കാട്ടുകൊമ്പന് ബസിനുനേരെ പാഞ്ഞടുത്തു; യാത്രക്കാര്‍ ഭയചകിതരായി
തൊടുപുഴ: മൂന്നാര്‍ മാട്ടുപ്പെട്ടി കുട്ടിയാറിനുസമീപം അപ്രതീക്ഷിതമായി റോഡിലിറങ്ങിയ കാട്ടുകൊമ്പന് അലറിക്കൊണ്ട് ബസിനുനേരെ പാഞ്ഞടുത്തത് യാത്രക്കാരെ ഭീതിയിലാഴ്ത്തി. വിനോദസഞ്ചാരികളടക്കം നിരവധി യാത്രക്കാര്‍ കടന്നുപോകുന്ന വഴിയിലാണ് സംഭവം. ഇന്നലെ ഉച്ചയോടെ കുട്ടിയാറിനു സമീപത്തെത്തിയ കൊമ്പന് സഞ്ചാരികളുടെ വാഹനങ്ങള്‍ തടയുകയും നാട്ടുകാരെ വിരട്ടിയോടിക്കുകയും ചെയ്തിരുന്നു. വൈകീട്ടോടെ നിറയെ യാത്രക്കാരുമായി എത്തിയ സീനു ബസ് ആനയുടെ സമീപത്തുകൂടി കടന്നുപോകാന്‍ ശ്രമിക്കുന്നതിനിടെയാണ് പാഞ്ഞടുത്തത്. അല്പനേരം ബസിനുസമീപത്ത് നിലയുറപ്പിച്ച കൊമ്പനെ നാട്ടുകാര്‍ ശബ്ദമുണ്ടാക്കി കാട്ടിലേക്കു മടക്കിയയക്കുകയായിരുന്നു.
ഞായറാഴ്ച രാത്രി സൈലന്റ്വാലിയില് നിന്ന് ഗുഡാര്വിളയ്ക്ക് യാത്രക്കാരുമായി വരുകയായിരുന്ന ഓട്ടോറിക്ഷയെ കാട്ടാന ആക്രമിച്ചിരുന്നു. ഓടിക്കൊണ്ടിരുന്ന ഓട്ടോയില്‍ കൊമ്പന് തുമ്പിക്കൈകൊണ്ട് അടിക്കുകയായിരുന്നു.
സംഭവത്തില്‍ ഡ്രൈവര്‍ സുരേഷി(28)ന് പരുക്കേറ്റു. കാട്ടുകൊമ്പന്റെ ആക്രമണത്തില്‍ ഓട്ടോ തകര്‍ന്നു. ഓട്ടോയിലുണ്ടായിരുന്ന മൂവരും ഇറങ്ങിയോടിയതിനാല്‍ ദുരന്തം ഒഴിവായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."