ജനങ്ങളെ ബാധിക്കില്ലെന്ന് ഖത്തര്‍; ഭക്ഷ്യവിപണി ഭദ്രം
ദോഹ: ഖത്തറുമായുള്ള ബന്ധം വിച്ഛേദിക്കാനുള്ള അയല്‍ രാജ്യങ്ങളുടെ തീരുമാനം രാജ്യത്തെ പൗരന്മാരുടെയോ പുറം രാജ്യങ്ങളിലേയോ നിത്യ ജീവിതത്തെ ബാധിക്കില്ലെന്നു വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ഇത് ഉറപ്പു വരുത്തുന്നതിന് ആവശ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിക്കും. ഖത്തര്‍ സമൂഹത്തെയും സാമ്പത്തിക രംഗത്തെയും ദോഷകരമായി സ്വാധീനിക്കാനുള്ള എല്ലാ ശ്രമങ്ങളെയും വിഫലമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.
ഖത്തറിനെതിരായ മാധ്യമ പ്രചാരണം ഗള്‍ഫ് രാജ്യങ്ങളിലെ പൊതു ജനാഭിപ്രായത്തെ ബോധ്യപ്പെടുത്തുന്നതില്‍ പരാജയപ്പെട്ടുവെന്ന് വ്യക്തമാണ്. അതിന്റെ തെളിവാണ് പുതിയ സംഭവങ്ങളെന്നും മന്ത്രാലയം വ്യക്തമാക്കി.
പുതിയ സംഭവവികാസങ്ങള്‍ രാജ്യ വിപണിയെ ബാധിക്കില്ലെന്ന് ഖത്തര്‍ മന്ത്രിസഭ അറിയിച്ചു. വിപണിയില്‍ ഭക്ഷ്യോല്‍പ്പന്നങ്ങള്‍ ഉള്‍പ്പെടെ നിത്യോപയോഗ സാധനങ്ങള്‍ക്ക് ഒരു ക്ഷാമവും നേരിടില്ലെന്ന് ഖത്തര്‍ മന്ത്രിസഭ വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നു മാത്രമല്ല രാജ്യത്തേക്ക് ഇറക്കുമതി നടത്തുന്നത്. അതുകൊണ്ടു തന്നെ ഒരു ക്ഷാമവും ഉണ്ടാവില്ല. ചുരുങ്ങിയ സമയത്തിനകം വിമാനമാര്‍ഗം സാധനങ്ങള്‍ കൊണ്ടുവരാവുന്ന രാജ്യങ്ങളുണ്ടെന്നും അവിടെയൊന്നും ഭക്ഷ്യ വസ്തുക്കള്‍ക്ക് കുറവില്ലെന്നും മന്ത്രസഭ വ്യക്തമാക്കി.
വിപണിയില്‍ ക്ഷാമം നേരിടുമെന്ന രീതിയില്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണം നടക്കുന്ന വേളയിലാണ് മന്ത്രിസഭയുടെ പ്രസ്താവന. ഊഹാപോഹങ്ങള്‍ പ്രചരിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ ഷോപ്പിങ് കേന്ദ്രങ്ങളില്‍ തിരക്ക് വര്‍ധിച്ചിരുന്നു. ഇക്കാര്യത്തില്‍ ഭീതിയുടെ ആവശ്യമില്ലെന്നും സമുദ്ര, ആകാശ മാര്‍ഗങ്ങള്‍ അടഞ്ഞിട്ടില്ലെന്നും പ്രസ്താവനയില്‍ പറഞ്ഞു. സാധാരണ ജീവിതത്തെ ബാധിക്കാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."