ഈശ്വരന്‍കൊല്ലി, നരിമുണ്ടക്കൊല്ലി ഗ്രാമങ്ങളിലെ പുനരധിവാസം
കല്‍പ്പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ തോല്‍പ്പെട്ടി റേഞ്ചിലുള്ള ഈശ്വരന്‍കൊല്ലി, നരിമുണ്ടക്കൊല്ലി ഗ്രാമങ്ങളിലെ കുടുംബങ്ങളുടെ സ്വയം സന്നദ്ധ പുനരധിവാസവുമായി ബന്ധപ്പെട്ട് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ കാര്യാലയത്തില്‍നിന്നു കലക്ടറേറ്റിലേക്കയച്ച കത്തുകള്‍ക്കു പ്രതികരണമില്ല.
രണ്ടു ഗ്രാമങ്ങളിലെയും സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി ഗുണഭോക്തൃ കുടുംബങ്ങള്‍ക്കു പണം അനുവദിക്കാന്‍ കഴിഞ്ഞ മെയ് അഞ്ചിന് വനം-വന്യജീവി വകുപ്പ് അധികൃതര്‍ ഉത്തരവായതിനു പിന്നാലെ അയച്ച ആറു കത്തുകള്‍ക്കാണ് മറുപടി ലഭിക്കാത്തത്.
പദ്ധതി നിര്‍വഹണ സമിതി യോഗം എത്രയും വേഗം വിളിച്ചുചേര്‍ത്ത് ഗുണഭോക്തൃ കുടുംബങ്ങള്‍ക്കു ഫണ്ട് നല്‍കണമെന്നായിരുന്നു കത്തുകളിലെ ആവശ്യം.
ഈശ്വരന്‍കൊല്ലിയില്‍ 21-ഉം നരിമുണ്ടക്കൊല്ലിയില്‍ ഏഴും യോഗ്യതാകുടുംബങ്ങളെയാണ് പുനരധിവസിപ്പിക്കാനുള്ളത്. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഓരോ യോഗ്യതാകുടുംബത്തിനും 10 ലക്ഷം രൂപയ്ക്കാണ് അര്‍ഹത.
യോഗ്യതാകുടുംബങ്ങളില്‍ പകുതിയോളം ആദിവാസികളാണ്. സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയതില്‍ നരിമുണ്ടക്കൊല്ലി, ഈശ്വരന്‍കൊല്ലി, കുറിച്യാട് ഗ്രാമങ്ങളിലെ ആദിവാസി കുടുംബങ്ങളെ വനത്തിന് പുറത്തേക്ക് മാറ്റുന്നതിനു പി.കെ. ജയലക്ഷ്മി മന്ത്രിയായിരുന്നപ്പോള്‍ പട്ടികവര്‍ഗ വികസന വകുപ്പ് 7.4 കോടി രൂപ അനുവദിച്ചിരുന്നു.
ഈ തുക ഇന്നോളം വിനിയോഗിച്ചിട്ടില്ലെന്ന് വയനാട് വന്യജീവി കേന്ദ്രം കര്‍ഷക ക്ഷേസമിതി ഭാരവാഹികളായ തോമസ് പട്ടമന, കുറിച്യാട് രാഘവന്‍, ശ്രീധരന്‍ ചെട്യാലത്തൂര്‍, സജീവന്‍ നരിമുണ്ടക്കൊല്ലി പറഞ്ഞു.കുറിച്യാട് ഗ്രാമത്തില്‍ പദ്ധതി നടപ്പിലാക്കിയെങ്കിലും ഉപയോഗപ്പെടുത്തിയത് കേന്ദ്ര ഫണ്ടാണ്. മുത്തങ്ങ, ബത്തേരി, കുറിച്യാട്, തോല്‍പ്പെട്ടി റേഞ്ചുകളിലായി 110 ജനവാസകേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്നതാണ് വയനാട് വന്യജീവി സങ്കേതം.
ഇത്രയും കേന്ദ്രങ്ങളിലായി 2,500ല്‍പരം കുടുംബങ്ങളാണുള്ളത്. പതിറ്റാണ്ടുകള്‍ മുന്‍പ് ഗ്രോ മോര്‍ ഫുഡ് പദ്ധതിയില്‍ ഭൂമി പാട്ടത്തിന് നല്‍കി വനത്തില്‍ കുടിയിരുത്തിയ കുടുംബങ്ങളുടെ പിന്മുറക്കാരാണ് ഇവരില്‍ അധികവും. തലമുറകളായി താമസിച്ചുവരുന്ന ആദിവാസികളും റവന്യു പട്ടയമുള്ള കര്‍ഷകരുമാണ് ബാക്കി. ഇവരെ വനത്തിനു പുറത്തേക്കു മാറ്റുന്നതിനു 1996 മുതല്‍ നടത്തിവരുന്ന ശ്രമങ്ങളാണ് ഇനിയും പൂര്‍ത്തിയാകാത്തത്.
കുറിച്യാട് റേഞ്ചിലെ ഗോളൂര്‍, കുറിച്യാട്, അമ്മവയല്‍, ബത്തേരി റേഞ്ചിലെ അരകുഞ്ചി, കൊട്ടങ്കര, വെള്ളക്കോട്, പുത്തൂര്‍, മണിമുണ്ട, പാന്പന്‍കൊല്ലി, മുത്തങ്ങ റെയ്ഞ്ചിലെ പങ്കളം, കോളോട്, ചെട്ട്യാലത്തൂര്‍, തോല്‍പ്പെട്ടി റേഞ്ചിലെ നരിമാന്തിക്കൊല്ലി, ഈശ്വരന്‍കൊല്ലി എന്നീ 14 ഗ്രാമങ്ങളെയാണ് സ്വയംസന്നദ്ധ പുനരസധിവാസ പദ്ധതിയുടെ പ്രഥമഘട്ടത്തില്‍ ഉള്‍പ്പെടുത്തിയത്.
ആന ഉള്‍പ്പെടെ വന്യജീവികളുടെ നിരന്തരശല്യം മൂലം ജീവിതവും കൃഷിയും ദുഷ്‌കരമായ ഈ ഗ്രാമങ്ങളിലെ 800 ഓളം കുടുംബങ്ങളെ പുറത്തേക്ക് മാറ്റുന്നതിനു 85 കോടി രൂപയാണ് കണക്കാക്കിയിരുന്ന ചെലവ്.
ഒരു യോഗ്യതാകുടുംബത്തിന് കൈവശഭൂമിയുടെ വിസ്തീര്‍ണം കണക്കിലെടുക്കാതെയാണ് 10 ലക്ഷം രൂപ പദ്ധതി പ്രകാരം അനുവദിക്കുന്നത്. ഒരു കുടുംബത്തിലെ പ്രായപൂര്‍ത്തിയെത്തിയവര്‍, വികലാംഗലര്‍, വിധവകള്‍ എന്നിവരെ പ്രത്യേകം കണക്കിലെടുത്താണ് യോഗ്യതാകുടുംബങ്ങളുടെ എണ്ണം നിര്‍ണയിക്കുന്നത്. തോല്‍പ്പെട്ടി റെയ്ഞ്ചിലുള്ളതിന് പുറമേ മുത്തങ്ങ റേഞ്ചിലെ പങ്കളം, ബത്തേരി റെയ്ഞ്ചിലെ മണിമുണ്ട, പുത്തൂര്‍, പാന്പന്‍കൊല്ലി ഗ്രാമങ്ങളിലും സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി പ്രാവര്‍ത്തികമായില്ല.
ഏകദേശം 160 യോഗ്യതാകുടുംബങ്ങളാണ് ഈ പ്രദേശങ്ങളിലുള്ളത്. ഗോളൂര്‍, അമ്മവയല്‍, കുറിച്യാട്, കൊട്ടങ്കര, അരകുഞ്ചി, വെള്ളക്കോട് എന്നിവിടങ്ങളില്‍ പുനരധിവാസം പൂര്‍ത്തിയായി. മുത്തങ്ങ റേഞ്ചിലെ ചെട്യാലത്തൂരില്‍ പുനരധിവാസ പ്രക്രിയ പുരോഗതിയിലാണ്.
കേന്ദ്ര വനം-പരിസ്ഥിതി വകുപ്പ് ആവശ്യപ്പെട്ടതനുസരിച്ച് കേരള ഫോറസ്റ്റ് റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സാങ്കേതിക സഹായത്തോടെ സംസ്ഥാന വനം-വന്യജീവി വകുപ്പ് തയാറാക്കിയതാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതി.
സമഗ്ര വന്യജീവി ആവാസവ്യവസ്ഥ വികസന പരിപാടിനുസരിച്ചാണ് സ്വയംസന്നദ്ധ പുനരധിവാസ പദ്ധതിക്ക് കേന്ദ്ര മന്ത്രാലയം ഫണ്ട് നല്‍കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."