അണ്ണാ ഡി.എം.കെ പ്രതിസന്ധി മൂര്‍ച്ഛിക്കുന്നു
ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയം വീണ്ടും കലങ്ങി മറിയുന്നു. കോഴ വാഗ്ദാനത്തെ തുടര്‍ന്ന് ജയിലിലായിരുന്ന ടി.ടി.വി ദിനകരന്‍ കഴിഞ്ഞ ദിവസം മോചിതനായി തമിഴ്‌നാട്ടില്‍ തിരിച്ചെത്തിയതോടെയാണ് അണ്ണാ ഡി.എം.കെയില്‍ വീണ്ടും പ്രതിസന്ധി ഉടലെടുത്തത്. ശശികലയെയും കുടുംബത്തെയും പാര്‍ട്ടിയില്‍ നിന്ന് അകറ്റി നിര്‍ത്തണമെന്ന വാദം ശക്തമായതോടെ മുഖ്യമന്ത്രി പളനി സാമി പക്ഷവും ശശികല-ദിനകരന്‍ വിഭാഗത്തെ അനുകൂലിക്കാത്ത അവസ്ഥയാണുണ്ടായിരിക്കുന്നത്.
ഡല്‍ഹിയിലെ ജയിലില്‍ നിന്ന് മോചിതനായി ചെന്നൈയില്‍ തിരിച്ചെത്തിയ ദിനകരനെ, ശശികല പക്ഷം അനുകൂലികള്‍ സ്വീകരിച്ചെങ്കിലും മുതിര്‍ന്ന പാര്‍ട്ടി നേതാക്കളെല്ലാം വിട്ടുനിന്നത് ശ്രദ്ധേയമായി. താനിപ്പോഴും പാര്‍ട്ടിയുടെ ഡെപ്യൂട്ടി ജനറല്‍ സെക്രട്ടറിയാണെന്നും ജനറല്‍ സെക്രട്ടറി ശശികല ആവശ്യപ്പെടാതെ സ്ഥാനം രാജിവയ്ക്കില്ലെന്നും ദിനകരന്‍ വ്യക്തമാക്കിയെങ്കിലും ഇത് അംഗീകരിക്കാന്‍ പല മുതിര്‍ന്ന നേതാക്കളും തയാറായിട്ടില്ല. ഇന്നലെ ശശികലയെ ബംഗളൂരു ജയില്‍ സന്ദര്‍ശിച്ച ദിനകരന്‍ തമിഴ്‌നാട് രാഷ്ട്രീയ സ്ഥിതിഗതികളും പാര്‍ട്ടിയുടെ അവസ്ഥയും ചര്‍ച്ച ചെയ്തുവെന്നാണ് വിവരം. അദ്ദേഹത്തോടൊപ്പം 10 എം.എല്‍.എമാരും രണ്ട് എം.പിമാരും ശശികലയെ സന്ദര്‍ശിച്ചു.
അതിനിടയില്‍ 17 മന്ത്രിമാര്‍ ചെന്നൈയില്‍ പ്രത്യേക യോഗം ചേര്‍ന്നതും അഭ്യൂഹങ്ങള്‍ക്കിടയാക്കി. ഇവരുടെ യോഗം പാര്‍ട്ടിയുടെ സ്ഥിതി കൂടുതല്‍ വഷളാക്കിയേക്കുമെന്ന മുന്നറിയിപ്പാണ് നല്‍കുന്നത്. ഏതാണ്ട് രണ്ട് മണിക്കൂര്‍ നീണ്ടുനിന്ന യോഗത്തിനുശേഷം ഇവര്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായി ചര്‍ച്ച നടത്തി. ശശികലയുടെ കുടുംബവുമായി അകലം പാലിക്കണമെന്ന തീരുമാനം മന്ത്രിമാര്‍ സ്വീകരിച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഏപ്രിലിലുണ്ടായ സ്ഥിതിഗതികള്‍ എന്തായിരുന്നോ അതില്‍ നിന്ന് ഇപ്പോഴും ഒരു മാറ്റവും ഉണ്ടായിട്ടില്ലെന്ന് ഇതുസംബന്ധിച്ച ചോദ്യത്തോട് ധനകാര്യ മന്ത്രി ഡി. ജയകുമാര്‍ പറഞ്ഞു. പാര്‍ട്ടി പരിപാടികളില്‍ നിന്ന് ദിനകരനെ മാറ്റി നിര്‍ത്തണമെന്നാണ് തങ്ങളുടെ താല്‍പര്യം. ഇക്കാര്യത്തില്‍ പ്രവര്‍ത്തകരുടെ താല്‍പര്യവും അതാണ്. അത് മാനിച്ച് അദ്ദേഹം വിട്ടുനില്‍ക്കുമെന്നാണ് പ്രതീക്ഷയെന്ന് ജയകുമാര്‍ പറഞ്ഞു.
അതിനിടയില്‍ ദിനകരന്‍ പാര്‍ട്ടി പരിപാടികളില്‍ നിന്ന് രണ്ടു മാസത്തേക്ക് വിട്ടു നില്‍ക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. അദ്ദേഹം തന്നെയാണ് ഇക്കാര്യം വാര്‍ത്താ ലേഖകരെ അറിയിച്ചത്. മന്ത്രി ജയകുമാര്‍ പാര്‍ട്ടി ജന.സെക്രട്ടറിയെപോലെയാണ് പെരുമാറുന്നത്. എന്നാല്‍ അദ്ദേഹം ആ സ്ഥാനത്ത് ഇരിക്കുന്നില്ലെന്ന് മനസിലാക്കണം. ജനറല്‍ സെക്രട്ടറി അറിയിച്ചെങ്കില്‍ മാത്രമേ താന്‍ പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കൂ. പാര്‍ട്ടിയില്‍ ഇപ്പോഴുള്ള രണ്ടു പക്ഷങ്ങളുടെ യോജിപ്പിനായി രണ്ടുമാസം കാത്തിരിക്കണമെന്നാണ് ജനറല്‍ സെക്രട്ടറി അറിയിച്ചിരിക്കുന്നത്. അതുകൊണ്ട് രണ്ടു മാസത്തേക്ക് പാര്‍ട്ടി പരിപാടികളില്‍ നിന്ന് വിട്ടു നില്‍ക്കാനാണ് താല്‍പര്യപ്പെടുന്നത്.
അതിനുശേഷം വീണ്ടും താന്‍ തിരിച്ചു വരുമെന്ന് ദിനകരന്‍ വ്യക്തമാക്കി.
അതേസമയം തമിഴ്‌നാട്ടില്‍ ജയലളിതയുടെ മരണത്തോടെ അവരുടെ പാര്‍ട്ടി മൂന്ന് ഭാഗങ്ങളായി മാറിയിട്ടുണ്ടെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു. മുഖ്യമന്ത്രി പളനിസാമിയും മുന്‍മുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വവും നയിക്കുന്ന രണ്ട് പക്ഷങ്ങള്‍ക്കു പുറമെ ശശിക നയിക്കുന്ന മൂന്നാം കക്ഷിയുമായി അണ്ണാ ഡി.എം.കെ മാറിയിരിക്കുകയാണെന്നാണ് ഇവരുടെ വിലയിരുത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."