പൗരാവകാശ ധ്വംസനത്തിലേക്ക് വാതില്‍ തുറന്ന് യു.എ.പി.എ
ഭീകരാക്രമണത്തിനെതിരേ നിയമങ്ങള്‍ ഉണ്ടാക്കുന്ന സര്‍ക്കാരുകള്‍ ഭീകരന്‍മാരെ നേരിടുന്നതിനുപകരം ജനാവകാശത്തിന്‍മേല്‍ കത്തിവയ്ക്കാനുള്ള അവകാശം നേടുന്നതായാണ് കഴിഞ്ഞ കാലങ്ങളില്‍ കണ്ടത്. പുതുതായി അവതരിപ്പിക്കപ്പെട്ടതും രാജ്യസഭയില്‍ പാസായതുമായ യു.എ.പി.എ (അണ്‍ലോഫുള്‍ ആക്ടിവിറ്റീസ് (പ്രിവന്‍ഷന്‍) അമെന്‍ഡ്‌മെന്‍ഡ് ബില്‍) ഭേദഗതി, പഴയ നിയമങ്ങളുടെ പിന്‍ഗാമിയാണെങ്കിലും പല്ലും നഖവും കൂടും. അത് ഉപദ്രവമേല്‍പ്പിക്കുന്നത് ആര്‍ക്കെന്ന് കാണാന്‍ അധികം കാത്തിരിക്കേണ്ടിവരില്ല.
ദശാബ്ദങ്ങളിലൂടെ വന്ന മറ്റ് രണ്ട് നിയമങ്ങള്‍ പോരായെന്നു തോന്നിയതാണ് യു.എ.പി.എ ഭേദഗതി കൊണ്ടുവരാന്‍ പ്രേരിപ്പിച്ചതെന്നാണ് ഔദ്യോഗിക ഭാഷ്യം. കേന്ദ്ര സര്‍ക്കാരിന് രാജ്യത്താകമാനം സംശയത്തിന്റെ മറവില്‍ ആരെയും കസ്റ്റഡിയിലെടുക്കാനും തടവിലാക്കാനും ഈ നിയമം അനുമതി നല്‍കുന്നു, അതും ഒരു കൃത്യം നടക്കുംമുന്‍പേ. ഭീകരവാദത്തിനെതിരേയെന്ന പേരില്‍ അവതരിപ്പിക്കപ്പെട്ട ഇത്തരം നിയമങ്ങള്‍ ഫലത്തില്‍ ഗുണകരമായിട്ടില്ലെന്നാണ് മുന്‍കാല ചരിത്രം.
പഞ്ചാബില്‍ സൈനിക പ്രശ്‌നം കൈകാര്യം ചെയ്യാനായി 1985ല്‍ രാജീവ് ഗാന്ധി സര്‍ക്കാരാണ് ടാഡ നിയമം കൊണ്ടുവന്നത്. ഈ നിയമത്തിന്റെ പഴുതില്‍ തടവിലായത് ആയിരക്കണക്കിനാളുകളാണ്. അതും ബഹുഭൂരിപക്ഷവും മുസ്‌ലിംകളും സിക്കുകാരും. ഇവരില്‍ 99 ശതമാനം പേര്‍ക്കുമെതിരേ കൃത്യമായ കുറ്റാരോപണം പോലുമുണ്ടായില്ല. പലരും നിരപരാധികളായിരുന്നുതാനും. ജാമ്യം നല്‍കാതെ ആരോപണ വിധേയരെ ഒരു പ്രത്യേക കോടതിക്ക് വിചാരണ ചെയ്യാവുന്ന നിയമമായിരുന്നു ഇത്. വിചാരണ കൂടാതെ ആരോപണവിധേയനെ കോടതിയില്‍ ചാര്‍ജ് ഷീറ്റില്ലാതെ ആറു മാസം മുതല്‍ ഒരു വര്‍ഷം വരെ കസ്റ്റഡിയിലും വയ്ക്കാം.
പൊതുജനത്തിനോ മാധ്യമങ്ങള്‍ക്കോ കാണാനാവാത്ത ഇന്‍ കാമറയിലാണ് ആരോപണ വിധേയരെ വിചാരണ ചെയ്തത്. 76166 പേരെയാണ് ടാഡ ചുമത്തി അറസ്റ്റ് ചെയ്തത്. കുറ്റവാളികളായി കണ്ടെത്തിയതോ നാലു ശതമാനം പേരെ മാത്രം. 1995ല്‍ ടാഡ നിര്‍ത്തലാക്കിയെങ്കിലും 2001ല്‍ പാര്‍ലമെന്റില്‍ ഭീകരാക്രമണമുണ്ടായതോടെ പുതിയ നിയമം വന്നു, പോട്ട. കോടതിയില്‍ ചാര്‍ജ് ഷീറ്റ് നല്‍കാതെ ആരോപണവിധേയരെ ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ കസ്റ്റഡിയില്‍ സൂക്ഷിക്കാന്‍ ഈ നിയമവും അധികാരം നല്‍കി. വാജ്‌പേയി സര്‍ക്കാരാണ് പോട്ട കൊണ്ടുവന്നത്. കസ്റ്റഡിയില്‍ വച്ച് കുറ്റസമ്മതം നടത്തുന്നതോടെ കുറ്റം ചെയ്തത് ആ വ്യക്തിയാണെന്ന് തീരുമാനിക്കപ്പെടും. 4349 കേസുകളാണ് പോട്ടയനുസരിച്ച് രജിസ്റ്റര്‍ ചെയ്തത്. 1031 പേരെ ഭീകരബന്ധമാരോപിച്ച് തടവിലാക്കി. ഇതില്‍ 13 പേരെയാണ് വിചാരണ ചെയ്യാന്‍ കഴിഞ്ഞത്.
യു.എ.പി.എ
2008ലെ മന്‍മോഹന്‍ സിങ് സര്‍ക്കാരാണ് യു.എ.പി.എ കൊണ്ടുവന്നത്. ഭീകരപ്രവര്‍ത്തനം പ്രത്യേകമായി ഉള്‍പ്പെടുത്തിയത് പോട്ടയുടെ വകുപ്പുകള്‍ ചേര്‍ത്തായിരുന്നു. 32 സംഘടനകളെ യു.എ.പി.എക്കു കീഴില്‍ ഭീകര സംഘടനകളായി ലിസ്റ്റ് ചെയ്തു. 2008ലെ മുംബൈ ഭീകരാക്രമണത്തോടെ ഭീകരപ്രവര്‍ത്തനത്തിലേര്‍പ്പെട്ടേക്കാമെന്ന പേരില്‍ ഒരു വ്യക്തിയെ ഭീകരനായി മുദ്രകുത്താമെന്ന ഗുരുതരമായ ഭേദഗതി കൊണ്ടുവന്നു. നാഷനല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുപ്രകാരം ഈ നിയമമനുസരിച്ച് രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 75 ശതമാനത്തിലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചിതരായി. മോദി സര്‍ക്കാരിന്റെ കാലത്ത് 2015ല്‍ 76 കേസെടുത്തതില്‍ 65ലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചിപ്പിക്കപ്പെട്ടു. 2016ലാവട്ടെ 33 കേസുകളില്‍ 22ലും പ്രതിചേര്‍ക്കപ്പെട്ടവര്‍ മോചനം നേടി.
പുതിയ യു.എ.പി.എ
മുന്‍ നിയമങ്ങളൊക്കെ രണ്ടു വര്‍ഷം കൂടുമ്പോള്‍ നീട്ടുകയും പരിഷ്‌കരിക്കുകയും ഭേദഗതി വരുത്തുകയും ചെയ്യാമായിരുന്നു. പുതിയ യു.എ.പി.എ നിയമത്തിന് ഇത് ബാധകമല്ല. ഇത് ഒരു സ്ഥിരനിയമമാണ്. ടാഡയും പോട്ടയും പോലെ ഇതും ദുരുപയോഗം ചെയ്യപ്പെടുമെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നതും ഇതുകാരണമാണ്.
മുന്‍ നിയമങ്ങളിലൊക്കെ സംഘടനകളെയോ ഗ്രൂപ്പുകളെയോ ആണ് ഭീകര പട്ടികയില്‍ പെടുത്തിയത്. വ്യക്തിയെ ഭീകരനായി പ്രഖ്യാപിക്കുന്നതാണ് പുതിയ നിയമം. ഭീകര ബന്ധം ചുമത്തി പിടികൂടുന്നവരെ പിന്നീട് മോചിപ്പിച്ചാലും എന്തിന് പിടികൂടിയെന്നതിന് വിശദീകരണമില്ല. രാജ്യരക്ഷയെന്ന പേരില്‍ സുരക്ഷാ സേനകള്‍ക്ക് ഈ വകുപ്പുകള്‍ സംരക്ഷണം നല്‍കുന്നു. യു.എന്നിന്റെ 2006ലെ ഭീകര വിരുദ്ധ നിയമത്തിന്റെ ചുവടുപിടിച്ചാണ് ഈ നിയമമെന്നാണ് കേന്ദ്രം വിശദീകരിക്കുന്നത്. എന്നാല്‍ ഭീകരപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടണമെങ്കില്‍ ഒരു വ്യക്തിയുടെ പ്രവര്‍ത്തങ്ങള്‍ വിനാശകരമായിരിക്കണം. ഒരു സര്‍ക്കാരിനെയോ അന്താരാഷ്ട്ര സംഘടനയെയോ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ നിന്ന് തടയാന്‍ ഉദ്ദേശിച്ചോ ജനങ്ങളെ ഭീതിപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനമോ എന്തെങ്കിലും പ്രത്യേക പ്രത്യയശാസ്ത്രത്തിനായുള്ളതോ ആയിരിക്കണം. ഈ മൂന്നു കാര്യങ്ങളിലൂന്നിയാണ് യു.എന്‍ നിയമം. യു.എ.പി.എയിലാവട്ടെ, പൊതുഭരണവിഭാഗം നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതികളെ എന്തെങ്കിലും അക്രമ മാര്‍ഗത്തിലൂടെയോ മറ്റോ തടയാന്‍ ശ്രമിക്കുന്നത് ഇതിന്റെ പരിധിയില്‍ പെടുത്തിയിരിക്കുന്നു.
കശ്മിരിലെ 370ാം വകുപ്പ് റദ്ദാക്കിയതും നിലവിലെ അവസ്ഥയും ഇവിടെ കൂട്ടിവായിക്കാം. ഒരാളുടെ മരണത്തിലേക്കോ പരുക്കുകളിലേക്കോ നയിക്കാവുന്ന പ്രവര്‍ത്തനം, വസ്തുവകകള്‍ക്ക് വരുത്തുന്ന നാശനഷ്ടം തുടങ്ങിയവയും ഈ നിയമത്തില്‍ വരുന്നു. ഭീതിയുണ്ടാക്കുന്നതോ ഭീഷണിപ്പെടുത്തുന്നതോ ആയ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പട്ടേക്കുമെന്ന് സംശയിക്കുന്ന വ്യക്തിയേയോ ആക്ടിവിസ്റ്റിനെയോ ഈ നിയമത്തില്‍പെടുത്താം. പൊലിസ് ഉദ്യോഗസ്ഥര്‍ക്ക് തോന്നിയാല്‍ രേഖകളില്ലാതെ ഒരാളുടെ വീട്ടില്‍ പരിശോധന നടത്താനും പിടിച്ചെടുക്കാനും അറസ്റ്റ് ചെയ്യാനും നിയമത്തിലൂടെ സാധിക്കും. പൗരന്റെ സ്വകാര്യതയിലും വ്യക്തിജീവിതത്തിലേക്കും നിയമത്തിന്റെ കാണാച്ചരട് എത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."