പരാധീനതകളിലമര്‍ന്ന് താരേക്കാട് ജങ്ഷന്‍
പാലക്കാട്: നഗരത്തിലെ പ്രധാന സ്‌കൂള്‍ കവലയായിട്ടും താരേക്കാട് ജങ്ഷന്‍ പരാധീനതകളില്‍ വീര്‍പ്പുമുട്ടുന്നു. മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളും മോയന്‍ എല്‍.പി സ്‌കൂളും റോഡിനിരുഭാഗങ്ങളിലുമായി ഉണ്ടായിട്ടും സുരക്ഷാ സംവിധാനങ്ങളും മറ്റും കടലാസിലൊതുങ്ങുകയാണ്. എച്ച്.പി.ഒ റോഡിലെ താരേക്കാട് സ്റ്റോപ്പില്‍ കാത്തിരിപ്പു കേന്ദ്രമില്ലാത്തതിനാല്‍ യാത്രക്കാര്‍ വെയിലും മഴയും കൊള്ളേണ്ട ഗതികേടിലാണ്.
കോളജ് റോഡില്‍ കാത്തിരിപ്പുകേന്ദ്രമുണ്ടെങ്കിലും സന്ധ്യമയങ്ങിയാല്‍ യാത്രക്കാര്‍ ഭയന്നുവേണം ബസ് കാത്തുനില്‍ക്കാന്‍. സിഗ്നല്‍ സംവിധാനങ്ങള്‍ താരേക്കാട്ടേ രണ്ട് കവലകളിലുമുണ്ടെങ്കിലും കാലങ്ങലായി പ്രവര്‍ത്തനരഹിതമാണ്. മുനിസിപ്പല്‍ സ്റ്റാന്‍ഡ്, വിക്‌ടോറിയ കോളജ് ഭാഗത്തുനിന്നു വരുന്ന സ്വകാര്യ ബസുകളുടെ മരണപ്പാച്ചിലില്‍ വിദ്യാര്‍ഥികള്‍ റോഡുമുറിച്ചു കടക്കാന്‍ പ്രയാസപ്പെടുകയാണ്. വിദ്യാര്‍ഥിനികള്‍ക്ക് റോഡുമുറിച്ചുകടക്കുന്നതിനായുള്ള കാല്‍നടമേല്‍പ്പാല നിര്‍മാണവും ഫയലുകളിലുറങ്ങുകയാണ്.
സംസ്ഥാനത്തു തന്നെ ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്നുവെന്ന ബഹുമതിയുള്ള മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ നിലകൊള്ളുന്നത് താരേക്കാട് ജങ്ഷനിലാണ്. ഇതിനുപുറമെ അയിത്തത്തിനെതിരേ പോരാടിയ കൃഷ്ണസ്വാമിയുടെ സ്മാരകമുള്ള കൃഷ്ണസ്വാമി മെമ്മോറിയല്‍ പാര്‍ക്കും നിലകൊള്ളുന്നത് താരേക്കാടാണ്. 100 മീറ്റര്‍ വ്യത്യാസത്തിലാണ് രണ്ട് ജങ്ഷനുകള്‍ താരേക്കാടുള്ളത്. സ്‌കൂളുകള്‍ക്കുപുറമെ ചെമ്പൈ സംഗീത കോളജ്, പി.ഡബ്ല്യൂ.ഡി റെസ്റ്റ്ഹൗസ്, ജലസേചനവകുപ്പിന്റെ ഓഫിസ് തുടങ്ങിയവയും നിലകൊള്ളുന്നുണ്ട്.
സ്‌കൂള്‍ സമയത്ത് തിരക്ക് നിയന്ത്രണാതീതമായതിനാല്‍ ഇവിടെ പൊലിസുകാരുടെ അഭാവവും വിദ്യാര്‍ഥികള്‍ക്ക് ദുരിതം തീര്‍ക്കുന്നുണ്ട്. സംസ്ഥാനത്തുതന്നെ ഷിഫ്റ്റു സമ്പ്രദായം തുടരുന്ന ഏക വിദ്യാലയമാണ് മോയന്‍ ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍. നൂറുകണക്കിനു യാത്രക്കാരും വിദ്യാര്‍ഥികളും വന്നുപോകുന്ന കവലയില്‍ പ്രാഥമികസൗകര്യത്തിനായി ഒരു ഇ-ടോയ്‌ലറ്റ് സ്ഥാപിക്കണമെന്നാവശ്യവും ശക്തമാവുകയാണ്. കവലയിലെ സിഗ്നല്‍സംവിധാനങ്ങള്‍ പ്രവര്‍ത്തനസജ്ജമാക്കണമെന്നും എച്ച്.പി.ഒ റോഡില്‍ കാത്തിരിപ്പുകേന്ദ്രമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നിര്‍മിക്കണമെന്നാവശ്യവും ശക്തമാവുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."