നാരായണന്റെ കടുപ്പത്തിന് മുപ്പതാണ്ട്
പയ്യന്നൂര്‍: പയ്യന്നൂര്‍ പൊലിസ് സ്റ്റേഷനിലെ പൊലിസുകാര്‍ക്ക് ഒരു ചായ കുടിക്കണമെന്ന് തോന്നിയാല്‍ മുന്നിലുണ്ടാകും വലതു കൈയിലെ ബേസിലില്‍ ആവി പറക്കുന്ന ചായയും ലഘു പലഹാരങ്ങളുമായി നാരായണന്‍. പാല്‍ ചായയും കട്ടന്‍ ചായയും വിത്തൗട്ടും എല്ലാം ആ ബേസിലില്‍ ഉണ്ടാകും. പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിക്കു സമീപം കൊക്കാനിശ്ശേരിയിലുള്ള യു.കെ. നാരായണന്‍ എന്ന എഴുപതുകാരനെ അറിയാത്ത പൊലിസ് ഉദ്യോഗസ്ഥര്‍ ആരും തന്നെയുണ്ടാവില്ല. മുപ്പതു വര്‍ഷത്തിലേറെയായി നാരായണേട്ടനു പൊലിസ് സ്റ്റേഷനുമായി ബന്ധം. 1988ലാണ് പഴയ കെട്ടിടത്തില്‍നിന്ന് പയ്യന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പുതിയ കെട്ടിടത്തിലേക്കു മാറിയത്. അന്നു തൊട്ടിന്നുവരെ പൊലിസ് സ്റ്റേഷനിലെ പതിവു ചായ വില്‍പനക്കാരനാണു നാരായണന്‍.
പൊലിസ് സ്റ്റേഷനു മുന്നിലെ റോഡരികില്‍ തട്ടുകട വച്ച് ചായയും ലഘുപലഹാരങ്ങളും വിറ്റ് ഉപജീവനം നടത്തുകയാണ് ഇദ്ദേഹം. സ്ഥലംമാറ്റവും സ്ഥാനക്കയറ്റം ലഭിച്ചുപോയവരുമായ ഉദ്യോഗസ്ഥര്‍ സ്റ്റേഷനിലെത്തിയാല്‍ ആദ്യം അന്വേഷിക്കുക നാരായണനെയായിരിക്കും. ഇദ്ദേഹത്തിന്റെ കൈയില്‍ നിന്ന് ഒരു ഗ്ലാസ് ചായ കുടിച്ചിട്ടേ അവര്‍ മടങ്ങൂ. ഭാര്യയും രണ്ട് ആണ്‍മക്കളും മക്കളുടെ ഭാര്യമാരും കുട്ടികളുമടങ്ങുന്നതാണു നാരായണന്റെ കുടുംബം. എന്നും രാവിലെ ആറ് മണിയാകുബോഴേക്കും നാരായണന്‍ കടയിലെത്തി സ്റ്റൗ കത്തിച്ച് ചായക്കുള്ള വെള്ളം തിളപ്പിച്ചിരിക്കും. ഉള്ളിവട, പഴംപൊരി, സമൂസ, ഉഴുന്നുവട തുടങ്ങി ലഘു പലഹാരങ്ങള്‍ വീട്ടില്‍ നിന്നു ഭാര്യയുടെ സഹായത്താല്‍ ഉണ്ടാക്കിയെടുത്താണു കടയിലേക്ക് എത്തുക. വാര്‍ധക്യ സഹജമായ വല്ലായ്മകളൊക്കെയുണ്ടെങ്കിലും വേനല്‍ക്കാലമായാലും മഴക്കാലമായാലും ദിനചര്യയായി നാരായണന്‍ ചായയുമായി സ്റ്റേഷനിലെത്തുന്നതില്‍ യാതൊരു വിട്ടുവീഴ്ചയ്ക്കും തയാറല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."