നാലു വര്‍ഷത്തിനിടെ സിറിയയില്‍ 106 രാസായുധ ആക്രമണങ്ങള്‍
ലണ്ടന്‍: 2013 സെപ്റ്റംബര്‍ മുതല്‍ സിറിയയില്‍ ബഷാറുല്‍ അസദിന്റെ നേതൃത്വത്തില്‍ നടന്നത് 106 രാസായുധ ആക്രമണങ്ങളെന്ന് റിപ്പോര്‍ട്ട്. രാസായുധ നിയന്ത്രണത്തിനുള്ള അന്താരാഷ്ട്ര സംഘടനയായ കെമിക്കല്‍ വെപണ്‍സ് കണ്‍വന്‍ഷനില്‍ (സി.ഡബ്ല്യു.സി) ഒപ്പുവച്ചതിന് ശേഷമാണ് ഈ ആക്രമണങ്ങള്‍ നടത്തിയതെന്ന് ബി.ബി.സി പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ പറയുന്നു. രാജ്യത്തെ മുഴുവന്‍ രാസായുധങ്ങളും തകര്‍ക്കുമെന്ന് സിറിയന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു.
സി.ഡബ്ല്യു.സിയില്‍ ഒപ്പുവച്ച ഒരു മാസത്തിനുള്ളില്‍ തന്നെ ദമസ്‌കസിന്റെ വിവിധ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ രാസായുധ ആക്രമണം നടത്തിയിരുന്നു. സരിന്‍ ഉള്‍പ്പെടെയുള്ള രാസായുധങ്ങള്‍ ഉപയോഗിച്ചുള്ള ആക്രമണത്തില്‍ നൂറുകണക്കിന് പേരാണ് അന്ന് മരിച്ചത്. ആക്രമണത്തിന് പിന്നില്‍ സര്‍ക്കാരാണെന്ന് യു.എസ് ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ആരോപിച്ചെങ്കിലും സംഭവത്തിന് പിന്നില്‍ പ്രതിപക്ഷമാണെന്നായിരുന്നു അസദിന്റെ ആരോപണം.
സിറിയക്ക് പിന്തുണയുമായി സഖ്യകക്ഷിയായ റഷ്യയും രംഗത്തെത്തും. എന്നാല്‍ ആക്രമണം നടന്ന പ്രദേശങ്ങളിലേക്ക് യു.എന്‍, അന്താരാഷ്ട്ര രാസായുധ നിരോധിത സംഘടനയായ ഒ.പി.സി.ഡബ്ല്യു തുടങ്ങിയവയുടെ പ്രതിനിധികളെ അപൂര്‍വമായാണ് പ്രവേശിപ്പിക്കാറുള്ളത്.
രാസായുധ പ്രയോഗങ്ങള്‍ മറ്റുള്ള ആക്രമണങ്ങളെക്കാള്‍ ഭീകരമാണെന്ന് അലപ്പോ നിവാസിയായ അബൂ ജാഫര്‍ ബി.ബി.സി പ്രതിനിധികളോട് പറഞ്ഞു. ബോംബ്, റോക്കറ്റ് ആക്രമണങ്ങളുണ്ടായാല്‍ ജനങ്ങള്‍ കൂടുതല്‍ വേദനകള്‍ അനുഭവിക്കാതെ ഉടന്‍ മരിക്കും. എന്നാല്‍ രാസായുധ ആക്രമണങ്ങള്‍ ശ്വാസംമുട്ടിച്ചാണ് കൊല്ലുക. മുക്കിക്കൊല്ലുന്നത് പോലെ സാവധാനത്തിലാണ് മരിക്കുക. ആക്രമിക്കപ്പെട്ടവരില്‍ നിന്ന് ഓക്‌സിജന്‍ നീക്കിയാലുണ്ടാവുക ഭീകര അവസ്ഥയായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
2013 മുതല്‍ തങ്ങള്‍ രാസായുധങ്ങള്‍ ഉപയോഗിക്കുന്നില്ലെന്ന് അസദ് ഈ വര്‍ഷം ആദ്യത്തില്‍ ആവര്‍ത്തിച്ചിരുന്നു. 2013 സെപ്റ്റംബര്‍ മുതല്‍ 2018 ഏപ്രില്‍ വരെ സിറിയയില്‍ 37 രാസായുധ ആക്രമണങ്ങള്‍ നടന്നുവെന്ന് ഒ.പി.സി.ഡബ്ല്യു, യു.എന്‍ സംയുക്ത അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.
എന്നാല്‍, നാലു വര്‍ഷത്തിനിടെ 164 രാസായുധ ആക്രമണങ്ങള്‍ നടന്നുവെന്നും ഇതില്‍ 106 സംഭവങ്ങള്‍ക്ക് വ്യക്തമായ തെളിവുകളുണ്ടെന്നുമാണ് ബി.ബി.സി റിപ്പോര്‍ട്ട് പറയുന്നത്. മനുഷ്യാവകാശ സംഘടനകള്‍, മെഡിക്കല്‍ സംഘങ്ങള്‍ തുടങ്ങിയവയില്‍ വിവരങ്ങള്‍ ശേഖരിച്ചാണ് അവര്‍ റിപ്പോര്‍ട്ട് തയാറാക്കിയത്. കൂടാതെ ഇരകള്‍, ദൃക്‌സാക്ഷികള്‍, വിഡിയോ, ചിത്രങ്ങള്‍, അന്താരാഷ്ട്ര സംഘടനകള്‍ എന്നിവയുടെയും സഹകരണങ്ങള്‍ അവര്‍ തേടിയിട്ടുണ്ട്. അക്രമം നടന്ന പ്രദേശങ്ങളിലെ ചിത്രങ്ങള്‍ പകര്‍ത്താനോ അവിടെ സന്ദര്‍ശനം നടത്താനോ സിറിയന്‍ അധികൃതര്‍ അന്വേഷണസംഘത്തിന് അനുമതി നല്‍കിയില്ല. രാസായുധ ആക്രമണങ്ങളില്‍ മരിച്ചവരുടെ എണ്ണം വ്യക്തമായിട്ടില്ല.
ഏറ്റവും കൂടുതല്‍ രാസായുധ ആക്രമണങ്ങള്‍ നടന്നത് ഇദ്‌ലിബിലാണ്. സമീപ പ്രദേശങ്ങളായ ഹമ, അലപ്പോ, കിഴക്കന്‍ ഗൂത്ത എന്നിവിടങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ നടന്നു. 2017 ഏപ്രില്‍ നാലിന് ഖാന്‍ ശൈഖൂനിലാണ് ഏറ്റവും വലിയ ആക്രമണമുണ്ടായത്. 80 പേര്‍ കൊല്ലപ്പെട്ടിരുന്നു.
2011 മുതല്‍ സിറിയയില്‍ ആരംഭിച്ച ആഭ്യന്തര യുദ്ധത്തില്‍ ഇതുവരെ മൂന്നര ലക്ഷത്തില്‍ അധികം പേര്‍ കൊല്ലപ്പെട്ടു. അലപ്പോയില്‍ നിന്ന് മാത്രമായി 1,20,000 പേരാണ് പലായനം ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."