നിലമ്പൂരില്‍ വീണ്ടും റബര്‍ ഷീറ്റ് മോഷണം
നിലമ്പൂര്‍: മേഖലയില്‍ രാത്രിയുടെ മറവില്‍ റബര്‍ കള്ളന്‍മാര്‍ വിലസുന്നു. ശനിയാഴ്ച രാത്രി ഇടിവണ്ണ എച്ച് ബ്ലോക്കിലെ കണ്ണംകുളത്ത് കുര്യച്ചന്റെ പുകപുര കുത്തിത്തുറന്ന് ഒന്നര ക്വിന്റല്‍ ഷീറ്റാണ് കൊണ്ടുപോയത്.
ശനിയാഴ്ച രാത്രി ഇടിവണ്ണക്കും എച്ച്. ബ്ലോക്കിനുമിടയില്‍ ഒളിപ്പിച്ച നിലയില്‍ ബൈക്കുകള്‍ കണ്ടതിനെ തുടര്‍ന്ന് പൊലിസില്‍ വിവരം അറിയിച്ചെങ്കിലും നടപടി ഉണ്ടായില്ലെന്നും ആക്ഷേപമുണ്ട്. നിലമ്പൂര്‍, പോത്തുകല്‍ സ്റ്റേഷനുകളില്‍ പരാതിയുമായി എത്തുന്ന കര്‍ഷകരുടെ എണ്ണം കൂടുമ്പോഴും പൊലിസിന്റെ ഭാഗത്ത് നിന്നും നടപടിയുണ്ടാകുന്നില്ലെന്ന് കര്‍ഷകര്‍ ആരോപിക്കുന്നു. കള്ളന്‍മാരെ ഉടന്‍ പിടികൂടുമെന്ന പൊലിസിന്റെ ഉറപ്പും ജല രേഖയായി മാറി.
മോഷ്ടാക്കളെ പിടികൂടുന്നതില്‍ പൊലിസ് പരാജയപ്പെട്ടതോടെ റബര്‍ കള്ളന്‍മാരുടെ പറുദീസയായി നിലമ്പൂര്‍ മേഖല മാറിക്കഴിഞ്ഞു. ചാലിയാര്‍ പഞ്ചായത്തില്‍ നിന്നു മാത്രം എട്ടു ക്വിന്റലോളം റബര്‍ ഷീറ്റും, ഒരു ക്വിന്റല്‍ ഒട്ടു പാലും കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ മോഷ്ടാക്കള്‍ കവര്‍ന്നു. പോത്തുകല്‍, അമരമ്പലം, മമ്പാട് പഞ്ചായത്തുകളിലും റബര്‍ മോഷണം വ്യാപകമായി.
പുകപ്പുരകള്‍ കേന്ദ്രീകരിച്ചാണ് മോഷണം. ഉണങ്ങിയ ഷീറ്റുകളായതിനാല്‍ എളുപ്പത്തില്‍ വില്‍പന നടത്താനും മോഷ്ടാക്കള്‍ക്ക് കഴിയും. വനം വകുപ്പിന്റെ മണ്ണുപ്പാടത്തെ ചെക്ക് പോസ്റ്റ് നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.
അകമ്പാടം ഫോറസ്റ്റ് സ്റ്റേഷന്‍ എരഞ്ഞിമങ്ങാട് പ്രവര്‍ത്തിക്കുന്നുണ്ടെങ്കിലും രാത്രി ഇതുവഴി കടന്നു പോകുന്ന വാഹനങ്ങള്‍ പരിശോധിക്കുന്നില്ല. റബര്‍ വിലയിടിവ് തളര്‍ത്തിയ റബര്‍ കര്‍ഷകര്‍ അതിജീവനത്തിനായി പൊരുതുമ്പോഴാണ് റബര്‍ മോഷണം പതിവായിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."