വനിതാ കമ്മിഷന്‍ മെഗാ അദാലത്ത്: 21 പരാതികള്‍ തീര്‍പ്പാക്കി
കാസര്‍കോട്: സംസ്ഥാന വനിതാ കമ്മിഷന്‍ ജില്ലയില്‍ നടത്തിയ മെഗാ അദാലത്തില്‍ 21 പരാതികള്‍ തീര്‍പ്പാക്കി. ഇന്നലെ കാസര്‍കോട് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ വനിതാ കമ്മിഷന്‍ അംഗം ഡോ. ലിസി ജോസിന്റെ അധ്യക്ഷതയില്‍ നടന്ന മെഗാ അദാലത്തില്‍ ആകെ 51 പരാതികളാണ് സ്വീകരിച്ചത്. തീര്‍പ്പാകാത്ത പരാതികളില്‍ പൊലിസിനോടും വിവിധ വകുപ്പ് മേധാവികളോടും അന്വേഷിച്ചു റിപ്പോര്‍ട്ട് ഹാജരാക്കാന്‍ കമ്മിഷന്‍ നിര്‍ദേശിച്ചു.
കുടുംബപ്രശ്‌നങ്ങളെ തുടര്‍ന്നു പരാതിയുമായെത്തിയ നാലു ദമ്പതികളെ കൗണ്‍സിലിങിന് അയച്ചു. യുവതിയെ സാമൂഹിക മാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തിയ യുവാവിനെതിരേ നടപടിയെടുക്കാന്‍ പൊലിസിനോട് ആവശ്യപ്പെട്ടു. വൃദ്ധദമ്പതികളെ സംരക്ഷിക്കുന്നില്ലെന്ന പരാതിയിലും വൃദ്ധരായ ദമ്പതികളെ സഹോദരങ്ങള്‍ ഉപദ്രവിക്കുന്നുവെന്ന പരാതിയിലും പൊലിസിനോട് അന്വേഷിച്ചു നടപടിയെടുക്കുവാനും കമ്മിഷന്‍ നിര്‍ദേശിച്ചു.
നീര്‍ത്തട പദ്ധതി പ്രകാരം വാഴക്കൃഷി നടത്തിയ ബേഡഡുക്ക കൊളത്തൂരിലെ പൗര്‍ണമി ജെ.എല്‍.ജിയിലെ അഞ്ചു സ്ത്രീകള്‍ക്കു ലഭിക്കേണ്ട 14400 രൂപ രണ്ടു വര്‍ഷം കഴിഞ്ഞിട്ടും ലഭിച്ചില്ലെന്ന പരാതിയില്‍ ഒരു മാസത്തിനകം പരിഹാരം കാണാന്‍ കാറഡുക്ക ബ്ലോക്ക് ഡെവലപ്പ്‌മെന്റ് ഓഫിസറോട് ആവശ്യപ്പെട്ടു. ഉദുമ പഞ്ചായത്തിലെ വൈസ് പ്രസിഡന്റിനെതിരേ പഞ്ചായത്ത് സി.ഡി.പി.ഒ നല്‍കിയ പരാതിയിലും തീര്‍പ്പായി. പരാതി പഞ്ചായത്ത് പ്രസിഡന്റിന്റെ സാന്നിധ്യത്തിലാണ് തീര്‍പ്പാക്കിയത്.
അദാലത്തില്‍ എ.ഡി.എം കെ. അംബുജാക്ഷന്‍, ജില്ലാ സാമൂഹിക നീതി ഓഫിസര്‍ പി. ഡീനാ ഭരതന്‍, ലീഗല്‍ അഡൈ്വസറി കമ്മിറ്റി അംഗങ്ങളായ അഡ്വ. പ്രസന്നാ മണികണ്ഠന്‍, അഡ്വ. ജോണ്‍ എബ്രഹാം, വനിത സെല്‍ ഉദ്യോഗസ്ഥര്‍, കൗണ്‍സലര്‍മാര്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."