ഡാമുകള്‍ നശിക്കുന്നു; മണലും ചെളിയും നിറഞ്ഞ് കനാലുകളും നാശത്തിന്റെ വക്കില്‍
തിരുവനന്തപുരം: ഡാമുകളും തോടുകളും മണലും ചെളിയും നിറഞ്ഞ് നശിക്കുന്നു. അമിതമായി മണല്‍ അടിഞ്ഞുകൂടുന്നത് ഡാമുകളുടെ സംഭരണശേഷി കുറയ്ക്കുകയും ഭീഷണി സൃഷ്ടിക്കുകയും ചെയ്യുന്നു. കനാലുകളില്‍ പലതും ചെളി നിറഞ്ഞതിനാല്‍ വെള്ളമൊഴുക്ക് നിലച്ചും മാലിന്യങ്ങള്‍ നിറഞ്ഞും പൊതുജനാരോഗ്യത്തിനു പോലും ഭീഷണിയായി മാറുകയാണ്.
സംസ്ഥാനത്തെ മിക്ക ഡാമുകളും അമിതമായി മണല്‍ നിറഞ്ഞ് വേണ്ടത്ര സംഭരണശേഷിയില്ലാത്ത അവസ്ഥയിലാണെന്നാണ് നിയമസഭയുടെ വന്‍കിട- ഇടത്തരം ജലസേചന പദ്ധതികള്‍ സംബന്ധിച്ച എസ്റ്റിമേറ്റ് കമ്മിറ്റിയുടെ കണ്ടെത്തല്‍. ഈ മണല്‍ ഉടനടി നീക്കം ചെയ്യേണ്ടതുണ്ടെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഇതിനായി അംഗീകൃത ഏജന്‍സികളെക്കൊണ്ട് പഠനം നടത്തി നടപടി സ്വീകരിക്കാന്‍ സമിതി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്.
ഓരോ ഡാമിലെയും മണല്‍ നിക്ഷേപം സംബന്ധിച്ച് അളവെടുത്ത് അനുവദനീയമായ തോതില്‍ നീക്കി മിതമായ വിലയ്ക്ക് ആവശ്യക്കാര്‍ക്കു നല്‍കുകയോ സര്‍ക്കാര്‍ കെട്ടിടങ്ങളുടെ നിര്‍മാണത്തിന് ഉപയോഗിക്കുകയോ വേണം. തൊഴിലുറപ്പു പദ്ധതിയില്‍ ഉള്‍പ്പെടുത്തി മണല്‍ വാരുന്നതിനുള്ള നടപടി സ്വീകരിക്കണം. മലമ്പുഴ, മീങ്കര, ചുള്ളിയാര്‍,തെന്മല ഡാമില്‍ നിന്ന് മണല്‍ വാരി ഡിസീല്‍റ്റ് ചെയ്യാന്‍ തീരുമാനമെടുത്തിട്ടുണ്ട്. ഇതുപോലെ മറ്റു ഡാമുകളിലെയും മണല്‍ നീക്കം ചെയ്യാന്‍ സത്വര നടപടി സ്വീകരിക്കണമെന്നാണ് സമിതിയുടെ ശുപാര്‍ശ.
ഇത്തരം ഡാമുകളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ടത് അനിവാര്യമായതിനാല്‍ പദ്ധതിപ്രദേശങ്ങളിലെ ഭൂകമ്പം പോലുള്ള പ്രകൃതിക്ഷോഭങ്ങള്‍ സംബന്ധിച്ച് പഠനം നടത്തുന്നതിന് സി.ഇ.എസ്.എസ് പോലുള്ള സ്ഥാപനങ്ങളെ ചുമതലപ്പെടുത്തണം. ഡാം സേഫ്റ്റി അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കണം.
കനാലുകളുടെ നിര്‍മാണത്തിലെ അപാകതകളും അറ്റകുറ്റപ്പണികളുടെ അഭാവവുമാണ് ചെളി നിറഞ്ഞും കാടുപിടിച്ചും നശിക്കാന്‍ കാരണമാകുന്നത്. ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ വെള്ളമെത്തിക്കുന്നതിന് പല കനാലുകളും ഉപയുക്തമല്ല. കല്ലട പദ്ധതിയുടെ ഇടതുകര കനാല്‍ പൊളിഞ്ഞതു കാരണം വെള്ളമൊഴുക്ക് നിയന്ത്രിക്കേണ്ടി വന്നത് കൊല്ലം ജില്ലയില്‍ പല ഭാഗങ്ങളിലും വെള്ളമെത്തുന്നതിനു തടസ്സമാകുന്നു.
സബ് കനാലുകളെല്ലാം തന്നെ ഉപയോഗശൂന്യമാണ്. പൈപ്പുകളും വാല്‍വുകളും അശാസ്ത്രീയമായതിനാല്‍ അവയിലൂടെ വെള്ളമൊഴുകുന്നില്ല.
കനാലുകളുടെ ഇരുവശങ്ങളും സ്വകാര്യ വ്യക്തികള്‍ കൈയേറിയ സംഭവങ്ങള്‍ നിരവധിയാണ്. ഡാമുകളുടെയും പ്രധാന കനാലുകളുടെയും ഉപ കനാലുകളുടെയും റഗുലേറ്ററുകളുടെ അറ്റകുറ്റപ്പണി യഥാസമയം നടത്താത്തതിനാല്‍ ഉദ്ദേശിക്കുന്ന സ്ഥലങ്ങളില്‍ വെള്ളമെത്താത്ത അവസ്ഥ വ്യാപകമാണ്. കനാലുകള്‍ മണ്ണടിഞ്ഞും ചെളി നിറഞ്ഞും കാടുപിടിച്ചും നശിക്കുന്നതു തടയാന്‍ കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണി നടത്തണമെന്നും ഇതിനായി ബജറ്റില്‍ പുതിയൊരു ഹെഡ് ഓഫ് അക്കൗണ്ട് ആരംഭിക്കണമെന്നും ജലവിഭവ വകുപ്പിന്റെ ഇന്റേണല്‍ ഓഡിറ്റ് വിഭാഗം ശക്തമാക്കണമെന്നും സമിതി ശുപാര്‍ശ ചെയ്യുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."