കെ.പി.സി.സി ജനറല്‍ സെക്രട്ടറി പി. രാമകൃഷ്ണന്‍ അന്തരിച്ചു
പി.രാമകൃഷ്ണന്‍
മുന്‍ ഡി സി സി പ്രസിഡന്റും കെ പി സി സി ജനറല്‍ സെക്രട്ടറിയുമായ പി രാമകൃഷണന്‍(77) അന്തരിച്ചു. ഏറെ കാലമായി അസുഖബാധിതനായി ചികില്‍സയിലായിരുന്ന പി ആര്‍ ഇന്ന് കാലത്ത് 10.20ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം.
1942 ഓഗസ്റ്റ് 2ന് അഴീക്കോട് ആര്‍ കുഞ്ഞിരാമന്‍ മാസ്റ്ററുടെയും പി മാധവി ടീച്ചറുടെയും 5 മക്കളില്‍ ഇളയ മകനായി പി രാമകൃഷ്ണന്‍ ജനിച്ചു. 1952 ലെ പൊതു തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്‌ക്വാഡ് പ്രവര്‍ത്തകനായാണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. 1958ലെ വിദ്യാര്‍ത്ഥി സമരത്തിലും 59 ല്‍ വിമോചന സമരത്തിലും പങ്കെടുത്ത് ജയില്‍വാസം അനുഷ്ടിച്ചു. 1965 ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അഡ്‌ഹോക്ക് കമ്മിറ്റിയില്‍ അംഗമായി. 67 ല്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറിയായി. 69ല്‍ കോണ്‍ഗ്രസിലുണ്ടായ പിളര്‍പ്പില്‍ ഇന്ദിരാഗാന്ധിക്കൊപ്പം നിന്നു. 1971 ല്‍ ഡി സി സി സെക്രട്ടറിയായി 77 ല്‍ പ്രദേശ് സേവാദള്‍ ബോര്‍ഡ് അംഗമായി. 1978 ല്‍ കോണ്‍ഗ്രസിനെ പിളര്‍ത്തി എ കെ ആന്റണിക്കൊപ്പം നിന്നു. 1979 ല്‍ ഡി സി സി (യു) വൈസ് പ്രസിഡന്റ് 81 ല്‍ ഡി സി സി (യു ) പ്രസിഡന്റായി. 82 ല്‍ ഡി സി സി (എസ്) പ്രസിഡന്റായി. 86 ല്‍ കോണ്‍ഗ്രസ് ഐയില്‍ തിരിച്ചെത്തി. കെ പി സി സി എക്‌സിക്യൂട്ടീവ് അംഗമായി. 87 ല്‍ ഡി സി സി (ഐ) വൈസ് പ്രസിഡന്റായി.2009 മുതല്‍ നാലര വര്‍ഷക്കാലം ഡി സി സി പ്രസിഡന്റായിരുന്നു. ഇപ്പോള്‍ കെ പി സി സി ജനറല്‍ സെക്രട്ടറി.
1982 ല്‍ ഇടത് മുന്നണിയില്‍ കോണ്‍ഗ്രസ് എസ് സ്ഥാനാര്‍ത്ഥിയായി പേരാവൂരില്‍ മല്‍സരിച്ചു. 126 വോട്ടുകള്‍ക്ക് കെ പി നൂറുദ്ദിനോട് പരാജയപ്പെട്ടു. 97ലും 91ലും കൂത്തുപറമ്പില്‍ കോണ്‍ഗ്രസ് ഐ സ്ഥാനാര്‍ത്ഥിയായി മല്‍സരിച്ചു. കേരള സംസ്ഥാന കൈത്തറി ഉപദേശക സമിതി അംഗം, കേരള സ്റ്റേറ്റ് കയര്‍ മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ ഡയറക്ടര്‍, കേരള കൈത്തറി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്‍മാന്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചുട്ടുണ്ട്. 1976 മുതല്‍ 5 വര്‍ഷം കണ്ണൂര്‍ ആര്‍ ടി എ ബോര്‍ഡംഗം 1976 ല്‍ ജില്ലാ ഫുട്‌ബോള്‍ ഫെഡറേഷന്‍ എക്‌സിക്യൂട്ടീവ് അംഗമായി. കണ്ണൂര്‍ ജവഹര്‍ ലൈബ്രറി ഗവേണിംഗ് ബോര്‍ഡ് അംഗം, മുഴപ്പിലങ്ങാട് ഫുഡ് കോര്‍പ്പറേഷന്‍ (ഐ എന്‍ ടി യു സി യൂനിയന്‍ സെക്രട്ടറി, കണ്ണൂര്‍ ജില്ലാ ടൈല്‍സ് തൊഴിലാളിയൂണിയന്‍ പ്രസിഡന്റ്, പുരുഷോത്തം ഗോകുല്‍ദാസ് പ്ലൈവുഡ് യൂനിയനില്‍ ഐ എന്‍ ടി യു സി പ്രസിഡന്റ്, വെസ്റ്റേണ്‍ ഇന്ത്യാ പ്ലൈവുഡ് ഐ എന്‍ ടി യു സി വൈസ് പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിരുന്നു.
1973 മുതല്‍ 27 വര്‍ഷം പടയാളി സായാഹ്ന പത്രത്തിന്റെ പത്രാധിപരായിരുന്നു. ദേശവാണി പ്രസിദ്ധികരണത്തിന്റെ പത്രാധിപരായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും എം എല്‍ എയും കണ്ണൂര്‍ ഡി സി സി പ്രസിഡന്റുമായിരുന്ന പി ഗോപാലന്‍ സഹോദരനായിരുന്നു. ഭാര്യഷൈമലത, മക്കള്‍ ദിവ്യാ ശ്രീകുമാര്‍, ദീപാ ഷാജി, ദീപക് കൃഷ്ണ.
kpcc general secretary p ramakrishnan passed away
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."