കിഡ്‌നി രോഗിയായ മദ്‌റസാ അധ്യാപകന്‍ സുമനസുകളുടെ കനിവ് തേടുന്നു
മണ്ണാര്‍ക്കാട്: രണ്ടു വൃക്കകളും തകരാറിലായി ഗുരുതരാവസ്ഥയില്‍ ചികിത്സ തേടുന്നതിനിടെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ മകന്‍ കടുത്ത പ്രമേഹരോഗത്തിന്റെ പിടിയിലമരുക. പ്രായമായ മാതാവ് ഉള്‍പ്പടെ അഞ്ചംഗ കുടുംബത്തിന്റെ ഏക വരുമാനമാര്‍ഗമായ മദ്‌റസാ അധ്യാപകന്‍ സര്‍വ്വവും ലോകസൃഷ്ടാവിലര്‍പ്പിച്ച് പ്രാര്‍ഥനാ നിര്‍ഭരമായ ജീവിതം തള്ളിനീക്കുക.
മണ്ണാര്‍ക്കാട് താലൂക്കില്‍ പെരിമ്പടാരി ഒന്നാം മൈലില്‍ കുഴിയില്‍പീടിക സിദ്ധിഖാണ്(42) സാമ്പത്തിക ഞെരുക്കത്തോടൊപ്പം കടുത്ത രോഗപീഡയോടും നേരിട്ട് കുടുംബത്തിന്റെ നിത്യവൃത്തിക്കായി പെടാപാടുപെടുന്നത്. രണ്ടു വൃക്കകളും തകരാറിലായതിനാല്‍ നിശ്ചിത സമയങ്ങളില്‍ ഡയാലിസിസും തുടര്‍ ചികിത്സയും തന്നെ മുന്നോട്ടുകൊണ്ടുപോകാന്‍ പ്രയാസപ്പെടുന്നതിനിടയിലാണ് മകന്റൈ പ്രമേഹരോഗം സിദ്ധഖിനെ തളര്‍ത്തുന്നത്.
മദ്‌റസാ അധ്യാപനത്തില്‍നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് സിദ്ധിഖിന്റേയും മകന്റെയും ചിക്തിസക്കു തന്നെ പലപ്പോഴും മതിയാകാതെ വരികയാണ്. കുടുംബത്തിന്റെ നിത്യചെലവുകള്‍ കൂടിയാകുമ്പോള്‍ പലപ്പോഴും ചികിത്സ മുടങ്ങുന്ന സാഹചര്യവുണ്ട്. സിദ്ധിഖിന്റെ സാഹചര്യങ്ങള്‍ മനസ്സിലാക്കിയ മദ്‌റസാ അധികൃതരും നാട്ടുകാരും ചേര്‍ന്ന് സിദ്ധിഖ് സഹായ സമിതി രൂപീകരിച്ചിരിക്കുകയാണ്. സമസ്ത ട്രഷറര്‍ അല്‍ഹാജ് സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, മണ്ണാര്‍ക്കാട് എം.എല്‍.എ അഡ്വ. ഷംസുദ്ധീന്‍ മുഖ്യരക്ഷാധികാരികളും മണ്ണാര്‍ക്കാട് നഗരസഭാ ചെയര്‍പേഴ്‌സണ്‍ 26, 27 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാര്‍ രക്ഷാധികാരികളുമായി സിദ്ധിഖ് മുസ്‌ലിയാര്‍ സഹായനിധി എന്നപേരില്‍ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കിന്റെ മണ്ണാര്‍ക്കാട് ബ്രാഞ്ചില്‍ (ഐ.എഫ്.എസ്.സി കോഡ് -ഐ.ഒ.ബി.എ 0001902-അക്കൗണ്ട് നമ്പര്‍ 190201000005962) ജോയന്റ് അക്കൗണ്ട് തുടങ്ങിയിരിക്കുകയാണ്. റമദാന്‍ മാസത്തില്‍ അശരണര്‍ക്കും ദരിദ്രര്‍ക്കും നീക്കിവെച്ചിട്ടുള്ള സക്കാത്ത് വിഹിതത്തില്‍നിന്ന് സിദ്ധിഖ് മുസ്‌ലിയാര്‍ സഹായ നിധിയിലേക്ക് സഹായം നല്‍കണമെന്ന് സഹായനിധി കമ്മിറ്റിയംഗങ്ങള്‍ അഭ്യര്‍ഥിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."