സി.പി.എം - സി.പി.ഐ പോര്: സി.പി.ഐ കോണ്‍ഗ്രസുമായി ചേര്‍ന്നു മത്സരിക്കും
നെടുമങ്ങാട്: പാങ്ങോട് സഹകരണബാങ്ക് തെരഞ്ഞെടുപ്പില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് സി.പി.എം സി.പി.ഐ പോര്. സി.പി.ഐ കോണ്‍ഗ്രസുമായി ചേര്‍ന്ന് സഹകരണ സംരക്ഷണ മുന്നണി എന്ന പേരില്‍ മത്സരിക്കും.
ഇടതുപക്ഷ പാനലില്‍ സി.പി.എം ഒറ്റയ്ക്കായി. പാങ്ങോട് സര്‍വിസ് സഹകരണബാങ്ക് ഭരണസമിതിയിലേയ്ക്കുള്ള തിരഞ്ഞെടുപ്പ് ഈ മാസം 21 നാണ് നടക്കുന്നത്. പതിനൊന്നു സീറ്റുകളില്‍ നാലെണ്ണം സി.പി.ഐ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ തവണത്തെപ്പോലെ ഒരു സീറ്റ് മാത്രമേ നല്‍കാനാകൂ എന്നാണ് സി.പി.എം ഏരിയാ കമ്മിറ്റിയുടെ നിപാട്. കഴിഞ്ഞ തവണ സീറ്റു വിഭജനം നടന്നപ്പോള്‍ സി.പി.ഐക്ക് ഒന്നും ആര്‍.എസ്.പിക്ക് ഒന്നും ബാക്കി ഒന്‍പതില്‍ സി.പി.എം അംഗങ്ങളുമാണ് വിജയിച്ചു വന്നത്.
എന്നാല്‍ ഇത്തവണ ആര്‍.എസ്.പി ഇല്ലാത്ത സാഹചര്യത്തിലും മെംബര്‍മാരുടെ എണ്ണം വര്‍ധിപ്പിക്കുന്നതിലുമായി നാല് സീറ്റ് സി.പി.ഐ ആവശ്യപ്പെട്ടത്. എന്നാല്‍ ഇത് അംഗീകരിക്കാന്‍ സി.പി.എം ഏരിയ കമ്മിറ്റി തയാറായില്ലെന്നാണ് അറിയുന്നത്. നിലവില്‍ ആര്‍.എസ്.പിക്കുണ്ടായിരുന്ന സീറ്റടക്കം പത്തു സീറ്റിലേക്കും സി.പി.എം മത്സരിക്കാനാണ് തീരുമാനം. ഇതിനെതിരേ സി.പി.ഐക്കുള്ളില്‍ അമര്‍ഷം ഉയര്‍ന്നിരുന്നു.
ഈ സാഹചര്യത്തില്‍ ഇരു പാര്‍ട്ടി നേതാക്കളും ചര്‍ച്ച നടത്തിയെങ്കിലും ധാരണയില്‍ ഒത്തു തീര്‍പ്പാവാതെ പിരിയുകയായിരുന്നു എന്നാണ് അറിയുന്നത്. ഇതേ തുടര്‍ന്നാണ് കോണ്‍ഗ്രസുമായി ചേര്‍ന്ന് സി.പി.ഐ സഹകരണ സംരക്ഷണ മുന്നണി രൂപികരിച്ചു മത്സര രംഗത്തിറങ്ങിയത്. നിലവിലെ പതിനൊന്നു സീറ്റില്‍ സി.പി.ഐ നാലു സീറ്റിലും, കോണ്‍ഗ്രസ് ഏഴു സീറ്റിലും മത്സരിക്കും. ഇതോടെ എതിര്‍ പാനലില്‍ സി.പി.എം ഒറ്റയ്ക്ക് മത്സരിക്കും.
പാങ്ങോട് പഞ്ചായത്തില്‍ സി.പി.ഐയും കോണ്‍ഗ്രസുമായുള്ള ധാരണ വരുന്ന പഞ്ചായത്ത് ഇലക്ഷനിലും മറ്റു മേഖലകളിലും തുടരാന്‍ സാധ്യതയുണ്ടെന്നാണ് സൂചന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."