മികച്ച ക്ലാസ് ലൈബ്രറി: വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളിന് ജില്ലാ പഞ്ചായത്തിന്റെ ആദരം
നാദാപുരം: കോഴിക്കോട് ജില്ലാപഞ്ചായത്തും വിദ്യാഭ്യാസ വകുപ്പും ചേര്‍ന്ന് ജില്ലയിലെ ഹൈസ്‌കൂളുകളില്‍ നടപ്പിലാക്കി വരുന്ന ക്ലാസ് ലൈബ്രറി പദ്ധതിയുടെ മാതൃകാ പ്രവര്‍ത്തനത്തിന് വാണിമേല്‍ ക്രസന്റ് ഹൈസ്‌കൂളിന് ജില്ലാ പഞ്ചായത്തിന്റെ ആദരം. നാളെ ഉച്ചക്ക് രണ്ട് മണിക്ക് വാണിമേല്‍ ക്രസന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുന്ന പരിപാടി കോഴിക്കോട് ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ബാബു പാറശ്ശേരി ഉദ്ഘാടനം ചെയ്യും. മികവിന്റെ പൂമരം എന്ന് പേരിട്ട ഈ പദ്ധതി ജില്ലാ വിദ്യാഭ്യാസ സമിതി എഡ്യു കെയറിന്റെ കീഴിലാണ് നടപ്പിലാക്കി വരുന്നത്. പദ്ധതിയുടെ വിജയ പ്രഖ്യാപനവും ചടങ്ങില്‍ നിര്‍വഹിക്കും.
ക്ലാസ് ലൈബ്രറി എന്ന ആശയത്തെ പ്രായോഗികവും ഫലപ്രദവുമായ പ്രവര്‍ത്തനങ്ങള്‍ നടത്തി കോഴിക്കോട് ജില്ലക്ക് മാതൃകയായതിനാണ് ക്രസന്റ് ഹൈസ്‌കൂളിന് ജില്ലാപഞ്ചായത്ത് ആദരം നല്‍കുന്നത്. കഴിഞ്ഞ മാസം കോഴിക്കോട് വച്ച് നടന്ന ഹെഡ്മാസ്റ്റര്‍മാരുടെ സമ്മേളനത്തില്‍ ക്രസന്റിലെ മാതൃക പ്രവര്‍ത്തനം വിശദീകരിക്കാന്‍ കുട്ടികള്‍ക്ക് അവസരം ലഭിച്ചിരുന്നു. ജനകീയ പങ്കാളിത്തത്തോട് കൂടി മുഴുവന്‍ ക്ലാസുകളിലും ലൈബ്രറി ഷെല്‍ഫും പുസ്തകങ്ങളും സജ്ജീകരിക്കാന്‍ ക്ലാസ് പി.ടി.എയാണ് മുന്നിട്ടിറങ്ങിയത്.
ബാഗ് ലൈബ്രറി, പ്രഭാത വായന, വായന കുറിപ്പു തയാറാക്കല്‍, മാഗസിന്‍ പ്രസിദ്ധീകരണം, പുസ്തക പ്രകാശനം, അമ്മ വായന, പത്രവായന ക്വിസ്, പുസ്തക ചര്‍ച്ച തുടങ്ങിയവയാന്ന് പ്രധാന ലൈബ്രറി പ്രവര്‍ത്തനങ്ങള്‍.
ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടര്‍ ഇ.കെ സുരേഷ്‌കുമാര്‍, ജില്ലാപഞ്ചായത്ത് അംഗം അഹമ്മദ് പുന്നക്കല്‍, ഡയറ്റ് പ്രിന്‍സിപ്പല്‍ കെ.ആര്‍ അജിത്, വടകര ഡി. ഇ.ഒ മനോജ് കുമാര്‍, ജില്ലാപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ്, എസ്.എസ്.എ.ഡി.പി.ഒ എന്‍. ജയകൃഷ്ണന്‍, വാണിമേല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഒ.സി ജയന്‍ ,എഡ്യു കെയര്‍ കോര്‍ഡിനേറ്റര്‍ ഡോ. യു. അബ്ദുല്‍ നാസര്‍ ചടങ്ങില്‍ സംബന്ധിക്കും.
1990,1995 എസ്.എസ്.എല്‍.സി ബാച്ചുകളുടെ വകയായി സ്‌കൂളിലെ മുഴുവന്‍ കുട്ടികള്‍ക്കും ചടങ്ങില്‍ ഓരോ പുസ്തകം സമ്മാനിക്കും.
നാദാപുരം പ്രസ് ക്ലബില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പി.ടി.എ പ്രസിഡന്റ് കല്ലില്‍ മൊയ്തു, ഹെഡ് മാസ്റ്റര്‍ സി.കെ കുഞ്ഞബ്ദുല്ല മാസ്റ്റര്‍, എഡ്യു കെയര്‍ വടകര വിദ്യാഭ്യാസ ജില്ലാ കോര്‍ഡിനേറ്റര്‍ റഷീദ് കോടിയൂറ ,ജാഫര്‍ ഇരുന്നലാട് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."