HOME
DETAILS
MAL
ലാലിഗ സീസണ്‍ നാളെ തുടങ്ങും
backup
August 14 2019 | 22:08 PM
മാഡ്രിഡ്: ചെറിയൊരു ഇടവേളക്ക് ശേഷം വീണ്ടും യൂറോപ്പിലെ ഫുട്‌ബോള്‍ ലീഗുകള്‍ക്ക് ചൂടുപിടിച്ച് തുടങ്ങി. അവസാന സീസണിലെ മത്സരങ്ങള്‍ അവസാനിച്ച് വിശ്രമത്തിന് ശേഷം ക്ലബുകള്‍ മികച്ച ഒരുക്കമാണ് നടത്തിയിട്ടുള്ളത്. പ്രീ സീസണ്‍ മത്സരത്തില്‍ പലരും മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയപ്പോള്‍ പല വമ്പന്‍മാര്‍ക്കും താളം കണ്ടെത്താന്‍ കഴിഞ്ഞില്ല.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിന് കഴിഞ്ഞ ആഴ്ച തുടക്കമായി. ഇനി രണ്ടാമതായി സ്പാനിഷ് ഫുട്‌ബോള്‍ ലീഗായ ലാലിഗയും ജര്‍മന്‍ ഫുട്‌ബോള്‍ ലീഗായ ബുണ്ടസ്‌ലിഗയും നാളെ തുടങ്ങുകയാണ്. ലാലിഗയില്‍ കഴിഞ്ഞ വര്‍ഷത്തെ ചാംപ്യന്മാരായ ബാഴ്‌സലോണയും ഫോം കണ്ടെത്താനാകാതെ കുഴങ്ങിയ റയല്‍ മാഡ്രിഡും സിമയോണിയുടെ അത്‌ലറ്റിക്കോ മാഡ്രിഡും കിരീടം തേടിയാണ് ലാലിഗയില്‍ എത്തിയിട്ടുള്ളത്. കിരീടം നേടുന്നതിനായി വിവിധ ക്ലബുകള്‍ എന്തൊക്കെ ഒരുക്കങ്ങളാണ് ഈ സീസണില്‍ നടത്തിയിട്ടുള്ളതെന്ന് നോക്കാം.
ബാഴ്‌സലോണ
38 മത്സരങ്ങളില്‍ നിന്ന് 26 വിജയവും ഒമ്പത് സമനിലയും മൂന്ന് പരാജയവുമായി 87 പോയിന്റ് സ്വന്തമാക്കി എതിരാളികളെ ബഹുദൂരം പിന്നിലാക്കി ലാലിഗ കിരീടം സ്വന്തമാക്കിയ ടീമാണ് കാറ്റാലന്‍ ശക്തികള്‍. സീസണിന്റെ തുടക്കത്തില്‍ തന്നെ വ്യക്തമായി ആധിപത്യമുണ്ടായിരുന്ന ബാഴ്‌സലോണക്ക് കാര്യമായ വെല്ലുവിളികളൊന്നും നേരിടേണ്ടി വന്നില്ല.
പ്രധാന എതിരാളികളായ റയല്‍ മാഡ്രിഡിന്റെ മോശം ഫോം തന്നെയായിരുന്നു ബാഴ്‌സലോണക്ക് വെല്ലുവിളി ഇല്ലാതിരിക്കാന്‍ പ്രധാന കാരണം. രണ്ടാം സ്ഥാനത്തുണ്ടായിരുന്ന അത്‌ലറ്റിക്കോ മാഡ്രിഡുമായി 11 പോയിന്റിന്റെ വിത്യാസമാണ് ബാഴ്‌സലോണക്കുണ്ടായിരുന്നത്. മൂന്നാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡുമായി 19 പോയിന്റിന്റെയും ആധികാരിക മാറ്റവുമായിട്ടായിരുന്നു അവസാന സീസണില്‍ ബാഴ്‌സലോണ കിരീടം ചൂടിയത്.
ഈ സീസണില്‍ ബാഴ്‌സലോണ കാര്യമായ മാറ്റങ്ങളൊന്നും ടീമില്‍ വരുത്തിയിട്ടില്ല. അത്‌ലറ്റിക്കോ മാഡ്രിഡില്‍ നിന്ന് ഫ്രഞ്ച് താരം അന്റോയിന്‍ ഗ്രിസ്മാനെ ടീമിലെത്തിച്ചതാണ് പ്രധാന മാറ്റം. ചാംപ്യന്‍സ് ലീഗില്‍ അയാക്‌സിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത യുവ താരം ഫ്രാങ്കി ഡി യോങ്ങും കാറ്റാലന്‍ സംഘത്തിലെത്തിയിട്ടുണ്ട്. മുന്നേറ്റനിരയില്‍ ഉറുഗ്വെന്‍ താരം ലൂയീസ് സുവാരസ്, ലയണല്‍ മെസ്സി എന്നിവര്‍ ഉണ്ടായിരിക്കെ കാര്യമായ മാറ്റങ്ങളൊന്നും വേണ്ട എന്ന നിലപാടിലായിരുന്നു ബാഴ്‌സ.
ഈ ടീമുപയോഗിച്ച് പുതിയ സീസണില്‍ നേട്ടമുണ്ടാക്കാമെന്ന പ്രതീക്ഷയിലാണ് വാല്‍വര്‍ദേയും സംഘവും. ഇടക്കാലത്ത് പരിശീലകനെ മാറ്റണമെന്ന വാര്‍ത്തയും വന്നിരുന്നു. എന്നാല്‍ നിലവിലെ പരിശീലകനെ അധികൃതര്‍ തുടരാന്‍ അനുവദിക്കുകയും ചെയ്തു. പി.എസ്.ജി വിട്ട ബ്രസീലിയന്‍ താരം നെയ്മറിനെയും ഉടന്‍ ടീമിലെത്തിക്കാനുള്ള അണിയറ നീക്കങ്ങളും നടക്കുന്നുണ്ട്. നെയ്മര്‍ കൂടി തിരിച്ചെത്തുകയാണ്. സുവാരസ്, മെസ്സി, നെയ്മര്‍ അടങ്ങുന്ന ബാഴ്‌സലോണയുടെ മുന്നേറ്റ നിരക്ക് ശക്തി കൂടും.
റയല്‍ മാഡ്രിഡ്
കഴിഞ്ഞ സീസണില്‍ പിറകോട്ട് വളര്‍ന്ന റയല്‍ മാഡ്രിഡ് പുതിയ സീസണില്‍ അടിമുടി മാറിയിട്ടുണ്ട്. ടീം സമ്പൂര്‍ണ പരാജയമായതോടെ മുന്‍ പരിശീലകനായ സിനദീര്‍ സിദാനത്തന്നെ പെരസ് തിരിച്ച് വിളിച്ചു. സിദാന്‍ ടീം വിട്ടതിന് ശേഷം ഒക്ടബോര്‍ വരെ ജുലന്‍ ലെപറ്റഗിയായിരുന്നു റയലിന്റെ കടിഞ്ഞാണ്‍ പിടിച്ചിരുന്നത്. ലെപറ്റഗിക്ക് കാര്യമായ നേട്ടമൊന്നും ഉണ്ടാക്കാന്‍ സാധിച്ചില്ലെന്ന് മാത്രമല്ല ടീം സമ്പൂര്‍ണ പരാജയമായി മാറുകയും ചെയ്തു.
ലെപറ്റഗിയുടെ സ്ഥാനം തെറിച്ചതോടെ സാന്റിയോഗാ സൊളാരിയെന്ന മുന്‍ റയല്‍ മാഡ്രിഡ് താരത്തെ തന്നെ ഏല്‍പിച്ചു. എന്നിട്ടും റയല്‍ ഗതിപിടിച്ചില്ല. ഒക്ടോബര്‍ 30 മുതല്‍ മാര്‍ച്ച് 11 വരെ സൊളാരി റയലിനെ നയിച്ചു. എന്നാല്‍ ലാലിഗയിലും ചാംപ്യന്‍സ് ലീഗിലും തോറ്റ് തുന്നംപാടിയ റയല്‍ ലാലിഗിയില്‍ ഒരു ഘട്ടത്തില്‍ ആറാം സ്ഥാനം വരെ എത്തുന്ന അവസ്ഥയും ഉണ്ടായി. ഇതിനെ തുടര്‍ന്നായിരുന്നു റയലിന്റെ രക്ഷക്ക് ഇനി സിദാന്‍ അല്ലാതെ മറ്റു മാര്‍ഗങ്ങളില്ലെന്ന് മനസിലാക്കിയ പെരസ് സിദാനെ തിരിച്ച് വിളിച്ചത്. വിളി കേട്ട സിദാന്‍ വീണ്ടും റയലിനൊപ്പം ചേര്‍ന്നു.
എന്നാല്‍ കാര്യമായ മാറ്റങ്ങളൊന്നും ഉണ്ടായില്ലെങ്കിലും ലാലിഗയില്‍ മൂന്നാം സ്ഥാനം വരെ എത്താന്‍ റയലിനായി. പുതിയ സീസണില്‍ താരങ്ങളെ തപ്പി ഇറങ്ങിയ റയലിന് ഈഡന്‍ ഹസാര്‍ഡിനെ മാത്രമാണ് കാര്യമായി കിട്ടിയത്. എഫ്. സി പോര്‍ട്ടോയില്‍ നിന്ന് ഈഡര്‍ മിലിറ്റാവോ, ലിയോണില്‍ നിന്ന് ഫെര്‍ലാന്റ് മെന്‍ഡി, സാന്റോസ് എഫ്. സിയില്‍ നിന്ന് റോഡ്രിഗോ, റയല്‍ സരഗോസയില്‍ നിന്ന് ആല്‍ബര്‍ട്ട് സോറോ, ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ലൂക്കാ ജോവിച്ച് എന്നിവരാണ് ടീമിലെത്തിയത്. എന്നാല്‍ ഇതില്‍ ഹസാര്‍ഡിനെ മാത്രമാണ് സിദാന് കണ്ണില്‍ പിടിച്ചിട്ടൊള്ളു.
പ്രകടനം മോശമായതിനെ തുടര്‍ന്ന് വന്‍തുക മുടക്കി ടീമിലെത്തിച്ച സെര്‍ബിയന്‍ താരം ലൂക്കാ ജോവിച്ചിനെ ലോണില്‍ വിടാനും റയലിന് തീരുമാനമുണ്ട്. പോള്‍ പോഗ്ബക്കായി സിദാന്‍ ആവശ്യം ഉന്നയിച്ചിരുന്നെങ്കിലും ട്രാന്‍സ്ഫര്‍ നടക്കാതെ പോയി. പിന്നീട് പി.എസ്.ജി നിന്ന് നെയ്മറിനെ റാഞ്ചാനുള്ള ഒരുക്കവുമുണ്ടായിരുന്നു.
എന്നാല്‍ ബാഴ്‌സയും നെയ്മറിന് വേണ്ടി രംഗത്തെത്തിയപ്പോള്‍ ആരുടെ വലയിലാണ് താരം വീഴുകയെന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടീം വിട്ടതിന് ശേഷം റയലിന് കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാനായിട്ടില്ല.
അത്‌ലറ്റിക്കോ മാഡ്രിഡ്
അവസാന സീസണിലെ രണ്ടാം സ്ഥാനക്കാര്‍. ലാലിഗയിലും ചാംപ്യന്‍സ് ലീഗിലും മികച്ച ഓളമുണ്ടാക്കിയ ടീം. ഇത്തവണയും സിമയോണിയുടെ തന്ത്രത്തിലായിരിക്കും അത്‌ലറ്റിക്കോ മാഡ്രിഡ് കളത്തിലിറങ്ങുക. പ്രീ സസീണ്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിനെ നേരിട്ട അത്‌ലറ്റിക്കോ മാഡ്രിഡ് 7-3 എന്ന സ്‌കോറിനായിരുന്നു റയലിനെ തരിപ്പണമാക്കിയത്. മികച്ച ഫോമില്‍ നില്‍ക്കുന്ന ഡിയഗോ കോസ്റ്റയാണ് അത്‌ലറ്റിക്കോയുടെ പ്രധാന കരുത്ത്. അര്‍ധ അവസരങ്ങള്‍ മുതലാക്കാനുള്ള കഴിവാണ് കോസ്റ്റയെ വിത്യസ്തനാക്കുന്നത്.
ബെന്‍ഫിക്കയില്‍ നിന്ന് വന്‍തുക മുടക്കി ടീമിലെത്തിച്ച ജാവോ ഫെലിക്‌സ് ഈ വര്‍ഷത്തെ അത്‌ലറ്റിക്കോയുടെ മികച്ച കണ്ടെത്തലാണ്. റയല്‍ മാഡ്രിഡില്‍ നിന്ന് മധ്യനിരയിലേക്കെത്തിയ മാര്‍ക്കോസ് ലോറന്റെ, ടോട്ടനത്തില്‍ ബാക്ക് നിരയിലെത്തിയ കീരന്‍ ട്രിപ്പിയര്‍ എന്നിവരായിരിക്കും പുതിയ സീസണില്‍ അത്‌ലറ്റിക്കോ മാഡ്രിഡിന്റെ കരുത്ത്. മുന്നേറ്റനിരയില്‍ നിന്ന് അന്റോയിന്‍ ഗ്രിസ്മാന്‍ പോയതിന് പകരക്കാരനായിട്ടാണ് ഫെലിക്‌സിനെ സിമയോണി കണ്ടെത്തിയിട്ടുള്ളത്. ക്യാപ്റ്റനായിരുന്ന ഡിയഗോ ഗോഡിന്‍ പ്രതിരോധ നിരയില്‍ നിന്ന് ഇന്റര്‍മിലാനിലേക്ക് പോയതും അത്‌ലറ്റിക്കോക്ക് തിരിച്ചടിയാകും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."