കാരുണ്യത്തിന്റെ ആദ്യപത്തിന് വിട; ഇനി പാപമോചനത്തിന്റെ നാളുകള്‍
ആലപ്പുഴ: പുണ്യങ്ങളുടെ പൂക്കാലമായ റമദാനിലെ അനുഗ്രഹത്തിന്റെ ആദ്യത്തെ പത്തിന് വിട. ഇനി പാപമോചനത്തിന്റെ നാളുകള്‍. മാനവരാശിക്ക് അനുഗ്രഹത്തിന്റെ വാതായനങ്ങള്‍ തുറന്നിട്ട അനുഗ്രഹത്തിന്റെ(റഹ്മത്ത്) ആദ്യ പത്താണ് ഇന്നലെ വിട പറഞ്ഞത്.
പുണ്യകര്‍മങ്ങള്‍ക്ക് ഏറെ പ്രതിഫലം ലഭിക്കുന്ന റമദാനിനെ റഹ്മത്ത്(അനുഗ്രഹം), മഗ്ഫിറത്ത്(പാപമോചനം), ഇത്ഖ്(നരകമോചനം) എന്നിങ്ങനെ മൂന്ന് പത്തുകളായി വിഭജിക്കപ്പെട്ടതായും ഇതില്‍ ഓരോ പത്തിനും പ്രത്യേകമായ പ്രാര്‍ഥനകള്‍ നടത്തുന്നതിനും കല്‍പ്പിക്കപ്പെട്ടിരിക്കുന്നു.
'കാരുണ്യവാനായ അല്ലാഹുവേ..എനിക്ക് നീ കരുണ ചെയ്യേണമേ..'' എന്ന പ്രാര്‍ഥന ആദ്യ പത്തില്‍ കൂടുതലായി ചൊല്ലിയിരുന്ന വിശ്വാസികള്‍ രണ്ടാമത്തെ പത്തില്‍ 'സര്‍വാദി നാഥനായ അല്ലാഹുവേ..എന്റെ പാപങ്ങള്‍ മുഴുവന്‍ പൊറുത്തു തരേണമേ..' എന്ന് കൂടുതലായി പ്രാര്‍ഥിക്കുന്നു.
ജീവിതത്തില്‍ വന്നുപോയ തെറ്റുകുറ്റങ്ങള്‍ ഏറ്റുപറഞ്ഞ് പാപമോചനം തേടുന്നവര്‍ക്ക് റമദാനിലെ രണ്ടാമത്തെ പത്ത് ദിനരാത്രങ്ങളില്‍ സ്രഷ്ടാവ് അങ്ങേയറ്റം പൊറുത്തുകൊടുക്കുന്നുവെന്നാണ് വിശ്വാസം. എല്ലാ തെറ്റുകുറ്റങ്ങളും സ്രഷ്ടാവിനോട് ഏറ്റുപറയുകയും അവനിലേക്ക് ഖേദിച്ച് മടങ്ങുകയും ചെയ്യുന്നവരുടെ പാപത്തിന്റെ കാഠിന്യം എത്ര വലുതാണെങ്കിലും റമദാനിലെ രണ്ടാമത്തെ പത്തില്‍ പൊറുത്ത് നല്‍കുമെന്ന് പ്രവാചകന് പഠിപ്പിക്കുന്നു.
അത് കൊണ്ട് തന്നെ വിശ്വാസികള്‍ക്ക് ഇനിയുള്ള പത്ത് ദിനരാത്രങ്ങള്‍ ഏറെ വിലപ്പെട്ടതാണ്. കഴിഞ്ഞ കാല ജീവിതത്തില്‍ വന്നിട്ടുള്ള തെറ്റുകുറ്റങ്ങളില്‍ നിന്ന് പൊറുക്കലിനെ തേടാനും ഭാവിയില്‍ തെറ്റുകുറ്റങ്ങളില്‍ നിന്നൊഴിവായി നില്‍ക്കുമെന്ന് ദൃഢ നിശ്ചയം ചെയ്യാനും പാപമോചനത്തിന്റെ പത്തില്‍ വിശ്വാസി സമയം കണ്ടെത്തുന്നു.
പാപമോചന പ്രതീക്ഷയുമായി വിശ്വാസികള്‍ ഇനിയുള്ള ദിനരാത്രങ്ങളില്‍ സ്രഷ്ടാവിലേക്ക് കൂടുതല്‍ പശ്ചാത്തപിച്ചു മടങ്ങും. ഇതിനായി പ്രത്യേക പ്രാര്‍ഥനകളും പള്ളികളില്‍ നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."