വനിതാ ഡി.സി.സി പ്രസിഡന്റ് ധര്മസങ്കടത്തില്
കൊല്ലം: കെ.പി.സി.സിയിലും ഡി.സി.സികളിലും ജംബോ കമ്മിറ്റികള്‍ ഒഴിവാക്കുമെന്നുള്ള കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവനയുടെ ചൂടാറുംമുമ്പേ കെ.പി.സി.സിയുടെ അനുമതിയില്ലാതെ കൊല്ലത്തെ 73 അംഗ ജംബോ കമ്മിറ്റിയില്‍ തിരുകിക്കയറാന്‍ കൂട്ടയിടി.
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിയമന ഉത്തരവില്ലാതെ യു.ഡി.എഫ് കൊല്ലം നിയോജകമണ്ഡലം ചെയര്മാന് പി.ആര് പ്രതാപചന്ദ്രന് ഇന്നലെ ഡി.സി.സി അവയിലബിള്‍ യോഗത്തിനെത്തിയത് ബഹളത്തില്‍ കലാശിച്ചു. തുടര്‍ന്ന് നിയമന ഉത്തരവില്ലാത്തത് ഡി.സി.സി പ്രസിഡന്റ് ചൂണ്ടിക്കാട്ടിയതോടെ ഒടുവില്‍ പ്രതാപചന്ദ്രന് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയി. കെ.പി.സി.സി പ്രസിഡന്റായിരിക്കെ എം.എം ഹസന് പ്രതാപചന്ദ്രനെ ഡി.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചെങ്കിലും പിന്നീട് നിയമനം ഹസന് തന്നെ റദ്ദാക്കുകയായിരുന്നു.
തുടര്‍ന്ന് മുല്ലപ്പള്ളി കെ.പി.സി.സി പ്രസിഡന്റായപ്പോള്‍ വിഷയം ഉയര്‍ന്നുവന്നെങ്കിലും കൊല്ലത്ത് നടപ്പാക്കിയാല്‍ മറ്റു ജില്ലകളിലും അതു കീഴ്വഴക്കമാകുമെന്ന് പറഞ്ഞു അദ്ദേഹം ഒഴിവാക്കുകയായിരുന്നു. ഇതുസംബന്ധിച്ച് കെ.പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷിനോട് മുല്ലപ്പള്ളി റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തു. ഇതിനിടെ മുന്‍ കെ.പി.സി.സി ഭാരവാഹിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഡി.സി.സി പ്രസിഡന്റിനോട് ഇക്കാര്യമാവശ്യപ്പെട്ടെന്നാണ് അറിയുന്നത്.
നിയമന കാര്യത്തില്‍ കെ.പി.സി.സി പ്രസിഡന്റിന്റെ അനുമതി വേണമെന്ന നിലപാടിലാണ് ഡി.സി.സി പ്രസിഡന്റ്. ഡി.സി.സിയില്‍ത്തന്നെ വിവാദമായ വിഷയത്തില്‍ കെ.പി.സി.സിയുടെ അനുമതിയില്ലാതെ തീരുമാനമെടുക്കാന്‍ ഡി.സി.സി പ്രസിഡന്റിനും പരിമതിയുണ്ട്. ഈ സാഹചര്യത്തില്‍ പ്രതാപചന്ദ്രന് അടുത്തിടെ ചേര്‍ന്ന ഡി.സി.സി യോഗത്തിനെത്തിയത് ഐ ഗ്രൂപ്പിലെ മറുവിഭാഗം എതിര്‍ത്തതും വിവാദമായിരുന്നു. അതിന് ശേഷം അദ്ദേഹം ഡി.സി.സി ജനറല്‍സെക്രട്ടറിയെന്ന പേരില്‍ത്തന്നെ യൂത്ത്കോണ്‍ഗ്രസ് സംഘടിപ്പിച്ച സമരം ഉദ്ഘാടനം ചെയ്തിരുന്നു. അതിനിടെയാണ് ഇന്നലത്തെ യോഗത്തിലും പ്രതാപചന്ദ്രനെത്തിയത്. ഡി.സി.സി ഭാരവാഹികളായ പ്രസാദ് നാണപ്പന്, ഇഞ്ചക്കാട് നന്ദകുമാര്‍, കൃഷ്ണന്‍കുട്ടി നായര്‍ എന്നിവര്‍ വിഷയത്തില്‍ പ്രതാപചന്ദ്രനൊപ്പം നിന്നെങ്കിലും ഐ ഗ്രൂപ്പിലെ മറ്റാരും വിവാദത്തില്‍ ഇടപെട്ടതുമില്ല.
ഇതിനിടെ പ്രതാപചന്ദ്രന് ഡി.സി.സി പ്രസിഡന്റിനോട് കയര്‍ത്ത് സംസാരിച്ചെന്നാണ് ഒരു വിഭാഗം പറയുന്നത്. കെ.പി.സി.സി ഡി.സി.സിക്ക് അയച്ച ഇ മെയില്‍ വ്യാജമെന്നു ഒരു നേതാവ് യോഗത്തില്‍ ഉന്നയിച്ചതും ബഹളത്തിന് കാരണമായി. ജില്ലയുടെ കിഴക്കന്‍ മേഖലയില്‍ നിന്നുള്ള ഡി.സി.സി ജനറല്‍ സെക്രട്ടറിയായിരുന്ന സക്കീര്‍ ഹുസൈനെ പദവിയില്‍ നിന്നും താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയിരുന്നു. ഈ ഒഴിവിലേക്കാണ് പ്രതാപചന്ദ്രനെ പരിഗണിക്കണമെന്ന ആവശ്യം ഉയര്‍ന്നത്. സക്കീര്‍ ഹുസൈനെ വീണ്ടും ജനറല്സെക്രട്ടറിയാക്കണമെന്ന ആവശ്യവും ചില കോണുകളില്‍ നിന്നും ഉയര്‍ന്നിട്ടുണ്ട്.
കോണ്‍ഗ്രസ് ബ്ലോക്ക് മുന്‍ പ്രസിഡന്റും കണ്‍സ്യുമര്‍ ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗവുമായിരുന്ന പ്രതാപചന്ദ്രന് ഡി.സി.സി ഭാരവാഹി പദവിക്ക് അര്‍ഹനാണ്. അച്ചടക്കത്തിന്റെ വാളുമായി മുല്ലപ്പള്ളി നില്ക്കുമ്പോള് കെ.പി.സി.സിയുടെ നിയമന ഉത്തരവില്ലാതെ ഒരാളെ എങ്ങനെ ഡി.സി.സി ജനറല്സെക്രട്ടറിയാക്കുമെന്ന ധര്മസംഘടത്തിലാണ് കേരളത്തിലെ ഏക വനിതാ ഡി.സി.സി പ്രസിഡന്റ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."