നാട്ടിലുള്ള സര്‍വതും നഷ്ടപ്പെട്ടു; കണ്ണീരുമായി മുഹമ്മദ് റാഫി മടങ്ങി
അബ്ദുസ്സലാം കൂടരഞ്ഞി
ദമാം: കനത്ത ദുരന്തത്തില്‍ നാട്ടിലുള്ള ഉറ്റവരും വീടും സ്ഥലവുമടക്കം സര്‍വവും നഷ്ടപ്പെട്ട മുഹമ്മദ് റാഫി കണ്ണീരോടെ നാട്ടിലേക്കു പറന്നു. പ്രകൃതി താണ്ഡവത്തില്‍ നാട്ടിലെ കൂടപ്പിറപ്പുകളടക്കം സര്‍വവും നഷ്ടപ്പെട്ടതറിഞ്ഞു വിങ്ങുന്ന മനസോടെ കഴിഞ്ഞിരുന്ന ഇദ്ദേഹത്തിന് ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷമാണ് നാട്ടിലേക്കു പോകാനുള്ള അവസരം കൈവന്നത്.
അല്‍ഖോബാറിലെ ബേക്കറി ജീവനക്കാരനായ മുഹമ്മദ് റാഫി (24) ക്ക് വയനാട് ചോലമലയില്‍ ഉണ്ടായ ഉരുള്‍പ്പൊട്ടലിലാണ് എല്ലാം നഷ്ടമായത്.
പിതാവ് അയ്യൂബ് (48), വലിയുമ്മ നഫീസ (60), അമ്മാവന്‍ ഖാലിദ് (48), ഖാലിദിന്റെ മകന്‍ ജുനൈദ് (18) എന്നിവരാണ് റാഫിയുടെ കുടുംബത്തില്‍നിന്നു കാണാതായത്. ഇതില്‍ വലിയുമ്മ നഫീസയുടേതൊഴികെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തി.
താന്‍ ഗള്‍ഫിലേക്ക് വരുമ്പോള്‍ യാത്രയാക്കിയ ഇവരുടെ മുഖം പോലും കാണാന്‍ സാധിക്കാത്ത നിലയിലാണ് യുവാവ് മനസ്സറ്റ് ഇവിടെനിന്നു വിമാനം കയറിയത്. ഇദ്ദേഹത്തിന്റെ ഉമ്മ രാമനാട്ടുകരയില്‍ ചികത്സയിലാണ്.
ഏറെ കടമ്പകള്‍ കടന്നാണ് മുഹമ്മദ് റാഫിയുടെ നാട്ടിലേക്കുള്ള യാത്രാ രേഖകള്‍ ശരിയാക്കിയത്. അവധി ദിനമായ വെള്ളിയാഴ്ച തന്നെ റാഫിയുടെ സ്‌പോണ്‍സര്‍ ആനുകൂല്യങ്ങളും എസ്‌കിറ്റ് നടപടികളും പൂര്‍ത്തിയാക്കി പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ കൈമാറി.
കെ.എം.സി.സി നേതാക്കളാണ് റാഫിയെ ആശ്വസിപ്പിക്കാനും സ്‌പോണ്‍സറുമായി സംസാരിച്ചു കാര്യങ്ങള്‍ നീക്കുവാനുമായി രംഗത്തുണ്ടായിരുന്നത്.
ഈ മാസാവസാനം ഇഖാമ കാലാവധി കഴിയുന്നതോടെ ജോലി മതിയാക്കി കുടുംബത്തിലേക്കു തിരിച്ചു പോകണമെന്നു കരുതിയ മുഹമ്മദ് റാഫി കൂടപ്പിറപ്പുകളും വീടും പറമ്പും ഒന്നുമില്ലാത്ത നാട്ടിലേക്കാണ് വിമാനം കയറിയത്. ഇനിയുള്ള കാലത്ത് ഉമ്മ മാത്രമാണ് യുവാവിന് അത്താണി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."