കുന്നംകുളത്ത്: വ്യാപാരികള്‍ തമ്മിലുള്ള വാക്കേറ്റവും കയ്യാങ്കളിയും പതിവാകുന്നു
കുന്നംകുളം: നഗരത്തില്‍ വ്യാപാരികള്‍ തമ്മിലുള്ള വക്കേറ്റവും കയ്യാങ്കളിയും പതിവാകുന്നു.
റോഡില്‍ സാധനങ്ങള്‍ ഇറക്കി വെച്ച് നടത്തുന്ന കച്ചവടത്തിന്റെ പേരിലാണ് വടക്കാഞ്ചേരി റോഡിലെ പച്ചക്കറി കച്ചവടക്കാരുടെ പ്രതിദിന കയ്യാങ്കളി. നഗരസഭാ കെട്ടിടത്തിലെ വടക്കാഞ്ചേരി റോഡിലേക്ക് അഭിമുഖമായുള്ള കടമുറികളിലെ കച്ചവടക്കാര്‍ ഫുഡ്പാത്ത് കൂടി കൈയേറിയാണ് കച്ചവടം നടത്തുന്നത്. കാല്‍ നടയാത്രക്കാര്‍ ഈ ഭാഗത്ത് എത്തിയാല്‍ റോഡിലേക്കിറങ്ങി നടക്കുക എന്നതല്ലാതെ ചോദ്യം ചെയ്യാനോ സാധനങ്ങള്‍ മാറ്റിവെക്കാനായി ആവശ്യപെടാനോ അനുവാദമില്ല. പല ദിവസങ്ങളിലും ഫുഡ്പാത്തും കടന്ന് കച്ചവടം റോഡിലേക്ക് നീങ്ങും.
പരിസരവാസികള്‍ പല വട്ടം പരാതി നല്‍കിയിട്ടും നടപടിയെടുക്കാന്‍ സെക്രട്ടറി ഒരുങ്ങിയിട്ടില്ല. ഗതാഗത പരിഷ്‌ക്കാരത്തിന്റെ ഭാഗമായി നഗരത്തില്‍ വാഹനങ്ങള്‍ ഫ്രീ പാര്‍ക്കിങ് അനുവദിക്കാന്‍ ട്രാഫിക്ക് അഡൈ്വസറിയോഗം തീരുമാനിച്ച സ്ഥലമായിരുന്നിട്ടു കൂടി അത് പ്രാവര്‍ത്തികമാക്കാന്‍ നഗരസഭക്ക് ഇനിയും കഴിഞ്ഞിട്ടില്ല. റോഡിലേക്ക് സാധനങ്ങള്‍ വലിച്ചു വെച്ച് ആളുകളെ വിളിച്ച് കച്ചവടം ചെയ്യുന്നതിനിടയില്‍ തൊഴിലാളികള്‍ തമ്മില്‍ കൈയേറ്റം ഇവിടെ പതിവ് കാഴ്ചയാണ്.
പരിസരവാസികള്‍ പലരും നഗരസഭക്ക് പരാതി നല്‍കിയെങ്കിലും പരാതിക്കാരെ കുറിച്ച് വ്യാപാരികളെ വിവരമറിയിക്കുകയാണ് നഗരസഭ ചെയ്യുന്നത്. മുന്‍പ് ആരോഗ്യ വിഭാഗം ജീവനക്കാര്‍ ഫുഡ്പാത്ത് ഒഴിപിച്ചെടുത്തിരുന്നതാണ് എന്നാല്‍ പുതിയ സെക്രട്ടറി ചാര്‍ജെടുത്തതോടെ കച്ചവടം ഫുഡ്പാത്തില്‍ നിന്നും റോഡിലേക്ക് മാറുകയാണുണ്ടായത്. വൈകുന്നേരങ്ങളില്‍ ഈ മേഖലയിലുള്ള മത്സ്യകച്ചവടം സംബന്ധിച്ച് പരാതി നല്‍കിയിരുന്നുവെങ്കിലും നടപടിയുണ്ടായില്ലെന്നും വ്യാപാരികള്‍ പറയുന്നു.
സ്ഥാപനങ്ങളില്‍ നിന്നും പുറത്തേക്ക് തള്ളി നില്‍ക്കുന്ന ബോര്‍ഡുകള്‍ പോലും നിയമം പറഞ്ഞ് പൊളിച്ച് മാറ്റുന്ന അതേ നഗരസഭ തന്നെയാണ് പൊതു ജനങ്ങളെ വെല്ലുവിളിച്ചുള്ള ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മൗന സമ്മതം നല്‍കുന്നതെന്നും വ്യാപാരികളില്‍ ചിലര്‍ പറയുന്നു.
എന്നാല്‍ ഇത് സംബന്ധിച്ച് പരസ്യമായി പറയാന്‍ ആരും ധൈര്യപെടുന്നില്ല. ഇത്തരം പരാതിക്കാരോടു നഗരസഭ പ്രതികാരനടപടിയുമായി നീങ്ങുമെന്നതാണു ഇവരുടെ ഭയപ്പാടിനു കാരണമായി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."