തിരുന്നാവായ പഞ്ചായത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നത
തിരുന്നാവായ: പഞ്ചായത്തില്‍ എല്‍.ഡി.എഫില്‍ ഭിന്നത രൂക്ഷമാകുന്നു. കനാല്‍ ബൈപാസ് റോഡ് ഉദ്ഘാടനം സി.പി.എം, സി.പി.ഐ തര്‍ക്കങ്ങള്‍ക്ക് കാരണമായി. എല്‍.ഡി.എഫും സി.പി.എമ്മും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പങ്കെടുത്ത ഉദ്ഘാടന ചടങ്ങ് ബഹിഷ്കരിച്ചിരുന്നു. എന്നാല്‍ സി.പി.എം നിലപാടിനെ പാടെ തള്ളി സി.പി.ഐയുടെ നേതാക്കളും മറ്റും പങ്കെടുത്തത് സി.പി.എമ്മിനെ ചൊടിപ്പിച്ചിട്ടുണ്ട്. ബൈപാസ് റോഡിന്റെ ഒരു ഭാഗം ഉള്‍പ്പെടുന്ന പത്താം വാര്‍ഡിലെ മെമ്പര്‍ ഹക്കീമയെ അവഗണിക്കുകയും പാര്‍ട്ടി നേതാക്കളെ പരിപാടിയിലേക്ക് ഔദ്യോഗികമായി ക്ഷണിക്കുകയും ചെയ്തില്ലെന്ന് ആരോപിച്ചാണ് സി.പി.എം പരിപാടിയില്‍ പങ്കെടുക്കാതെ വിട്ടു നിന്നത്.
എന്നാല്‍ സി.പി.എം സ്വന്തം നിലയില്‍ എടുത്ത തീരുമാനം എല്‍.ഡി.എഫിന്റെ ചെലവില്‍ അടിച്ചേല്‍പ്പിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ പാര്‍ട്ടിക്ക് സാധിക്കില്ലെന്ന് സി.പി.ഐ നേതാക്കള്‍ പറയുന്നു. ചടങ്ങ് ബഹിഷ്കരിക്കാന്‍ എല്‍.ഡി.എഫ് നേരത്തെ യോഗം ചേര്‍ന്ന് തീരുമാനിച്ചിട്ടില്ല. ഇതുകൊണ്ടാണ് സി.പി.ഐ പരിപാടിയില്‍ പങ്കെടുത്തതെന്നും നേതാക്കള്‍ പറയുന്നു. സി.പി.ഐയുടെ വിമര്‍ശനങ്ങള്‍ക്ക് കടുത്ത ഭാഷയിലാണ് സി.പി.എം നേതൃത്വം മറുപടിയുമായി രംഗത്ത് വന്നിട്ടുള്ളത്. സ്വന്തം വാര്‍ഡിന്റെ അതിര്‍ത്തി പോലും ശരിയായ രീതിയില്‍ പഠിക്കാത്ത ഒരാളാണ് 12ാം വാര്‍ഡിനെ പ്രതിനിധീകരിക്കുന്നത്. എല്‍.ഡി.എഫിലെ ഇതരകക്ഷി നേതാക്കളുമായി കണ്‍വീനര്‍ ടെലിഫോണില്‍ സംസാരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങ് ബഹിഷ്കരിക്കാന്‍ തീരുമാനമെടുത്തത്. സി.പി.ഐ നേതൃത്വവുമായി സംസാരിച്ചിരുന്നുവെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ കെ.പി അലവിയും പറഞ്ഞു. വരും ദിവസങ്ങളില്‍ സി.പി.എം, സി.പി.ഐ ഭിന്നത പരസ്യമാകാനാണ് സാധ്യത.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."