ബീഫ് വിവാദം: മേഘാലയ ബി.ജെ.പിയില്‍ വീണ്ടും രാജി
ന്യൂഡല്‍ഹി: മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ബിയര്‍ ആന്റ് ബീഫ് പാര്‍ട്ടി നടത്തി ആഘോഷിക്കണം എന്ന് ഫെയ്സ് ബുക്കില്‍ കുറിച്ച മേഘാലയ ബി.ജെ.പി നേതാവ് രാജിവെച്ചു. ബച്ചു മറാക്കാണ് കേന്ദ്ര സര്‍ക്കാറിന്റെ അറവു നിയന്ത്രണത്തില്‍ പ്രതിഷേധിച്ച് രാജിവെച്ചത്. ഈ വിഷയത്തില്‍ മേഘാലയ ബി.ജെ.പിയിലെ രണ്ടാമത്തെ രാജിയാണിത്. നാല് ദിവസം മുമ്പ് വെസ്റ്റ് ഗാരോ ഹില്‍സ് ബി.ജെ.പി അധ്യക്ഷന്‍ ബെര്‍ണാഡ് മറാകും പാര്‍ട്ടി വിട്ടിരുന്നു.
എന്റെ സംസ്കാരത്തേയും പാരമ്പര്യത്തെയും അപമാനിക്കുന്ന പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന് ബച്ചു തന്റെ രാജി കത്തില്‍ വ്യക്തമാക്കി. ബി.ജെ.പി തങ്ങളുടെ ഗാരോ സംസ്കാരത്തെയും പാരമ്പര്യത്തേയും ഭക്ഷണ ശീലങ്ങളേയും പരിഗണിക്കുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗോമാംസം തങ്ങളുടെ പരമ്പരാഗത ഭക്ഷണമാണ്. ബി.ജെ.പിയുടെ മതപരമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിക്കുന്നത് സ്വീകാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
നോര്‍ത്ത് ഗാരോ ഹില്‍സിലെ ബി.ജെ.പി ജില്ല പ്രസിഡന്റാണ് ബച്ചു മറാക്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ മൂന്നാം വാര്‍ഷികം ബിയര്‍ ആന്റ് ബീഫ് പാര്‍ട്ടി നടത്തി ആഘോഷിക്കണമെന്ന് ബച്ചു നേരത്തെ തന്റെ ഫെയ്സ് ബുക്കില്‍ കുറിച്ചിരുന്നു. ഇതിന്റെ പേരില്‍ പാര്‍ട്ടി നേതൃത്വം അദ്ദേഹത്തെ ശാസിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."