സ്ത്രീക്കരുത്തില്‍ പണിത ആദ്യവീട് രാജേന്ദ്രനും ശരണ്യയ്ക്കും കൈമാറി
പാലക്കാട്:പൂര്‍ണമായും സ്ത്രീകള്‍ പണിതുയര്‍ത്തിയ ജില്ലയിലെ ആദ്യ വീട് 'സായൂജ്യം' ഹൃദ്രോഗിയായ രാജേന്ദ്രനും മാനസിക വെല്ലുവിളി നേരിടുന്ന മകള്‍ ശരണ്യയ്ക്കും കൈമാറി. ധോണി പയറ്റാംകുന്നം ഗാന്ധിനഗര്‍ മന്നാട്ടില്‍ 'സായൂജ്യ' ത്തിനു മുന്നില്‍ നടന്ന പരിപാടിയിലാണ് അകത്തേത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഡി. സദാശിവന്‍ വീടിന്റെ താക്കോല്‍ കൈമാറിയത്.
ചടങ്ങിന് സാക്ഷ്യം വഹിക്കാന്‍ നാട്ടുകാരും സുഹൃത്തുക്കളും 'നന്മ' സംഘടന പ്രവര്‍ത്തകരും പഞ്ചായത്ത്, കുടുംബശ്രീ, ലൈഫ് മിഷന്‍ ഉദ്യോഗസ്ഥരുമായി നൂറുകണക്കിന് ആളുകള്‍ വീട്ടിലെത്തി. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കുടുംബശ്രീ കണ്‍സ്ട്രക്ഷന്‍ ഗ്രൂപ്പുകളുടെ വൈദഗ്ദ്ധ്യ പരിശീലനത്തിന്റെ ഭാഗമായി വീട് പണിഞ്ഞത്. രണ്ടു കിടപ്പുമുറികളും അടുക്കളയും ഹാളും ടോയ്‌ലറ്റും അടക്കം 53 ദിവസത്തില്‍ 24 കുടുംബശ്രീ പ്രവര്‍ത്തകര്‍ ചേര്‍ന്നാണ് 400 ചതുരശ്രയടിയുള്ള വീട് നിര്‍മിച്ചത്. പരിശീലനം പൂര്‍ത്തിയാക്കിയ 24 പേര്‍ക്കും ചടങ്ങില്‍ സര്‍ട്ടിഫിക്കറ്റും യൂണിഫോമും നല്‍കി.
രാജേന്ദ്രനൊപ്പം പത്താം ക്ലാസ്സില്‍ ഒരുമിച്ചു പഠിച്ച സുഹൃത്തുക്കള്‍ ചേര്‍ന്ന് വീട്ടിലേക്കു വേണ്ട മുഴുവന്‍ ഉപകരണങ്ങളും വാങ്ങി നല്‍കി. കാന്‍സര്‍ രോഗം ബാധിച്ച് ഭാര്യ മരണമടഞ്ഞതോടെ 21 വയസുള്ള മകളോടൊപ്പം എന്‍.എന്‍.എസ് കരയോഗത്തിന്റെ കെട്ടിടത്തിലാണ് രാജേന്ദ്രന്‍ താമസിച്ചിരുന്നത്. അധ്വാനമേറിയ ജോലികള്‍ ചെയ്ത് ഉപജീവനം നടത്താന്‍ കഴിയാതെ ബുദ്ധിമുട്ടുന്ന രാജേന്ദ്രന് അകത്തേത്തറ ഗ്രാമപഞ്ചായത്ത് ലൈഫ് മിഷനില്‍ വീട് അനുവദിച്ചെങ്കിലും മറ്റുള്ളവരുടെ സഹായമില്ലാതെ വീട് നിര്‍മാണം നടത്താവാത്ത അവസ്ഥയിലായ സാഹചര്യത്തിലാണ് പഞ്ചായത്തിന്റെ നിര്‍ദേശപ്രകാരം കുടുംബശ്രീ ദൗത്യം ഏറ്റെടുത്തത്. നന്മ പ്രവര്‍ത്തകനായ സുനില്‍ മാത്യുവാണ് സാമഗ്രികള്‍ എത്തിച്ചു കൊടുത്തത്.
കട്ടവയ്ക്കല്‍, സിമന്റ് തേയക്കല്‍, പെയിന്റിങ്, പ്ലംബിങ്, വയറിങ് പ്രവൃത്തികളെല്ലാം പ്രഗല്‍ഭരായ മേസ്തിരിമാരുടെ മേല്‍നോട്ടത്തില്‍ ചെയ്തത് സ്ത്രീകള്‍ തന്നെയാണ്. പരിപാടിയില്‍ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. സുനിത അധ്യക്ഷയായി. കുടുംബശ്രീ ജില്ലാ പ്രോഗ്രാം മാനേജര്‍ ശ്രീനിഷ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലൈഫ് മിഷന്‍ കോഡിനേറ്റര്‍ ആര്‍. ഗിരീഷ്, പഞ്ചായത്ത് അംഗങ്ങളായ പാര്‍വതി, കെ.സുരേഷ്‌കുമാര്‍, ഗായത്രി, കുഞ്ഞുലക്ഷ്മി, സെക്രട്ടറി എം. ആനന്ദ്, അസി. സെക്രട്ടറി ഹരിമോഹന്‍ സി. ഡി. എസ്. ചെയര്‍പേഴ്‌സണ്‍ ഭാനുമതി, അര്‍ച്ചന വുമണ്‍ സെന്റര്‍ കോട്ടയം പ്രതിനിധി ഗ്രീഷ്മ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."