ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍: അജയ്കുമാര്‍ കുഹാര്‍ പ്രത്യേക കോടതി ജഡ്ജി
ന്യൂഡല്‍ഹി: സി.ബി.ഐ കോടതി ജഡ്ജ് ജസ്റ്റിസ് അജയ് കുമാര്‍ കുഹാര്‍ പാര്‍ലമെന്റ് അംഗങ്ങള്‍ക്കും എം.എല്‍.എമാര്‍ക്കുമെതിരായ ക്രിമിനല്‍ക്കേസുകള്‍ പരിഗണിക്കുന്ന ഡല്‍ഹിയിലെ പ്രത്യേക കോടതിയുടെ ജഡ്ജിയാവും. ഇതു സംബന്ധിച്ച് ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചു. ലോക്‌സഭാംഗം ശശി തരൂര്‍ പ്രതിയായ സുനന്ദ പുഷ്‌ക്കര്‍ കേസ്, കാര്‍ത്തി ചിദംബരം എം.പി പ്രതിയായ ഐ.എന്‍.എക്‌സ് മീഡിയ കേസ്, അരവിന്ദ് കെജ്‌രിവാള്‍ പ്രതിയായ കേസുകള്‍ തുടങ്ങിയവയാണ് പ്രത്യേക കോടതി പ്രധാനമായും പരിഗണിക്കുക.
2017 നവംബര്‍ ഒന്നിലെ സുപ്രിംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2018 ഫെബ്രുവരിയില്‍ പ്രത്യേക കോടതി സ്ഥാപിക്കാന്‍ ഡല്‍ഹി ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ജസ്റ്റിസ് അരുണ്‍ ഭരദ്വാജിനെ പ്രത്യേക കോടതി ജഡ്ജിയായും നിയമിച്ചു.
അരുണ്‍ ഭരദ്വാജിനെ മാറ്റിയാണ് ജസ്റ്റിസ് അജയ് കുമാര്‍ ചുമതലയേല്‍ക്കുന്നത്. ഇതു സംബന്ധിച്ച് ഈ മാസം ഒന്‍പതിന് ഉത്തരവ് പുറപ്പെടുവിച്ച കോടതി പരമാവധി വേഗത്തില്‍ കേസുകള്‍ തീര്‍പ്പാക്കാനും നിര്‍ദേശിച്ചിട്ടുണ്ട്. അതോടൊപ്പം നിലവില്‍ പരിഗണിക്കുന്ന വാദം പൂര്‍ത്തിയായ കേസുകളില്‍ മൂന്നാഴ്ചയ്ക്കുള്ളില്‍ വിധി പറയണം.
എല്ലാ സംസ്ഥാനങ്ങളിലും ജനപ്രതിനിധികള്‍ക്കെതിരായ കേസുകള്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതികള്‍ സ്ഥാപിക്കാനാണ് 2017ല്‍ രഞ്ജന്‍ ഗൊഗോയ്, നവീന്‍ സിന്‍ഹ എന്നിവരടങ്ങുന്ന ബെഞ്ച് നിര്‍ദേശിച്ചത്. എന്നാല്‍ 11ാം ധനകാര്യ കമ്മിഷന്റെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയ കേന്ദ്രം അതേ വര്‍ഷം 11 പ്രത്യേക കോടതി സ്ഥാപിച്ചതായും ഒരു വര്‍ഷം 165 കേസുകള്‍ തീര്‍പ്പാക്കാന്‍ കഴിയുമെന്നും കോടതിയെ അറിയിച്ചു. ഇതിനിടെയാണ് ഡല്‍ഹി ഹൈക്കോടതി പ്രത്യേക കോടതി സ്ഥാപിച്ച് ഉത്തരവിടുന്നത്.
ജസ്റ്റിസ് അജയ് കുമാര്‍ കുഹാറിനെക്കൂടാതെ അഡീഷനല്‍ മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സമര്‍ വിശാലും ജനപ്രതിനിധികള്‍ക്കെതിരായ ക്രിമിനല്‍ക്കേസുകള്‍ പരിഗണിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."