ഈഞ്ചക്കല്‍ ജങ്ഷനില്‍ പുതിയ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍
തിരുവനന്തപുരം: കഴക്കൂട്ടം- കാരോട് ദേശീയ പാതയുടെ പണി പൂര്‍ത്തിയാകുന്നതോടെ ഈഞ്ചക്കല്‍ ജങ്ഷന്‍ അപകടരഹിത മേഖലയാക്കുന്നതിനുള്ള പുതിയ ഗതാഗത പരിഷ്‌ക്കാരങ്ങള്‍ക്ക് രൂപം നല്‍കുമെന്ന് ട്രാഫിക് (ദക്ഷിണമേഖല) എസ്.പി മനുഷ്യാവകാശ കമ്മിഷനെ അറിയിച്ചു. ദേശീയ പാതയുടെ നിര്‍മാണം 95 ശതമാനം പൂര്‍ത്തിയായതായി ദേശീയപാതാ അതോറിറ്റി ഓഫ് ഇന്ത്യയും കമ്മിഷനെ അറിയിച്ചു.
ഈഞ്ചക്കല്‍ ജങ്ഷനിലെ ട്രാഫിക് ഐലന്റ് മുന്നറിയിപ്പ് കൂടാതെ നീക്കം ചെയ്തതിനെതിരേ ലഭിച്ച പരാതിയില്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് രജിസ്റ്റര്‍ ചെയ്ത കേസിലാണ് പൊലിസും ദേശീയപാതാ അതോറിറ്റിയും റിപ്പോര്‍ട്ട് നല്‍കിയത്. മനുഷ്യാവകാശ പ്രവര്‍ത്തകനായ രാഗം റഹീമാണ് പരാതിക്കാരന്‍.
ചാക്ക, ഈഞ്ചക്കല്‍ ഭാഗങ്ങളിലുള്ള മേല്‍പ്പാലങ്ങള്‍ ഉള്‍പ്പെടെയുള്ള റോഡുകളുടെ നിര്‍മാണം അതിവേഗം പൂര്‍ത്തിയാകുന്നതായി ട്രാഫിക് എസ്.പി അറിയിച്ചു. ഈഞ്ചക്കല്‍ ജങ്ഷനിലെ ട്രാഫിക് ഐലന്റ് നീക്കിയത് ഗതാഗതക്കുരിക്കും വാഹനാപകടങ്ങളും പതിവായതു കാരണമാണ്. സുഗമമായ ഗതാഗതത്തിനായി സ്ഥലത്ത് കൂടുതല്‍ പൊലിസിനെ നിയോഗിച്ചിട്ടുണ്ട്. ഈഞ്ചക്കല്‍, അട്ടക്കുളങ്ങര - ഈഞ്ചക്കല്‍ റോഡ് ജങ്ഷന്‍ എന്നിവിടങ്ങളില്‍ ട്രാഫിക് സിഗ്നല്‍ സ്ഥാപിക്കുമെന്ന് ദേശീയപാതാ അതോറിറ്റി അറിയിച്ചു.
ഇതില്‍ ഈഞ്ചക്കല്‍ ജങ്ഷനിലെ ലൈറ്റിനു വേണ്ടി കെല്‍ട്രോണില്‍ നിന്നും ഇന്‍വോയിസ് ലഭിച്ചിട്ടുണ്ട്. കഴക്കൂട്ടം-കോവളം റോഡും അമ്പലത്തറ-പൂന്തുറ റോഡും സംഗമിക്കുന്ന കുമരിച്ചന്തയില്‍ വാഹനാപകടങ്ങള്‍ പതിവായ സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്ന തിനാവശ്യമായ നടപടികളെ കുറിച്ച് ശംഖുംമുഖം പൊലിസ് അസിസ്റ്റന്റ് കമ്മിഷണര്‍ റിപ്പോര്‍ട്ട് നല്‍കണമെന്ന് കമ്മിഷന്‍ ആവശ്യപ്പെട്ടു.
കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടര്‍ന്ന് പടിഞ്ഞാറേക്കോട്ട, ഈഞ്ചക്കല്‍, വള്ളക്കടവ് റോഡിലെ വെള്ളക്കെട്ട് പരിഹരിച്ചു. വള്ളക്കടവ് - ഈഞ്ചക്കല്‍ പ്രദേശത്തെ തെരുവു വിളക്കുകള്‍ കത്തുന്നില്ലെന്ന പരാതിയും പരിഹരിച്ചതായി വൈദ്യുതി ബോര്‍ഡ് കമ്മിഷനെ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."