ദുരിതബാധിതരുടെ കണ്ണീരൊപ്പാന്‍ സമസ്ത കോ-ഓഡിനേഷന്‍ കമ്മിറ്റി
കല്‍പ്പറ്റ: തുടര്‍ച്ചയായി രണ്ടാംവര്‍ഷവും കാലവര്‍ഷം വയനാടിനെ നൊമ്പരപ്പെടുത്തിയപ്പോള്‍ ദുരിതത്തിലായ ജനതയുടെ കണ്ണീരൊപ്പാന്‍ പ്രവര്‍ത്തന സജ്ജരായി സമസ്ത വയനാട് ജില്ലാ കോ-ഓഡിനേഷന്‍ കമ്മിറ്റി. കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ ദുരിതമനുഭവിച്ചവര്‍ക്ക് വീടടക്കമുള്ള സജ്ജീകരണങ്ങളാണ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ കീഴിലുള്ള ആശ്വാസ് ചാരിറ്റബിള്‍ ട്രസ്റ്റിന്റെ നേതൃത്വത്തില്‍ നല്‍കി വരുന്നത്. പ്രളയകാലത്ത് അവശ്യ സാധനങ്ങള്‍ ക്യാംപുകളിലും ഒറ്റപ്പെട്ട് കിടന്ന വീടുകളിലും എത്തിച്ച് നല്‍കിയാണ് 2018 ല്‍ കോ-ഓഡിനേഷന്‍ കമ്മിറ്റി പ്രവര്‍ത്തന പഥത്തിലേക്ക് ഇറങ്ങിയത്. അതിന്റെ തുടര്‍ച്ചയായി നൂറ് വീടുകള്‍ 2018 ലെ പ്രളയത്തില്‍ അകപ്പെട്ടവര്‍ക്കായി നിര്‍മിച്ച് നല്‍കുന്ന പദ്ധതികളും പുരോഗമിക്കുന്നതിനിടയിലാണ് ഇത്തവണയും വയനാടിനെ പ്രളയം പ്രഹരമേല്‍പ്പിച്ചത്. ഇതോടെ ഈ പദ്ധതികളുടെ നടത്തിപ്പിനൊപ്പം തന്നെ ദുരിതബാധിതരുടെ കണ്ണീരൊപ്പാനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും കോ-ഓഡിനേഷന്‍ കമ്മിറ്റി മുന്നിട്ടിറങ്ങി.
ഇതിന്റെ ഭാഗമായി സമസ്ത ജില്ലാ കാര്യാലയത്തില്‍ ആരംഭിച്ച കളക്ഷന്‍ സെന്ററിലേക്ക് കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തൃശൂര്‍ അടക്കമുള്ള ജില്ലകളില്‍ നിന്നും സാധനങ്ങള്‍ എത്തിത്തുടങ്ങിയിട്ടുണ്ട്. ഇവിടെ സ്വീകരിക്കുന്ന സാധനങ്ങള്‍ തരംതിരിച്ച് ദുരിതമനുഭവിക്കുന്ന കുടുംബങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങള്‍ കിറ്റുകളാക്കി വീടുകളിലെത്തിച്ച് നല്‍കും. അതില്‍ അരി മുതലുള്ള പലവ്യഞ്ജനങ്ങളും വസ്ത്രങ്ങള്‍, പുതപ്പ് അടക്കമുള്ള അവശ്യ വസ്തുക്കളും ഉണ്ടാകും. ആളുകള്‍ ക്യാംപുകളില്‍ നിന്ന് വീടുകളിലേക്ക് മടങ്ങിയെത്തിയ ഉടന്‍ അവശ്യസാധനങ്ങള്‍ വീടുകളില്‍ എത്തിച്ച് നല്‍കുന്നതിനാണ് കമ്മിറ്റി ലക്ഷ്യം വെക്കുന്നത്. പുത്തുമല ദുരന്ത ബാധിതര്‍ക്കായി താല്‍ക്കാലിക പുനരധിവാസ കേന്ദ്രങ്ങള്‍ ഒരുങ്ങുന്ന മുറക്കും അവിടെങ്ങളില്‍ സഹായങ്ങള്‍ എത്തിച്ച് നല്‍കാമെന്ന ലക്ഷ്യത്തിലാണ് കോ-ഓര്‍ഡിനേഷന്‍ കമ്മിറ്റിയുള്ളത്.
കളക്ഷന്‍ സെന്ററില്‍ സാധനങ്ങള്‍ സ്വീകരിക്കുന്നതും തരംതിരിക്കുന്നതടക്കമുള്ള പ്രവര്‍ത്തനങ്ങളും നടത്തുന്നത് എസ്.കെ.എസ്.എസ്.എഫിന്റെ കീഴിലുള്ള വിഖായ പ്രവര്‍ത്തകരാണ്.
സമസ്ത കേന്ദ്ര മുശാവറ അംഗവും ജില്ലാ പ്രസിഡന്റുമായ കെ.ടി ഹംസ മുസ്‌ലിയാര്‍ രക്ഷാധികാരിയായ കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ ചെയര്‍മാന്‍ പിണങ്ങോട് അബൂബക്കര്‍ ഹാജിയാണ്. പി.സി ഇബ്രാഹിം ഹാജിയാണ് കണ്‍വീനര്‍. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടുന്ന 33 അംഗ കമ്മിറ്റിയാണ് കോ-ഓഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."