HOME
DETAILS

കരിപ്പൂരിന്റെ വര്‍ത്തമാനവും ഭാവിയും

  
backup
October 15 2018 | 21:10 PM

%e0%b4%95%e0%b4%b0%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%82%e0%b4%b0%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%b5%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%ae%e0%b4%be

 

 

അന്താരാഷ്ട്ര നിലവാരമുള്ള ഇന്ത്യയിലെ തന്നെ ഏറ്റവും നീളം കൂടിയ പുതിയ ടെര്‍മിനല്‍ കെട്ടിടം പണി തീരാറായി. അതിനിടെ വ്യോമയാന മന്ത്രിയും മാറി. സുരേഷ്പ്രഭു ചുമതലയേറ്റു. ഇതൊക്കെയാണെങ്കിലും കോഡ് 'ഇ' വിമാനമിറക്കാനുള്ള അനുമതി ഡല്‍ഹിയിലെ മേശപ്പുറത്ത് ആരുടെയോ അനുവാദത്തിനായി കാത്തുകിടന്നു. എം.ഡി.എഫ് വീണ്ടും മലപ്പുറത്തെയും കോഴിക്കോട്ടെയും രാഷ്ട്രീയക്കാരെയും എം.പിമാരെയും കണ്ടു.
ഒടുവില്‍ അവര്‍ പ്രതികരിച്ചു. കേരള സര്‍ക്കാര്‍ 425 ഏക്കര്‍ സ്ഥലം നല്‍കാത്തതിനാലാണു കേന്ദ്രം കോഡ് 'ഇ' വിമാനങ്ങള്‍ക്ക് അനുമതി നിഷേധിക്കുന്നതെന്നായിരുന്നു പ്രതികരണം. പറഞ്ഞതു പച്ചനുണയായിരുന്നെന്നു ഞങ്ങള്‍ക്കറിയാമായിരുന്നു. ഇത് അവരെ പറഞ്ഞു പഠിപ്പിച്ച ഉദ്യോഗസ്ഥര്‍ക്കു പല ദിക്കില്‍നിന്നും പാരിതോഷികങ്ങള്‍ എത്തിച്ചുകൊടുക്കുന്ന ജോലി ആരുടേതയിരുന്നു? ആത്മാര്‍ഥമായ ഒരു ശ്രമവും എം.പിമാരില്‍നിന്ന് ഉണ്ടായില്ലെന്നതാണു സത്യം.
മലപ്പുറത്തെ എം.പി പി.കെ കുഞ്ഞാലിക്കുട്ടി ഡല്‍ഹിയില്‍ പോയതോടെ മലപ്പുറത്തുകാരുടെ പ്രതീക്ഷകള്‍ക്ക് ഒരായിരം ചിറകു മുളച്ചു. അദ്ദേഹം പരമാവധി ശ്രമിച്ചെങ്കിലും ഒന്നും എത്തേണ്ടിടത്ത് എത്തിക്കാന്‍ കഴിഞ്ഞില്ല (കോഴിക്കോട്ടെ എം.പി അതിനിടയില്‍ ചിലതൊക്കെ ചെയ്തിരുന്നു എന്ന കാര്യം മറക്കുന്നില്ല). മലബാറുകാരെ പറഞ്ഞു പറ്റിക്കാന്‍ അവര്‍ ആവതു ശ്രമിച്ചു കൊണ്ടിരുന്നു. ഇതൊക്കെ കേവല രാഷ്ട്രീയ തന്ത്രമായിരുന്നെന്നു പലരും മനസ്സില്‍ പറഞ്ഞു.
(മന്ത്രിപുത്രി ഷഹറസാദ് ഷഹരിയാര്‍ രാജാവിനോട് അപ്പോഴും കഥകള്‍ പറഞ്ഞുകൊണ്ടിരുന്നു. രാജാവിന്റെ രാത്രിയുറക്കം പാടേ ഇല്ലാതായി. ആയിരത്തൊന്നു രാവും പകലും കഴിഞ്ഞുപോയതു രാജാവിനെപ്പോലെ പ്രജകളും മറന്നുപോയി.)
ഒരു പകല്‍സ്വപ്നത്തില്‍നിന്നു ഞെട്ടിയുണര്‍ന്ന മലബാര്‍ ഡെവലപ്‌മെന്റ് ഫോറം നേതാക്കള്‍ ഉടനെ ഡല്‍ഹിക്കു വിമാനം കയറി. വ്യോമയാന മന്ത്രി സുരേഷ് പ്രഭുവുമായി മുന്‍കൂട്ടി നിശ്ചയിച്ചപ്രകാരം കൂടിക്കാഴ്ച നടത്തി. കരിപ്പൂരിന്റെ ആയിരത്തൊന്നു പകല്‍കഥകള്‍ അദ്ദേഹത്തെ ധരിപ്പിച്ചു. കോഴിക്കോട്ടെ എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ തയാറാക്കിയ 72 പേജുള്ള സാങ്കേതിക പഠനറിപ്പോര്‍ട്ടും ഇതര വിമാനക്കമ്പനികളുടെ സുരക്ഷാ പരിശോധനാ റിപ്പോര്‍ട്ടും അദ്ദേഹത്തിനു നേരില്‍ കൊടുത്തു. എന്റെ നാട്ടുകാരനും സുഹൃത്തുമായ എം.പി വി.മുരളീധരന്റെ സാന്നിധ്യം ആ കൂടിക്കാഴ്ചക്ക് ആക്കം കൂട്ടി.
'സുരക്ഷാ ഭീഷണിയില്ലെങ്കില്‍, സാങ്കേതികമായി എല്ലാം ശരിയാണെങ്കില്‍ തീര്‍ച്ചയായും കോഴിക്കോട്ട് വലിയ വിമാനങ്ങളിറങ്ങും' മന്ത്രി ഞങ്ങള്‍ക്ക് ഉറപ്പുതന്നു. നാളിതുവരെ കേരളത്തിലെ മറ്റൊരു രാഷ്ട്രീയ, സാമൂഹ്യ സംഘടനയും ശ്രമിക്കാതിരുന്ന അത്തരമൊരു കൂടിക്കാഴ്ച വഴിയൊരുക്കിയത് മലബാറുകാരുടെ ചിരകാല സ്വപ്നസാക്ഷാല്‍ക്കാരമായിരുന്നു. ആയിരത്തൊന്നു രാപ്പകലുകളുടെ നുണക്കഥകള്‍ക്കുള്ള അതിമഹത്തായ മറുപടിയായിരുന്നു ഞങ്ങളുടെ ഡല്‍ഹി യാത്ര.
അങ്ങനെ ഓഗസ്റ്റ് ഒന്‍പതാം തിയ്യതി വൈകുന്നേരം 4.30 ന് ആ പ്രഖ്യാപനം വ്യോമയാനമന്ത്രി സുരേഷ് പ്രഭു നടത്തി. കോഴിക്കോട്ട് വലിയ വിമാനങ്ങള്‍ ഇറക്കാനുള്ള അനുമതി ലോകം മുഴുവനുമുള്ള മലബാറുകാര്‍ തത്സമയം ആവേശത്തോടെ വീക്ഷിച്ചു. കോഡ് 'ഇ' ഇനത്തില്‍പ്പെട്ട ബോയിംഗ് 777200 ഇ.ര്‍, 777300 എല്‍.ആര്‍, എയര്‍ബസ് 330300, ഡ്രീംലൈനര്‍ എന്നീ വിമാനങ്ങള്‍ക്കു കരിപ്പൂരില്‍ ഇറങ്ങാന്‍ ഡി.ജി.സി.എയുടെ അനുമതിയും വന്നു.
ആയിരത്തൊന്നു ദിവസങ്ങള്‍ നുണക്കഥകള്‍ പറഞ്ഞു മലബാറുകാരെ പറ്റിച്ച സ്വന്തം നേതാക്കന്മാര്‍ ഇതുകേട്ട് അന്തംവിട്ടു. അവരില്‍ പലരും അവകാശവാദം അവിടെയും ഇവിടെയും പറഞ്ഞു തുടങ്ങി. ചിലര്‍ പത്രസമ്മേളനം വിളിച്ച് അവകാശം സ്ഥാപിച്ചു. മൂന്നരവര്‍ഷം ഇല്ലാക്കഥ പറഞ്ഞു മലബാറുകാരുടെ ഉറക്കം കെടുത്തിയവര്‍ ഇന്നു കരിപ്പൂരിന്റെ വക്താവായി മാറുന്ന അതിമനോഹര ചിത്രവും മലബാറുകാര്‍ കണ്ടു. നടന്നതെന്തുമാവട്ടെ, 'ബീവി കുത്തിയാലും വെള്ളാട്ടി കുത്തിയാലും അരി വെളുത്തിരിക്കണ'മെന്ന മലബാര്‍ പഴമൊഴി ഇവിടെ അന്വര്‍ഥമാകുന്നു.
(ആയിരത്തൊന്നു കഥകള്‍ പറഞ്ഞവസാനിപ്പിച്ചപ്പോള്‍ ഷഹരിയാര്‍ രാജാവ് തന്റെ മന്ത്രിയെ വിളിച്ചുപറഞ്ഞു: 'നിങ്ങളുടെ മകള്‍ ഷഹറസാദ് സുന്ദരി മാത്രമല്ല അതീവബുദ്ധിശാലി കൂടിയാണ്. വിളിക്കൂ, നാട്ടിലെ എല്ലാ എഴുത്തുകാരെയും. അവരെല്ലാം ചേര്‍ന്ന് എനിക്ക് ഷഹറസാദ് പറഞ്ഞുതന്ന ആയിരത്തൊന്നു രാവുകളിലെ കഥകള്‍ പകര്‍ത്തട്ടെ. മാനവലോകം അതു വായിച്ചാസ്വദിക്കട്ടെ. ആ മാന്ത്രിക കഥകളുടെ പൊരുളുകള്‍ അവരറിയട്ടെ)
അതുപോലെ, കരിപ്പൂരിന്റെ ഈ കഥകള്‍ രചിക്കപ്പെടേണ്ടതാണ്. വരും തലമുറ അറിയണം നമ്മുടെ പ്രിയപ്പെട്ട രാഷ്ട്രീയ നേതൃത്വം നമുക്കുവേണ്ടി 'ചെയ്തു'തന്നത് എന്തൊക്കെയാണെന്ന്.., ആരുടെ വാശിയായിരുന്നു ഇത്രനാളും കരിപ്പൂരിനെ കണ്ണീര്‍ കുടിപ്പിച്ചതെന്ന്.., മൂന്നരവര്‍ഷം തീ തീറ്റിച്ചവര്‍ ആരൊക്കെയായിരുന്നെന്ന്. ഒരിഞ്ചുഭൂമി പോലും വിലയ്‌ക്കെടുക്കാതെ എങ്ങനെ വലിയ വിമാനങ്ങള്‍ വീണ്ടും കരിപ്പൂരില്‍ ഇറങ്ങിയെന്നു പറയാനുള്ള ധൈര്യമെങ്കിലും നമ്മുടെ രാഷ്ട്രീയക്കാര്‍ കാണിക്കുമെന്നു പ്രത്യാശിക്കാം.
വെറും 385 ഏക്കറില്‍ സ്ഥിതി ചെയ്യുന്ന വിമാനത്താവളത്തിനു പരിമിതികള്‍ ഏറെയായിരിക്കും. വലിയ വിമാനങ്ങള്‍ ഇറങ്ങാന്‍ മുറവിളി കൂട്ടുമ്പോഴും കരിപ്പൂര്‍ ശ്വാസംമുട്ടിക്കൊണ്ടിരിക്കുകയാണെന്നതു യാഥാര്‍ഥ്യമാണ്. ഒരേ സമയം രണ്ടു വലിയവിമാനങ്ങള്‍ക്കു പറന്നുയരാന്‍ കരിപ്പൂരിന്റെ പുഷ്ബാക്ക് സജ്ജമല്ലെന്നതിനാല്‍ സ്ലോട്ടുകള്‍ അനുവദിക്കുമ്പോള്‍ നിയന്ത്രണങ്ങള്‍ക്കു വളരെ കരുതല്‍ വേണം. അതിനാല്‍, കോഡ് 'ഇ' വിമാനങ്ങള്‍ക്ക് ആദ്യത്തെ ആറു മാസം പകല്‍സമയ പറക്കല്‍ മാത്രമായിരിക്കും അനുവദിക്കുക. കാറ്റ്1 ഐ.എല്‍.എസ്.ഐ ഇന്റെന്‍സിറ്റി റണ്‍വേ ലൈറ്റിങ് ആയതിനാല്‍ ഏതു കാലാവസ്ഥയിലും വിമാനം ഇറക്കലോ പറന്നുയരലോ പ്രയാസകരമല്ല.
ദക്ഷിണേന്ത്യയിലെ ഏറ്റവും നീളംകൂടിയ ടെര്‍മിനല്‍ കെട്ടിടം കരിപ്പൂരില്‍ സജ്ജമായിരിക്കുകയാണ്. 17,000 ചതുരശ്രമീറ്റര്‍ വലിപ്പമുള കെട്ടിടത്തില്‍ എല്ലാ ആധുനിക സജ്ജീകരണങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര നിലവാരം പുലര്‍ത്തുന്ന പുതിയ ടെര്‍മിനല്‍ കെട്ടിടം അടുത്തമാസം തുറക്കുന്നതോടെ കരിപ്പൂരില്‍ യാത്രക്കാര്‍ ഇന്നു നേരിടുന്ന പ്രയാസങ്ങളെല്ലാം കുറയും. വിമാനമിറങ്ങി പതിനഞ്ചു മിനിറ്റിനുള്ളില്‍ യാത്രക്കാര്‍ക്കു പുറത്തു പോകാന്‍ കഴിയും.
പുതിയ കെട്ടിടത്തില്‍ ഫുഡ് കോര്‍ട്ട് മുതല്‍ ഡ്യൂട്ടി ഫ്രീ ഷോപ്പുവരെ എല്ലാ സൗകര്യവുമുണ്ടാകും. ഇതൊക്കെയാണെങ്കിലും പുറത്തു ലോകത്തെവിടെയും കാണാത്ത തിരക്കായിരിക്കും. വരവേല്‍ക്കാനും യാത്രാമംഗളം നേരാനുമായി കുടുംബസമേതം വരുന്ന കാഴ്ച ഒരു പക്ഷേ, കരിപ്പൂരില്‍ മാത്രമായിരിക്കും. ഊഷ്മള സ്‌നേഹത്തിന്റെ അനന്തമായ കൈമാറ്റരീതികള്‍ ഇവിടെ നിത്യകാഴ്ചയാണ്. പോകുന്നവരുടെയും വരുന്നവരുടെയും സ്‌നേഹ വായ്പ്പിന്റെ പ്രകടനങ്ങള്‍ അനിര്‍വചനീയമാണ്. അത്രമേല്‍ ശക്തിയുള്ളതാണു മലബാര്‍ സ്‌നേഹം.
രാപ്പകല്‍ ഭേദമന്യേ വന്നു പോവുന്നവരുടെ തിരക്കുകള്‍ കൂടിക്കൊണ്ടിരിക്കുന്ന രസകരമായ കാഴ്ചകള്‍ കരിപ്പൂരിനു സ്വന്തമാണ്. എന്നാല്‍, കാര്‍ പാര്‍ക്കിങ്, നടപ്പാതകള്‍, ഇരിപ്പിടങ്ങള്‍.. എല്ലാം പരിമിതമാണ്. രണ്ടോ മൂന്നോ വിമാനങ്ങള്‍ ഒന്നിച്ചു വന്നാല്‍ ഉത്സവത്തിരക്കായിരിക്കും അവിടെ. വരുന്നവരും പോകുന്നവരും മാത്രമല്ലല്ലോ ഇവിടെയുണ്ടാവുക. പതിനായിരങ്ങളെ ഉള്‍ക്കൊള്ളാന്‍ ഇനിയും ഒരുപാടു സ്ഥലമാവശ്യമാണ്. കേരള സര്‍ക്കാര്‍ ഇതിനായി സ്ഥലമേറ്റെടുത്ത് എയര്‍പോര്‍ട്ട് അതോറിറ്റിക്കു കൈമാറണം.
കഴിഞ്ഞ ഇരുപത്തഞ്ചു വര്‍ഷമായി കൂടുതല്‍ സ്ഥലം വേണമെന്ന ആവശ്യം എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ ഉന്നയിക്കുന്നു. ഒരിഞ്ചു ഭൂമി പോലും കേരള സര്‍ക്കാരിനു കൊടുക്കില്ലെന്ന വാശിയിലാണു സ്ഥലവാസികള്‍. കാരണം, പണ്ടു വാങ്ങിയ സ്ഥലങ്ങളുടെ കണക്കുകള്‍ ഇനിയും തീര്‍ത്തിട്ടില്ലത്രെ. വാഗ്ദാനങ്ങള്‍ സര്‍ക്കാര്‍ പാലിച്ചില്ലെന്നു പറയപ്പെടുന്നു. മാറിമാറി വരുന്ന ഇടതു വലതു സര്‍ക്കാരുകള്‍ കരിപ്പൂരിന്റെ കാര്യത്തില്‍ ചിറ്റമ്മനയം സ്വീകരിക്കുന്നു.
മലപ്പുറത്തെ രാഷ്ട്രീയക്കാരും ഇക്കാര്യത്തില്‍ ഒന്നിക്കുന്നില്ല. സ്ഥലമേറ്റെടുത്തു കൊടുത്താല്‍ കേന്ദ്രം എല്ലാം ചെയ്യും. റണ്‍വേ വികസിപ്പിക്കും. മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തും. പക്ഷേ, നാളിതുവരെ ഒരു സര്‍ക്കാര്‍ ഉത്തരവുപോലും ഇറക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. സമരസമിതിക്കാരുടെ ആവശ്യങ്ങള്‍ ന്യായമാണ്. മാന്യമായ വില നല്‍കുക, ഭദ്രമായ പുനരധിവാസമൊരുക്കുക. പത്തു കിലോമീറ്റര്‍ അകലെ പ്രദേശവാസികള്‍ തന്നെ മറ്റൊരു സ്ഥലം കാണിച്ചുകൊടുത്തു.
ഒരു പാര്‍പ്പിട നഗരം രൂപപ്പെടുത്തിയാല്‍ അവര്‍ സ്ഥലം വിട്ടുകൊടുക്കാന്‍ തയ്യാറാണ്. എന്നാല്‍, നമ്മുടെ സര്‍ക്കാര്‍ ഇവരുടെ ആവശ്യങ്ങള്‍ മുഖവിലക്കെടുക്കുന്നില്ല. ധാര്‍ഷ്ട്യം ഒഴിവാക്കി സ്‌നേഹത്തിന്റെയും സമന്വയത്തിന്റെയും രീതികള്‍ കൈക്കൊള്ളാന്‍ അധികൃതരും രാഷ്ട്രീയ നേതൃത്വവും തയാറായാല്‍ കരിപ്പൂരില്‍ ഭൂമി ലഭിക്കും. സമരസമിതി നേതാക്കന്മാര്‍ അതിന് ഒരുക്കമാണ്.
ഇനി ഭൂമി ലഭിച്ചാല്‍ത്തന്നെ അവിടത്തെ ഗര്‍ത്തങ്ങള്‍ മണ്ണിട്ടുമൂടുകയെന്നതു ബുദ്ധിമുട്ടാണ്. മണ്ണു കിട്ടണമെങ്കില്‍ മറ്റു മലകളെ തേടിപ്പോവണം. അവിടെ പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉടലെടുക്കും. ഒരു ദിവസം അമ്പതു ലോഡ് മണ്ണു കൊണ്ടുവന്നാല്‍ എത്ര വര്‍ഷം വേണ്ടിവരും ഈ കുഴികള്‍ നികത്താന്‍! പകരം എലിവേറ്റഡ് റണ്‍വേ ഉണ്ടാക്കുകയാണെങ്കില്‍ കരിപ്പൂരിനെ ലോകോത്തര വിമാനത്താവളമായി ഉയര്‍ത്താവുന്നതാണ്. ഇച്ചാശക്തിയുള്ള ഭരണകൂടത്തിനേ നാടിന്റെ വികസനമുഖം കാണാന്‍ കഴിയൂ.
പിണറായി സര്‍ക്കാര്‍ തുടക്കത്തില്‍ കരിപ്പൂരിനുവേണ്ടി ചിലതൊക്കെ ചെയ്യാന്‍ തുടങ്ങിയിരുന്നു. സ്ഥലവാസികളോടു സംസാരിക്കാനും സ്ഥലമേറ്റെടുക്കാനും മലപ്പുറത്തെ മന്ത്രി കൂടിയായ കെ.ടി ജലീലിനെ ഉത്തരവാദപ്പെടുത്തിയിരുന്നു. രണ്ടുമൂന്നു സിറ്റിങ് ആദ്യവര്‍ഷം നടന്നു. പിന്നെ അനക്കമില്ലാതായി.
എല്ലാവരുടെയും ശ്രദ്ധ കണ്ണൂരിലേക്കു പോയി. ഇന്ന് അവരാരും കരിപ്പൂരിനെക്കുറിച്ച് ഒരക്ഷരം ഉരിയാടുന്നില്ല. മലപ്പുറം ഭരണാധികാരി അമിത് വീണക്കും ഇക്കാര്യത്തില്‍ ഒന്നും പറയാനില്ലാതായി. അവിടത്തെ എം.പിമാരും ശബ്ദിക്കുന്നില്ല. ഇനി എപ്പോഴാണാവോ കുറച്ചെങ്കിലും സ്ഥലം കേന്ദ്രത്തിനു വാങ്ങിക്കൊടുക്കുക.
(തുടരും)

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലാസ്റ്റിക് ഉപയോഗം കുറയ്ക്കാൻ ബോധവൽകരണവുമായി മസ്കത്ത് മുനിസിപ്പാലിറ്റി

oman
  •  2 months ago
No Image

പൂരം കലക്കലില്‍ തുടരന്വേഷണം ഉണ്ടാകുമെന്ന് മുഖ്യമന്ത്രിയുടെ ഉറപ്പ്; തീരുമാനം സി.പി.ഐ നേതാക്കളുമായുള്ള കൂടിക്കാഴ്ച്ചക്ക് ശേഷം

Kerala
  •  2 months ago
No Image

യുഎഇയിൽ വാഹനപകടം; ഒരാളുടെ നില ഗുരുതരം

uae
  •  2 months ago
No Image

ഊട്ടി, കൊടൈക്കനാല്‍ വിനോദ സഞ്ചാരികള്‍ക്ക് ഇ-പാസ് തുടരും; തുടരുന്നത് ഹൈകോടതിയുടെ പുന:പരിശോധന ഉത്തരവ് വരുന്നത് വരെ

National
  •  2 months ago
No Image

500 രൂപയുടെ കള്ളനോട്ട് ബാങ്കില്‍ നിക്ഷേപിക്കാനെത്തിയ യുവതി അറസ്റ്റില്‍

Kerala
  •  2 months ago
No Image

ആറാം തീയതി വരെ മഴ; നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ലക്ഷദ്വീപ് തീരത്ത് കള്ളക്കടല്‍ പ്രതിഭാസ മുന്നറിയിപ്പ്

Kerala
  •  2 months ago
No Image

വയോജന ദിനത്തിൽ ദുബൈ എമിഗ്രേഷൻ പരിപാടികൾ സംഘടിപ്പിച്ചു

uae
  •  2 months ago
No Image

കൊല്ലം-എറണാകുളം റൂട്ടില്‍ പുതിയ സ്‌പെഷല്‍ ട്രെയിന്‍ അനുവദിച്ച് റെയില്‍വേ

Kerala
  •  2 months ago
No Image

ഒമാന്‍ നാഷനല്‍ സാഹിത്യോത്സവ് നവംബര്‍ 15ന് സീബില്‍

oman
  •  2 months ago
No Image

രാജ്യത്തിന്റെ മണ്ണില്‍ കാലുകുത്താന്‍ അര്‍ഹതയില്ല; യുഎന്‍ സെക്രട്ടറി ജനറലിന് രാജ്യത്തേയ്ക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി ഇസ്‌റാഈല്‍

International
  •  2 months ago