പൊന്നാനി നഗരസഭാ കൗണ്‍സില്‍ ഓണ്‍ലൈനിലേക്ക്
പൊന്നാനി: പൊന്നാനി നഗരസഭാ കൗണ്‍സില്‍ നടപടികള്‍ ഓണ്‍ലൈനായി. നടപടികള്‍ ഓണ്‍ലൈനിലേക്ക് മാറ്റിയതിന് ശേഷമുള്ള ആദ്യ കൗണ്‍സില്‍ യോഗം നടന്നു.
തദ്ദേശഭരണ സ്ഥാപനങ്ങളിലെ മീറ്റിങ്ങുകള്‍ മാനേജ്‌മെന്റ് ഓണ്‍ലൈന്‍ കമ്പ്യൂട്ടറിലാക്കുന്നതിന്റെ ഭാഗമായാണ് പൊന്നാനി നഗരസഭ കൗണ്‍സില്‍ നടപടികള്‍ ഓണ്‍ലൈനിലാക്കിയത്. ഇതിനായി ഇന്‍ഫര്‍മേഷന്‍ കേരളമിഷന്‍ വികസിപ്പിച്ചെടുത്ത സകര്‍മ്മ സോഫ്റ്റ്‌വെയര്‍ നഗരസഭയില്‍ സ്ഥാപിച്ചിരുന്നു.കമ്മിറ്റി യോഗത്തിന്റെ നോട്ടീസ്, അജണ്ട, ഹാജര്‍, ചര്‍ച്ചകള്‍, തീരുമാനങ്ങള്‍ ഇവയെല്ലാം ഇനി കംപ്യൂട്ടറിലാകും.72 മണിക്കൂറിനു ശേഷം വിപുലീകരിച്ച മിനുറ്റ്‌സ് എല്ലാ സെക്ഷനുകളിലും തദ്ദേശഭരണസ്ഥാപനത്തിന്റെ കീഴിലുള്ള വിവിധ വകുപ്പുകളിലുമെത്തും.
കൗണ്‍സില്‍ യോഗത്തില്‍ ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ നേരത്തെ നല്‍കണം. അജണ്ടകള്‍ മൂന്ന് ദിവസം മുന്നെ ഓണ്‍ലൈനില്‍ ലഭിക്കും. അവതരിപ്പിക്കേണ്ട പ്രമേയങ്ങള്‍ മുന്‍കൂട്ടി നല്‍കണം.നഗരസഭയിലെ മുഴുവന്‍ കൗണ്‍സിലര്‍മാര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും യൂസര്‍ ഐഡിയും പാസ് വേര്‍ഡും കൗണ്‍സില്‍ യോഗത്തില്‍ വെച്ച് നല്‍കി.
കൗണ്‍സിലില്‍ ആദ്യ അജണ്ടയായി ഓണ്‍ലൈന്‍ നടപടികളെക്കുറിച്ച് ചെയര്‍മാന്‍ വിശദീകരിച്ചതോടെ പ്രതിപക്ഷം പ്രതിഷേധവുമായി രംഗത്തെത്തി. ആന്‍ഡ്രോയിഡ് ഫോണ്‍ പോലും ഉപയോഗിക്കാത്ത പല കൗണ്‍സിലര്‍മാരും ഉള്ള കൗണ്‍സിലില്‍ സകര്‍മ്മ സോഫ്റ്റ് വെയര്‍ പരാജയമാകുമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തി. ഇതോടെ ഭരണപക്ഷവും പ്രതിപക്ഷവും തമ്മില്‍ ഏറെ നേരം വാക്കേറ്റവും ഉടലെടുത്തു.
എന്നാല്‍ കൗണ്‍സില്‍ നടപടികള്‍ സുതാര്യമാക്കുന്നതിനായാണ് പുതിയ സോഫ്റ്റ്‌വെയര്‍ നടപ്പാക്കുന്നതെന്ന് നഗരസഭാ ചെയര്‍മാന്‍ സി.പി. മുഹമ്മദ് കുഞ്ഞി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."