര്‍ഗ ദര്‍ശക ഗ്രന്ഥമായി അല്ലാഹു അവതരിപ്പിച്ചു. മനുഷ്യന്‍ അവസാനിക്കുന്നതു വരെ മാര്‍ഗദര്‍ശനം തുടരേണ്ടത് അനിവാര്യമാണ്. പ്രവാചകനിലൂടെ അതവസാനിക്കുകയും ചെയ്തു. ഇതിനു പരിഹാരമായി സാര്‍വ ലൗകികത (മനുഷ്യനുള്ള കാലത്തോളം നിലനില്‍ക്കാനുള്ള കഴിവ്) നല്‍കി ഖുര്‍ആനിനെ അല്ലാഹു അനുഗ്രഹിച്ചു. ഇതോടെ മറ്റു ഗ്രന്ഥങ്ങുടെ പ്രാമാണികത അവസാനിച്ചു. ഇനി കാലങ്ങളെയും കുലങ്ങളെയും ഖുര്‍ആന്‍ ഉള്‍ക്കൊള്ളും. എല്ലാ കാലങ്ങള്‍ക്കും കുലങ്ങള്‍ക്കും നബിയുടെ സന്ദേശം മാര്‍ഗ ദര്‍ശനം നല്‍കും. ഈ സാര്‍വ ലൗകികത ഖുര്‍ആന്റെയും അതിന്റെ വിശദീകരണമായ നബിയുടെ സന്ദേശത്തിന്റെയും കാര്യത്തില്‍ 1400 വര്‍ഷങ്ങളായി ലോകത്തിനു ബോധ്യപ്പെട്ടിട്ടുണ്ട്.
സാമൂഹികവും മാനസികവും ബൗദ്ധികവുമായി വൈരുധ്യമുള്ള സമൂഹങ്ങളിലൂടെയാണു 14 നൂറ്റാണ്ടായി ഖുര്‍ആന്‍ കടന്നുപോയതെങ്കിലും ഖുര്‍ആന്‍ പറയുന്ന യാഥാര്‍ഥ്യങ്ങള്‍ ഒരിക്കല്‍പോലും ചോദ്യംചെയ്യപ്പെട്ടില്ല. മാത്രമല്ല, ഓരോ ഘട്ടത്തിലും പല യാഥാര്‍ഥ്യങ്ങളും ശരിവയ്ക്കുകയുണ്ടായി. ഈ അടിസ്ഥാനത്തില്‍ നിന്നു വേണം നാം ഖുര്‍ആന്‍ പഠിക്കാനും ഗ്രഹിക്കാനും തുടങ്ങേണ്ടത്. വിമര്‍ശന ബുദ്ധിയോടെ പരിശോധിക്കുന്നവര്‍ക്കു പോലും ഖുര്‍ആന്റെ ഉള്‍ക്കരുത്ത് ബോധ്യപ്പെട്ടിട്ടുണ്ട്. ഖുര്‍ആന്‍ വഴി നിരവധി ശാസ്ത്രജ്ഞന്‍മാര്‍ ഇസ്‌ലാമിലേക്കു കടന്നുവന്നത് ഈ ഉള്‍ക്കരുത്തില്‍ നിന്നാണ്. മോറിസ് ബുക്കായ് അതില്‍ ഒരാള്‍ മാത്രം. ഈജിപ്തില്‍ സൂക്ഷിച്ചുവച്ച ഫറോവയുടെ ജഡം പരിശോധിക്കാന്‍ അവസരം ലഭിച്ച ജര്‍മന്‍ ശാസ്ത്രജ്ഞനായിരുന്നു അദ്ദേഹം. ഫറോവയുടേതെന്നു സാക്ഷ്യപ്പെടുത്താന്‍ അദ്ദേഹത്തിനു ഖുര്‍ആന്‍ അവലംബിക്കേണ്ടി വന്നു. തുടര്‍ന്നു ഖുര്‍ആനെ പഠിച്ച അദ്ദേഹം ശാസ്ത്രത്തിന്റെ അവസാന വാക്കാണു ഖുര്‍ആനെന്നു പ്രഖ്യാപിക്കുകയും ഇസ്‌ലാമിലേക്കു കടന്നുവരികയും ചെയ്തു. രജാ ഗരോഡി, ഡോ. ഇസ്‌ലാമുല്‍ ഹഖ്, യൂസുഫുല്‍ ഇസ്‌ലാം തുടങ്ങിയ ആയിരങ്ങള്‍ ഇസ്‌ലാമിലേക്കു കടന്നുവരാന്‍ കാരണമായതു ഖുര്‍ആന്റെ സാര്‍വ ലൗകികത തന്നെയാണ്.
ശാസ്ത്രത്തിന്റെ സമസ്ത മേഖലകളെ സംബന്ധിച്ചും സൂചനകള്‍ ഖുര്‍ആനിലുടനീളം കാണാം. പ്രപഞ്ച ഘടനാ ശാസ്ത്രം, ഊര്‍ജതന്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം ഉള്‍പ്പെടെ ഖുര്‍ആന്‍ സംസാരിക്കാത്ത ശാസ്ത്ര തലങ്ങളില്ല. ഖുര്‍ആനിക പരാമര്‍ശങ്ങളത്രയും മാനവ കുലത്തിനു പ്രപഞ്ച രഹസ്യങ്ങളെ അന്വേഷണ യത്‌നത്തിലൂടെ ഗ്രഹിക്കാന്‍ നിസീമ പ്രചോദനമുണ്ടായെന്നു കൂടുതല്‍ വിശകലനം ചെയ്യാതെ തന്നെ ബോധ്യപ്പെടുന്ന യാഥാര്‍ഥ്യമാണ്. ഖുര്‍ആനിനും ഇസ്‌ലാമിനുമെതിരേ ഇന്നു കാണുന്ന സകല വിമര്‍ശനങ്ങളും ഖുര്‍ആന്‍ ലോകം കീഴ്‌പ്പെടുത്തുമെന്ന വ്യാകുലതയില്‍ നിന്നുണ്ടായതാണെന്നു കാണാന്‍ കഴിയും. ഒരു പ്രബോധകന്റെയും സഹായമില്ലാതെ തന്നെ യൂറോപ്യന്‍ രാജ്യങ്ങളിലും അമേരിക്ക ഉള്‍പ്പെടെയുള്ള വികസ്വര രാജ്യങ്ങളിലും ഇസ്‌ലാം പടര്‍ന്നു പന്തലിക്കുന്നതു ഖുര്‍ആന്‍ നല്‍കുന്ന സന്ദേശങ്ങളാണ്. എല്ലാ പുതിയ കണ്ടെത്തലുകളും സമ്പൂര്‍ണമാകുന്നതു ഖുര്‍ആനിലാണെന്ന യാഥാര്‍ഥ്യമാണു നാം ഇവിടെ കാണുന്നത്. ഖുര്‍ആന്‍ മനുഷ്യ സമൂഹത്തിലാണ് അവതരിപ്പിച്ചത്.
മുസ്‌ലിംകള്‍ക്കു മാത്രം അവതരിപ്പിച്ചതല്ല ഖുര്‍ആന്‍, അതു മാനവ സ്വത്താണ്. ഈ യാഥാര്‍ഥ്യം മാനവ സമൂഹത്തെ ബോധ്യപ്പെടുത്താനുള്ള ബാധ്യതയാണു സത്യവിശ്വാസിക്കുള്ളത്. ഖുര്‍ആന്‍ നല്‍കുന്ന ജീവിത രീതി സ്വജീവിതത്തില്‍ പകര്‍ത്തി മറ്റുള്ളവര്‍ക്കു വാമൊഴിയിലൂടെയോ വരമൊഴിയിലൂടെയോ അവതരിപ്പിക്കാതെ ഖുര്‍ആന്റെ സാക്ഷികളാവാന്‍ നാം ശ്രമിക്കണം. അതിലൂടെ ഖുര്‍ആന്റെ ഉള്‍ക്കരുത്ത് മറ്റുള്ളവര്‍ക്കു ബോധ്യപ്പെടണം. ഈ പരിശുദ്ധ റമദാന്‍ ഇങ്ങനെ ഒരു പ്രതിജ്ഞയ്ക്കു നമുക്ക് അവസരം നല്‍കുന്നു. നാഥന്‍ അനുഗ്രഹിക്കട്ടെ..., ആമീന്‍.
(സുന്നി യുവജന സംഘം ജില്ലാ പ്രസിഡന്റാണു ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."