അമിത്ഷായുടെ ശൗര്യം കേരളത്തില്‍ ഫലിക്കില്ല
ബി.ജെ.പി രാഷ്ട്രീയ തന്ത്രങ്ങളുടെ ശില്‍പിയെന്ന പേരില്‍ അറിയപ്പെടുന്ന അമിത്ഷായുടെ തന്ത്രങ്ങളുടെ മുനയൊടിച്ചു കേരളം അദ്ദേഹത്തെ കഴിഞ്ഞദിവസം യാത്രയാക്കി. ഒരുപാട് പ്രതീക്ഷകളുമായാണ് അദ്ദേഹം നെടുമ്പാശ്ശേരിയില്‍ വിമാനമിറങ്ങിയത്. എന്നാല്‍, പ്രതീക്ഷകളെല്ലാം പാഴായ നിരാശയില്‍ കേരളത്തിലെ ബി.ജെ.പി നേതൃത്വത്തെ ശകാരിച്ചുകൊണ്ടാണ് അദ്ദേഹം മടങ്ങിയത്. ഒക്ടോബറില്‍ വീണ്ടും വരുമെന്നും അന്നേക്ക് കേരളത്തെ ബി.ജെ.പി രാഷ്ട്രീയത്തിന് പരുവപ്പെടുത്തിയില്ലെങ്കില്‍ ഒരെണ്ണത്തെയും നേതൃത്വത്തില്‍ നിലനിര്‍ത്തുകയില്ലെന്നും ഭീഷണി മുഴക്കിയാണ് അദ്ദേഹം പോയത്. കേരളത്തില്‍ ഏതാനും ചിലരെ വിളിച്ചുകൂട്ടി സംഭാഷണം നടത്തിയാല്‍ ആളുകള്‍ ബി.ജെ.പിയിലേക്ക് കൂട്ടമായി വരുമെന്ന് അദ്ദേഹം കരുതിക്കാണും. അധികാരത്തിന്റെ അപ്പക്കഷണത്തിന് വേണ്ടിയാണ് സി.കെ ജാനുവും വെള്ളാപ്പള്ളി നടേശന്റെ മകനായ തുഷാര്‍ വെള്ളാപ്പള്ളിയും ബി.ജെ.പിക്കൊപ്പം നില്‍ക്കുന്നത്. ആദിവാസികളുടെയും ദലിതുകളുടെയും പിന്തുണ സി.കെ ജാനുവിന് ഇല്ല. അതുപോലെ ഈഴവരുടെ പിന്തുണ തുഷാര്‍ വെള്ളാപ്പള്ളിയുടെ ബി.ഡി.ജെ.എസിനും ഇല്ല. കേന്ദ്രമന്ത്രിസഭയിലോ പ്രമുഖ സ്ഥാനങ്ങളില്‍ ഏതെങ്കിലുമൊന്നിലോ മകനെ പ്രതിഷ്ഠിക്കാന്‍ വേണ്ടിയാണ് വെള്ളാപ്പള്ളി നടേശന്‍ പുറത്തിറങ്ങി പ്രതിഷേധ നാടകങ്ങള്‍ കളിക്കുന്നത്.
അമിത്ഷായെ പോയി കാണാത്തത് ഇതിന്റെ ഭാഗമാണെന്ന് ആര്‍ക്കാണറിയാത്തത്. മുസ്‌ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞതുപോലെ, ആളുകള്‍ വോട്ടു ചെയ്യാത്തതിന് സംസ്ഥാന ബി.ജെ.പി നേതാക്കളുടെ മെക്കിട്ട് കേറിയിട്ടെന്തു ഫലം. ബൂത്ത് പ്രസിഡന്റിന്റെ വീട്ടില്‍ പ്രാതല്‍ കഴിച്ചാലൊന്നും ആളുകള്‍ ബി.ജെ.പിയില്‍ എത്തുകയില്ല. അത് ഉത്തരേന്ത്യന്‍ തന്ത്രമാണ്. യു.പിയില്‍ ദലിതന്റെ വീട് സന്ദര്‍ശിച്ച മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സോഫയും എ.സിയും കൂടെ കൊണ്ടുപോവുകയും മടങ്ങിപ്പോന്നപ്പോള്‍ എല്ലാം തിരിച്ചെടുക്കുകയും ചെയ്തതു പോലുള്ള പ്രഹസനങ്ങളാണ് അമിത്ഷായുടേതും. താന്‍ സന്ദര്‍ശിക്കാന്‍ ഉദ്ദേശിക്കുന്ന ദലിത് കോളനി നിവാസികള്‍ക്ക് സോപ്പും ഷാംപൂം സ്‌പ്രേയും അയച്ചു കൊടുത്ത് കുളിച്ചു ശുദ്ധിവരുത്താന്‍ ആവശ്യപ്പെട്ട മുഖ്യമന്ത്രിയാണ് ആദിത്യനാഥ്. ആദിത്യനാഥിന്റെ മറ്റൊരു പതിപ്പായ അമിത്ഷാ കേരളത്തില്‍ കാണിക്കുന്ന ഗിമ്മിക്കുകള്‍ കേരളത്തിന് തിരിച്ചറിയാന്‍ കഴിയും.
മണിപ്പൂരിലും ഗോവയിലും കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടുപോലും വളഞ്ഞ വഴികളിലൂടെ ഭരണത്തിലേറാന്‍ പയറ്റിയ തന്ത്രം കേരളത്തിലും പയറ്റാമെന്നാണോ കരുതുന്നത്. ഗോവയിലും മണിപ്പൂരിലും ഉണ്ടായ കോണ്‍ഗ്രസിന്റെ കഴിവുകേട് മറ്റെല്ലായിടത്തും ഉണ്ടാവുമെന്ന് കരുതരുത്. ന്യൂനപക്ഷങ്ങളെയും പിന്നാക്കക്കാരെയും കൂടെ കൂട്ടണമെന്ന് ബി.ജെ.പി നേതൃത്വത്തോട് അമിത്ഷാ ആവശ്യപ്പെടുന്നത് ഗോവയും മണിപ്പൂരും കേരളത്തിലും ആവര്‍ത്തിക്കാമെന്ന വ്യാമോഹത്താലായിരിക്കാം. ന്യൂനപക്ഷങ്ങളെ വിശ്വാസത്തിലെടുക്കണമെന്നാണ് മറ്റൊരു ഉപദേശം. ഈ ഉപദേശം എന്തുകൊണ്ട് ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ബി.ജെ.പി നേതൃത്വത്തോട് അമിത്ഷാ ചൊരിയുന്നില്ല. കേരളത്തിലെ ന്യൂനപക്ഷത്തെ ബി.ജെ.പി വിശ്വാസത്തിലെടുത്താലും ന്യൂനപക്ഷങ്ങള്‍ ബി.ജെ.പിയെ വിശ്വാസത്തിലെടുക്കുകയില്ലെന്ന് കേരളത്തിലെ ബി.ജെ.പി നേതൃത്വം അദ്ദേഹത്തെ ഒക്ടോബറില്‍ വരുമ്പോഴെങ്കിലും ബോധ്യപ്പെടുത്തണം. പുള്ളിപ്പുലിയുടെ പുള്ളി മായ്ക്കാന്‍ കഴിയാത്തത് പോലെ സംഘ്പരിവാര്‍ രാഷ്ട്രീയത്തിന് മുസ്‌ലിം വിദ്വേഷം മാറ്റാനും കഴിയില്ല. ഗുജറാത്തിലെ മുസ്‌ലിം വംശഹത്യക്ക് നേതൃത്വം നല്‍കിയ അമിത്ഷാ കേരളത്തില്‍ വന്ന് ന്യൂനപക്ഷത്തെ വിശ്വാസത്തിലെടുക്കണമെന്ന് പറഞ്ഞാല്‍ ഗുജറാത്ത് കലാപത്തിന്റെ രക്തക്കറ പുരണ്ട കരങ്ങള്‍ എവിടെ ഒളിപ്പിക്കും.
കേരള സമൂഹത്തിന്റെ അന്തര്‍ധാരയായി ഒഴുകുന്നത് മതേതരത്വവും ജനാധിപത്യവുമാണ്. നവോത്ഥാന പ്രസ്ഥാനങ്ങളുടെയും മതേതര ജനാധിപത്യ കൂട്ടായ്മകളുടെയും അടിത്തറയില്‍ പണിതുയര്‍ത്തിയ കേരളത്തിന്റെ മതേതര സംഘബോധത്തെ അമിത്ഷാ ഏതെങ്കിലും ഒരു കുടിലില്‍ വന്ന് പ്രാതല്‍ കഴിച്ചത് കൊണ്ടോ ഏതാനും പേരുമായി കൂടിക്കാഴ്ച നടത്തിയതുകൊണ്ടോ ഇല്ലാതാവുകയില്ല. എന്തിനധികം കേരളത്തിലെ ബി.ജെ.പി നേതാക്കള്‍ പോലും അമിത്ഷായെ പോലുള്ള ഉത്തരേന്ത്യന്‍ ബി.ജെ.പി നേതാക്കളുടെ വിദ്വേഷ മാനസികനില വച്ചുപുലര്‍ത്തുന്നവരെല്ലെന്ന് ഇനിയെങ്കിലും അദ്ദേഹം മനസ്സിലാക്കണം. കേരള ജനതയുടെ രാഷ്ട്രീയ പ്രബുദ്ധതയെ ഉത്തരേന്ത്യയില്‍ പയറ്റുന്ന കുതന്ത്രങ്ങള്‍ കൊണ്ട് ഇല്ലാതാക്കാനാവുകയില്ല. അതിന് കേരളത്തിലെ ബി.ജെ.പി നേതാക്കളെ പഴിച്ചിട്ട് കാര്യവുമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."