ഹൈറുന്നിസക്ക് വീടൊരുക്കാന്‍ എം.എ യൂസഫലി 10 ലക്ഷം നല്‍കി
കൊടുവള്ളി: കൊടുവള്ളി നൂരിയ്യ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രൈനിങ് സെന്ററിലെ വിദ്യാര്‍ഥി ഹൈറുന്നിസക്കും കുടുംബത്തിനും വീടൊരുക്കാന്‍ പ്രവാസി വ്യവസായി എം.എ യൂസഫലി 10 ലക്ഷം രൂപ നല്‍കി.
നൂരിയ്യ പ്രീ പ്രൈമറി ടീച്ചേഴ്‌സ് ട്രൈനിങ് സെന്ററില്‍ ചേര്‍ന്നതോടെയാണ് ഹൈറുന്നിസയുടെയും കുടുംബത്തിന്റെയും ദുരിത ജീവിതം പുറത്തറിയുന്നത്. ക്ലാസില്‍ ഉച്ചഭക്ഷണം പതിവായി കൊണ്ടുവരാതിരുന്നതിന്റെ കാരണം അധ്യാപകരും വിദ്യാര്‍ഥികളും അന്വേഷിച്ചപ്പോഴാണ് കുട്ടിയുടെ കുടുംബത്തിന്റെ ദുരിതത്തിന്റെ ആഴം വ്യക്തമായത്. തുടര്‍ന്ന് നൂരിയ്യ ചെയര്‍മാന്‍ നവാസ് ദാരിമി ഓമശ്ശേരിയുടെ നേതൃത്വത്തില്‍ വീട് സന്ദര്‍ശിച്ചപ്പോഴാണ് ഞെട്ടിക്കുന്ന വിവരം അവരറിയുന്നത്. മാനസിക രോഗിയായ ഒരുമ്മയും കല്യാണപ്രായമെത്തിയ ഹൈറുന്നിസയും താമസിക്കുന്നത് വീഴാനായ ഒരു ചെറ്റക്കുടിലിലായിരുന്നു.
ഇവരുടെ ഈ നരക ജീവിതം സ്ഥാപന മേധാവികളെയും അധ്യാപകരെയും വിദ്യാര്‍ഥികളെയും ഒരു പോലെ വേദനിപ്പിച്ചു. ഇവര്‍ക്ക് അന്തിയുറങ്ങാന്‍ ഒരു വീട് നിര്‍മിച്ച് നല്‍കണമെന്ന തീരുമത്വുമായാണ് ആ വീട്ടില്‍നിന്നു അവര്‍ ഇറങ്ങിയത്. സൗജന്യമായി തുടര്‍പഠനം സ്‌കൂള്‍ ഏറ്റെടുത്തു. പലയാളുകളും സഹായഹസ്തവുമായി വന്നതിനെ തുടര്‍ന്ന് വീടിന്റെ പണി തുടങ്ങി.
തറയുടെ പണി കഴിഞ്ഞപ്പോഴാണ് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസുഫലി അദ്ദേഹത്തിന്റെ പ്രതിനിധി പി.പി പക്കര്‍ കോയ മുഖേന സംരംഭത്തിലേക്ക് 10 ലക്ഷം രൂപ ഓഫര്‍ ചെയ്യുന്നത്.
എം.എ യൂസുഫലിയുടെ 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറല്‍ ചടങ്ങ് കൊടുവള്ളി നൂരിയ്യ പി.പി.ടി.ടി.സി സെന്ററില്‍ നടന്നു. കാരാട്ട് റസാഖ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കൊടുവള്ളി മുനിസിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ എ.പി മജീദ് മാസ്റ്റര്‍ അധ്യക്ഷനായി. ലുലു ഗ്രൂപ്പ് പ്രതിനിധി പി.പി പക്കര്‍ കോയ കോഴിക്കോട് 10 ലക്ഷം രൂപയുടെ ചെക്ക് ഹൈറുന്നിസയെ ഏല്‍പ്പിച്ചു.
കൊടുവള്ളി മുനിസിപ്പാലിറ്റി ചെയര്‍പേഴ്‌സണ്‍ ഷരീഫാ കണ്ണാടിപൊയില്‍ മുഖ്യാതിഥിയായി. നൂരിയ്യ ചെയര്‍മാന്‍ നവാസ് ദാരിമി ഓമശ്ശേരി നൂരിയ്യ ചാരിറ്റി ട്രസ്റ്റിന്റെ പദ്ധതി വിശദീകരിച്ചു. ബഷീര്‍ റഹ്മാനി തിരുവമ്പാടി മുഖ്യപ്രഭാഷണം നടത്തി, കെ.കെ.എ ഖാദര്‍, ടി.പി നാസര്‍, നസീഫ് പാലക്കുറ്റി, ടി.എന്‍ അബ്ദുറസാഖ്, ഖമറുദ്ദീന്‍ വാഫി, ഐ.പി നാസര്‍, റഈസ് ഹുദവി പാലക്കുറ്റി, സിറാജുന്നിസ നവാസ്, റഫീന വാവാട് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."