ഒറ്റപ്പെട്ടവര്‍ക്ക് സുരക്ഷിതവലയം തീര്‍ത്ത് വിഖായ പ്രവര്‍ത്തകര്‍
കോഴിക്കോട്: നൂറ്റാണ്ടിലെ മഹാപ്രളയത്തിന്റെ ഞെട്ടലില്‍നിന്ന് കേരളം ഒരു വര്‍ഷം കഴിഞ്ഞിട്ടും മുക്തമായിട്ടില്ല. ദുരന്തമുഖത്തുനിന്ന് അത്രപെട്ടെന്ന് മുക്തമാകാനും കഴിയില്ലല്ലോ. അപ്പോഴാണ് ഒരു മുന്നറിയിപ്പും തരാതെ വീണ്ടും ജലപ്രളയമെത്തിയത്. മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമെല്ലാം ഒന്നിച്ചപ്പോള്‍ നഷ്ടം കനത്തു. മനുഷ്യ ജീവനുകള്‍ ഇപ്പോഴും മണ്ണിനിടയില്‍ തന്നെയാണ്.
ഒറ്റപ്പെടുന്നവര്‍ക്കു മുന്‍പില്‍ സുരക്ഷിതത്വത്തിന്റെ വാതില്‍ തുറന്നിട്ടിരിക്കുകയാണവര്‍. വിഖായ വളന്റിയര്‍മാര്‍. സദാ സേവനസന്നദ്ധരായി അവര്‍ എവിടെയുമുണ്ട്. ദുരന്തമുഖങ്ങളില്‍, അപകടത്തെരുവുകളില്‍, തളരുന്ന ചുമലുകള്‍ക്ക് ആശ്വാസത്തിന്റെ തണലിടമൊരുക്കുന്നു. വിശക്കുന്നവന്റെ വിളി കേള്‍ക്കാനും ഭയക്കുന്നവന്റെ ഭാഗം കൂടാനും നിലവിളിക്കുന്നവരുടെ നിസഹായതയില്‍ ഒപ്പംചേരാനും അവരുണ്ട്.
കഴിഞ്ഞ പ്രളയകാലത്തും അവര്‍ നിറഞ്ഞു. ഈ പ്രളയകാലത്തും ആത്മസമര്‍പ്പണത്തിന്റെ പുതുചരിതമാണ് എസ്.കെ.എസ്.എസ്.എഫിന്റെ വിഖായ കര്‍മഭടന്മാര്‍ രചിച്ചു കൊണ്ടിരിക്കുന്നത്. അപകടങ്ങളും അത്യാഹിതങ്ങളും കണ്ടുനിന്നില്ല, പ്രയാസപ്പെടുന്നവര്‍ക്ക് അടിയന്തര സഹായഹസ്തങ്ങള്‍ ലഭ്യമാക്കി. പ്രളയം കുത്തിയൊഴുകിയ ദുര്‍ഘടവഴികളിലൂടെ ഓടിക്കിതച്ചെത്തിയ ആയിരക്കണക്കിനു സന്നദ്ധസേവകരാണു പ്രളയപ്പെയ്ത്തില്‍ ഒറ്റപ്പെട്ടവര്‍ക്കു മുന്‍പില്‍ രക്ഷാകവചമായി നിറഞ്ഞത്.
ബഹുസ്വര സമൂഹത്തില്‍ ജാതി, മത ഭേദമന്യേ സഹജീവികളോടു ഹൃദ്യമായി ഇടപെട്ടു. അവരുടെ താല്‍പര്യങ്ങളെ മാനിച്ചു. ഭൂമിയിലുള്ളവരോടു കരുണ കാണിക്കുന്നവര്‍ക്കു മാത്രമേ ആകാശത്തുനിന്നും കരുണചെയ്യപ്പെടുകയുള്ളൂ എന്ന നബിവചനത്തെ പ്രാവര്‍ത്തികമാക്കുകയായിരുന്നു അവര്‍.
കവളപ്പാറയിലും മേപ്പാടിയിലെ പുത്തുമലയിലും നിലമ്പൂരിന്റെ പരിസര പ്രദേശങ്ങളിലും ദുരിതമനുഭവിക്കുന്നവര്‍ക്കിടയിലേക്കാണ് അവര്‍ കടന്നുചെന്നത്.
പ്രളയം മുക്കിയ വയനാട്ടിലും ദുരിതമനുഭവിക്കുന്നവര്‍ക്കൊപ്പവും ചേര്‍ന്നുനിന്നു. അവരുടെ മനസ് വായിച്ചാണ് സുരക്ഷിതത്വത്തിന്റെ കാരുണ്യപ്പന്തല്‍ ഒരുക്കിയത്. വെള്ളവും ചെളിയും നിറഞ്ഞ വീടുകള്‍ വൃത്തിയാക്കി താമസയോഗ്യമാക്കി, ഇപ്പോഴും ആ പ്രവര്‍ത്തനങ്ങളില്‍ മുഴകുന്നു. അത്യാവശ്യക്കാര്‍ക്ക് അവശ്യവസ്തുക്കള്‍ എത്തിച്ചുനല്‍കുന്നു. ഭക്ഷണവും പുതപ്പും വസ്ത്രവും വീട്ടുപകരണങ്ങളും വിതരണം ചെയ്യുന്നു. ജാതിയോ മതമോ രാഷ്ട്രീയമോ മതില്‍ക്കെട്ടിത്തിരിക്കാതെ അര്‍ഹരായവരെ കണ്ടെത്തി പ്രളയം നിരാലംബരാക്കിയ കുടുംബങ്ങള്‍ക്കാണ് ആശ്വാസത്തിന്റെ വിഖായപന്തലൊരുക്കുന്നത്. അവരുടെ കാരുണ്യത്തിന്റെ കൈപിടിച്ചു ജീവിതത്തിലേക്കു നടന്നുകയറിയവര്‍ ഒട്ടേറെ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."