സമാധാനം വിളംബരംചെയ്ത ചരിത്ര നിമിഷം
ഉമ്മുല്‍ഖുറാ പുണ്യനബി (സ)യുടെ കാല്‍ക്കീഴില്‍ വന്ന ഫത്ഹു മക്ക (മക്കാ വിജയം) റമദാന്‍ പത്തിനായിരുന്നു. ഇസ്‌ലാമിക ചരിത്രത്തിലെ സുപ്രധാന സംഭവം. പ്രവിശാലമായ തലത്തിലേക്ക് ഇസ്‌ലാം വ്യാപിച്ചതും വികസിച്ചതും അതിനെ തുടര്‍ന്നായിരുന്നു.
അല്ലാഹു പറഞ്ഞു: 'നിങ്ങളില്‍ മക്കാ വിജയത്തിനു മുന്‍പു ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരാരോ അവര്‍ക്ക് അതിനു ശേഷം ചെലവഴിക്കുകയും സമരം നടത്തുകയും ചെയ്തവരെക്കാളേറെ മഹത്തായ പദവിയുണ്ട്. (സൂറ അല്‍ഹദീദ് 10).
രാത്രിയുടെ ഇരുട്ടില്‍ മക്കയില്‍നിന്നു മദീനയിലേക്കു ഹിജ്‌റ പോകേണ്ടിവന്ന നബി (സ), പകല്‍ വെളിച്ചത്തിലാണല്ലോ അങ്ങോട്ടു തിരിച്ചുവന്നത്. രഹസ്യമായി സ്വദേശം ഉപേക്ഷിക്കേണ്ടിവന്ന പ്രവാചകനു പരസ്യമായി തിരിച്ചുവരാനുള്ള അവസരം അല്ലാഹു ഒരുക്കിക്കൊടുക്കുകയായിരുന്നു.
അല്ലാഹുവാണ് തങ്ങളുടെ രക്ഷിതാവെന്നു പ്രഖ്യാപിച്ച കാരണത്താല്‍ സ്വഭവനം ഉപേക്ഷിക്കേണ്ടിവന്നവരാണ് പ്രവാചകര്‍ (സ)യും അനുചരന്മാരും.
ബദ്‌റിലും ഉഹ്ദിലും ഖന്ദക്കിലും അവര്‍ പോരാടി. നൂറുകണക്കിനു വിശ്വാസികളാണ് കൊല്ലപ്പെട്ടത്. ആ എതിരാളികളോടു പ്രതികാരം ചെയ്യാനുള്ള അവസരമായിരുന്നു മക്കാവിജയം. വിധിയോ വിചാരണയോ കൂടാതെ അവരെ നിഷ്ഠൂരമായി വധിച്ചാല്‍പോലും ആരും പ്രവാചകര്‍ (സ) യെ അക്രമിയെന്നു മുദ്രകുത്തില്ലായിരിന്നു. എന്നാല്‍, തിരുനബി(സ) സ്വീകരിച്ച നടപടി ഏവരേയും അദ്ഭുതപ്പെടുത്തുന്നതായിരുന്നു. നബി (സ) പ്രഖ്യാപിച്ചു: 'ഖുറൈശീ സമൂഹമേ, ഞാന്‍ നിങ്ങളെ എന്തു ചെയ്യുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്. യൂസുഫ് (അ) തന്റെ സഹോദരന്മാരോട് പറഞ്ഞതുതന്നെയാണ് എനിക്കു നിങ്ങളോടും പറയാനുള്ളത്. നിങ്ങളോട് ഞാന്‍ യാതൊരുവിധ പ്രതികാരവുമെടുക്കുന്നില്ല. സ്വന്തം വീട്ടില്‍ പ്രവേശിച്ചവര്‍ക്കും കഅ്ബാലയത്തില്‍ പ്രവേശിച്ചവര്‍ക്കും അബൂസുഫ്‌യാന്റെ വീട്ടില്‍ പ്രവേശിച്ചവര്‍ക്കും അഭയമുണ്ട് '. പ്രഖ്യാപനം കഴിഞ്ഞ ഉടനെ ഇസ്‌ലാമിന്റെ ധ്വജ പുണ്യറസൂലിന്റെ കരങ്ങളാല്‍ മക്കയുടെ പരിശുദ്ധ ഭൂമികയില്‍ നാട്ടപ്പെട്ടു.
അവിടെയാണ് ചരിത്ര പ്രസിദ്ധമായ മസ്ജിദു റായ സ്ഥിതി ചെയ്യുന്നത്. കാരുണ്യത്തിന്റെ മഹാ പ്രപഞ്ചമായിരുന്ന പുണ്യനബി സ്വീകരിച്ച സമീപനം ക്രൂരന്മാരായ ആധുനിക ഭരണാധികാരികള്‍ക്കു മാതൃകയാണ്. കഅ്ബയുടെ താക്കോല്‍ സൂക്ഷിക്കാനുള്ള അവകാശം നബി ആരെ എല്‍പിക്കും?. അലി(റ) വും അബ്ബാസ് (റ) വും പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്. പ്രതീക്ഷകളെയല്ലാം അസ്ഥാനത്താക്കി ഉസ്മാനുബ്‌നു ത്വല്‍ഹയെയാണ് നബി (സ) താക്കോല്‍ ഏല്‍പിച്ചത്. പരുഷമായി മാത്രം നബി(സ) യോട് പെരുമാറിയിരുന്ന, ഒരുവേള കഅ്ബയിലേക്കു പ്രവേശിക്കാന്‍പോലും നബി (സ)ക്ക് അനുമതി നല്‍കാതിരുന്ന വ്യക്തിയാണ് ഉസ്മാനുബ്‌നു ത്വല്‍ഹ. സമത്വത്തിലേക്കും നീതിയിലേക്കും ഇസ്‌ലാമിന്റെ തുടക്കത്തിലേ ആളുകളെ ക്ഷണിച്ച പ്രവാചകന്‍ ഒരു നിമിഷം പോലും അതില്‍നിന്നു വ്യതിചലിച്ചിട്ടില്ല.
തീര്‍ച്ച, സത്യത്തെ മുറുകെപ്പിടിക്കുകയും വിനയവും ദൈവഭക്തിയും ആയുധമാക്കുകയും ചെയ്ത പ്രവാചകനെയാണ് മക്കാവിജയം വരച്ചുകാട്ടുന്നത്.
വിജയം വരുമ്പോള്‍ അല്ലാഹുവിലേക്കു മടങ്ങുന്ന ഉത്തമ മാതൃകയാണ് പ്രവാചകന്‍ (സ) പകര്‍ന്നുനല്‍കിയത്. ചരിത്രത്തിലെ ഈ അതുല്യ വിജയം സമ്മാനിക്കുന്ന സന്ദേശം വിലമതിക്കാനാകാത്തതാണ്.
(എസ്.വൈ.എസ് ജില്ലാ ജോ.സെക്രട്ടറിയാണ് ലേഖകന്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."