മഴ പെയ്താല്‍ വൈദ്യുതിയില്ല
മഴ പെയ്താല്‍ ഉടന്‍ വൈദ്യുതി മുടങ്ങുന്ന അവസ്ഥയാണു ജില്ലയുടെ വിവിധ പ്രദേശങ്ങളില്‍. വലിയ കാറ്റും മഴയും വന്നാല്‍ ദിവസങ്ങളോളം വൈദ്യുതി മുടങ്ങുന്നതും പതിവാണ്. പലവിധ കാരണങ്ങള്‍ കെ.എസ്.ഇ.ബി നിരത്തുമെങ്കിലും വൈദ്യുതിക്കു തടസ്സം നേരിട്ടാല്‍ ഇപ്പോഴും അധികൃതര്‍ക്കു മെല്ലെപ്പോക്കു തന്നെയാണു ശീലം. മഴ പെയ്തു തുടങ്ങുമ്പോഴാണു വൈദ്യുതിയുടെ സുഗമമായ വിതരണത്തിനുള്ള അറ്റകുറ്റപ്പണികള്‍ കെ.എസ്.ഇ.ബി ആരംഭിക്കുക.
ഇക്കുറി കാര്യങ്ങള്‍ തഥൈവയാണ്. പുതിയ നിര്‍മാണ പ്രവൃത്തികള്‍ പോലും ഇക്കുറി മഴയത്ത് ആരംഭിച്ചിട്ടുണ്ട്. വൈദ്യുതി കമ്പികളിലേക്കു ചാഞ്ഞു കിടക്കുന്ന മരക്കമ്പുകള്‍ വെട്ടുന്ന പ്രവൃത്തി ജില്ലയുടെ വിവിധ മേഖലകളില്‍ ആരംഭിച്ചതേയുള്ളു. കാലവര്‍ഷത്തില്‍ ജില്ലയുടെ മലയോരം ദിവസങ്ങളോളം ഇരുട്ടിലാവാറുണ്ട്. തീരദേശത്തിന്റെ കാര്യം പറയുകയേ വേണ്ട. ജില്ലാ ആസ്ഥാനമായ കാസര്‍കോട് നഗരത്തിലടക്കം മണിക്കൂറുകളോളമാണ് വൈദ്യുതി മുടങ്ങാറ്. കഴിഞ്ഞ ദിവസം നാലു മണിക്കൂറോളമാണ് നഗരം ഇരുട്ടിലായത്.
ജീവനക്കാരുടെ കുറവ്, ബലക്ഷയം വന്ന വൈദ്യുതി തൂണുകള്‍, ആവശ്യത്തിനുള്ള ട്രാന്‍സ്‌ഫോര്‍മറുകള്‍ ഇല്ലാത്ത അവസ്ഥ, മരവും മരക്കമ്പുകളും വെട്ടുമ്പോഴുള്ള നാട്ടുകാരുടെ എതിര്‍പ്പ് ഇതെല്ലാം കൂടിയാണ് മഴ പെയ്താലുടന്‍ വൈദ്യുതിയുടെ ഒളിച്ചു കളിക്കു കാരണമെന്നാണ് കെ.എസ്.ഇ.ബി നിരത്തുന്ന വാദമുഖങ്ങള്‍. ഇക്കുറി കാലവര്‍ഷം തുടങ്ങി ദിവസങ്ങളാകുമ്പോഴെക്കും വടക്കന്‍ കാറ്റ് കണ്ടത് ഇരുട്ടിലായ നഗരങ്ങളെയും ഗ്രാമങ്ങളെയുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."