പെഹ്‌ലൂഖാന്‍ കേസ്: ആള്‍ക്കൂട്ട മര്‍ദനം വ്യാപിക്കാന്‍ ഇടയാക്കുമെന്ന് അഭിഭാഷകന്‍
ജയ്പൂര്‍: കാലിക്കടത്ത് ആരോപിച്ച് രാജസ്ഥാനിലെ ആള്‍വാറില്‍ പെഹ്‌ലൂഖാന്‍ എന്നയാളെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസില്‍ ഗോരക്ഷാ ഗുണ്ടകളെ സംശയത്തിന്റെ ആനുകൂല്യം നല്‍കി കോടതി വെറുതെ വിട്ട സംഭവം രാജ്യത്ത് വലിയ ചലനങ്ങളുണ്ടാക്കുമെന്ന് പെഹ്‌ലൂഖാന്റെ കുടുംബത്തിനുവേണ്ടി കോടതിയില്‍ ഹാജരായ അഭിഭാഷകന്‍. കേസില്‍ കുറ്റാരോപിതരായ ആറ് പ്രതികളെയും ആള്‍വാര്‍ ജില്ലാ കോടതി വെറുതെ വിട്ടത് ഇത്തരം കേസുകള്‍ രാജ്യത്ത് വര്‍ധിക്കാന്‍ ഇടയാക്കുമെന്നും അഭിഭാഷകന്‍ പറഞ്ഞു.
കോടതിവിധി രാജ്യത്തുടനീളം വലിയ ദുരന്തമായിരിക്കും ഉണ്ടാക്കുക. ആള്‍ക്കൂട്ടക്കൊലകള്‍ വര്‍ധിക്കാന്‍ ഇടയാക്കുന്നതാണ് ആള്‍വാര്‍ കോടതിയുടെ വിധി. ഇത്തരം സംഭവങ്ങളെക്കുറിച്ചുള്ള ധാരണകൂടി കോടതി പരിഗണിക്കേണ്ടതായിരുന്നുവെന്നും അഭിഭാഷകനായ അഖ്താര്‍ ഹുസൈന്‍ പറഞ്ഞു. കോടതി വിധിയെ പെഹ് ലൂഖാന്റെ കുടുംബം രാജസ്ഥാന്‍ ഹൈക്കോടതിയില്‍ ചോദ്യം ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഇത്തരം കേസുകളില്‍ പൊലിസ് നടത്തുന്ന ഇടപെടലുകള്‍ ഗൗരവത്തോടെയല്ല. ഇത് യഥാര്‍ഥ പ്രതികള്‍ കുറ്റവിമുക്തരാകാന്‍ ഇടയാക്കുന്നതാണ്.
പെഹ്‌ലൂഖാന്‍ കേസില്‍ അന്വേഷണ ചുമതലയുള്ള പൊലിസ് ഉദ്യോഗസ്ഥര്‍ പലതരത്തിലാണ് ഇടപെട്ടത്. ഖാനെ മര്‍ദിക്കുന്നതിന്റെ ദൃശ്യം അടങ്ങിയ വിഡിയോ കൃത്യമായി ഫോറന്‍സിക് ലാബിലേക്ക് അയക്കാന്‍ തയാറായില്ല എന്നതുതന്നെ വലിയ വീഴ്ചയാണ്.
ഏറെ വൈകി ലഭിച്ച വിഡിയോയിലെ ദൃശ്യങ്ങളാകട്ടെ ഫോറന്‍സിക് ലബോറട്ടറി വേണ്ട വിധത്തില്‍ പരിശോധിക്കാനും തയാറായില്ല. ഇത് വിഡിയോയെ അനുവദനീയമായ തെളിവായി സ്വീകരിക്കാന്‍ കോടതിയെ പ്രരിപ്പിച്ചില്ല. പൊലിസിന്റെ ഭാഗത്തുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇത്-അഖ്താര്‍ ഹുസൈന്‍ പറഞ്ഞു.
ദൃക്‌സാക്ഷികളായ നാലുപേരുടെ മൊഴികള്‍ വിശ്വാസയോഗ്യമായി കോടതി പരിശോധിക്കാതിരുന്നതിന് കാരണവും പൊലിസിന്റെ ഭാഗത്തുണ്ടായ വീഴ്ചയാണ്. രാജ്യം ഉറ്റുനോക്കിയ ഒരു കേസില്‍ പൊലിസ് എന്തുകൊണ്ടാണ് അനായസമായി ഇതിനെ കൈകാര്യം ചെയ്തതെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."